പാലക്കാട് : ‘‘ദാ, ഈ ചുമരും മേൽക്കൂരയും കണ്ടോ... എന്ന് തലയിൽവീഴുമെന്നറിയില്ല. മഴപെയ്താൽ ഞങ്ങൾക്ക് നെഞ്ചിടിപ്പാണ്. പുതിയൊരു വീടുവെക്കാൻ സ്ഥലംകിട്ടിയപ്പൊ സന്തോഷിച്ചതാ. പക്ഷേ, അവിടെയിപ്പോ കാലുകുത്താനാവില്ല. മുഴുവൻ കാട്ടാനയാണ്. പിന്നെ എങ്ങനെ ജീവിക്കാനാണ് അവിടെ...?
ഇത് മലമ്പുഴ എസ്.പി. ലൈനിൽ താമസിക്കുന്ന, എലകുത്താൻപാറ നിവാസികളായ നാഗന്റെയും (56) ഭാര്യ കമലാക്ഷിയുടെയും (52) മാത്രം സങ്കടമല്ല. സ്വന്തമായി ഒരുതുണ്ട് ഭൂമിയും വീടും സ്വപ്നംകണ്ട് കാത്തിരുന്ന, പട്ടികവർഗവിഭാഗത്തിലുള്ള 92 കുടുംബങ്ങളുടെ നിസ്സഹായതയാണ്.
സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് വീടുവെച്ച് താമസിക്കാൻ 2021-ൽ പട്ടികവർഗ വികസനവകുപ്പ് നൽകിയ പുതുശ്ശേരി ഇളമ്പരക്കാട്ടിലുള്ള ഭൂമി ഇന്ന് കാടായിമാറി. കാട്ടിൽനിന്ന് പുഴകടന്ന് ആനകളിറങ്ങിയതോടെ 19.78 ഏക്കർ ആനത്താവളമായി. ആളുകൾ നടന്നുപോകാൻപോലും പേടിക്കുന്ന ഇവിടെ എങ്ങനെ വീടുവെച്ച് താമസിക്കുമെന്നാണ് കുടുംബങ്ങളുടെ ചോദ്യം.
ജില്ലയിലെ പലേടങ്ങളിൽനിന്നുള്ള ഭൂരഹിതർക്കായി, 21.5 സെന്റുവീതമാണ് പതിച്ചുനൽകിയത്. അന്ന് കുറച്ച് മരങ്ങളൊക്കെയെ ഉണ്ടായിരുന്നുള്ളൂവെന്നും മുറിച്ചുമാറ്റിയാൽ കേസ് വരുമോയെന്ന പേടികൊണ്ട് അതിന് പലരും മുതിർന്നില്ലെന്നും കുടുംബങ്ങൾ പറയുന്നു. പഞ്ചായത്തിന്റെയടക്കം സഹായത്തോടെ ചിലർ വീടുപണി തുടങ്ങി. എന്നാൽ, താമസം തുടങ്ങുകയോ പണി പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. സഹായങ്ങളും റോഡോ വെള്ളമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ പ്രദേശത്തില്ല. എങ്ങനെ ജീവിക്കുമെന്നോർത്ത് പലരും ഇപ്പോഴും വീടുപണി തുടങ്ങിയിട്ടില്ല. ഒറ്റയ്‌ക്ക് താമസിക്കാൻ പേടിയുള്ളവരും സ്ഥലത്തേക്ക് പോയില്ല.
സ്ഥലത്ത് നിലവിൽ വൈദ്യുതിയുണ്ടെന്നത് മാത്രമാണ് ആശ്വാസം. നല്ലൊരു വഴിയും സൗകര്യങ്ങളുമൊരുക്കാൻ അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.
ചർച്ച ചെയ്യും
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യജീവിപ്രശ്നംകൊണ്ട് ആളുകൾ അവിടെ താമസിക്കാൻ തയ്യാറാവുന്നില്ല. കിട്ടിയപണംകൊണ്ട് ചിലർ വീടുവെച്ചെങ്കിലും ചിലർ പാഴാക്കിക്കളഞ്ഞു. കാട്ടാന വരാതിരിക്കാൻ പുഴയോടുചേർന്ന് ഉയരത്തിൽ അരികുഭിത്തികെട്ടുന്നത് ആലോചനയിലുണ്ട്. പഞ്ചായത്ത്, വനംവകുപ്പ്, ഇറിഗേഷൻ എന്നിവരുടെ സംയുക്തയോഗം ചേർന്ന് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എങ്ങനെ ഒരുക്കാമെന്ന് ചർച്ചചെയ്യും. സർക്കാരിന്റെ പുതിയ ഭവനപദ്ധതിയിലുൾപ്പെടുത്തി വീടുകൾ നൽകുന്ന കാര്യവും ആലോചിക്കും
-പട്ടികവർഗ വികസനവകുപ്പ്
അധികൃതർ
Published: 03 Nov 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented