പറവൂർ : പെരിയാറിൽനിന്നും ചാലക്കുടി പുഴയിലേക്ക് ഓരുജലം കയറുന്നത് തടയുന്നതിനായി നിർമിക്കുന്ന എളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം ഇഴയുന്നു.
ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കുടിവെള്ള പമ്പിങ് നിലച്ചതിനാൽ പുത്തൻവേലിക്കര പഞ്ചായത്ത് പ്രദേശം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായി. ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണമുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനത്തിന് അത് ലഭ്യമാകുന്നില്ല. പണംകൊടുത്താണ് പലരും ഇപ്പോൾ വെള്ളം വാങ്ങുന്നത്. കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ വർഷങ്ങളായി തകർന്നതാണ് ഉപ്പുവെള്ളം കയറാൻ ഇടയാക്കുന്നത്. അതിന് വേനൽക്കാലത്ത് താത്കാലിക പരിഹാരമായാണ് മണൽബണ്ട് കെട്ടുന്നത്.
ഇക്കുറി ഒരു മാസത്തോളമായി െഡ്രജ്ജിങ് ആരംഭിച്ചെങ്കിലും ബണ്ട് പൂർത്തിയാകാകാൻ ഇനിയും സമയം ഏറെയെടുക്കും. പുഴയിൽനിന്ന് ആവശ്യത്തിന് മണൽ ലഭിക്കാത്തതാണ് ബണ്ടിന്റെ പണിക്ക് കാലതാമസം നേരിടുന്നതിന് കാരണമായി പറയുന്നത്. ഇക്കുറി തുലാവർഷം കാര്യമായി ലഭിക്കാതെ വന്നതും പുഴയിലെ അനധികൃത മണലെടുപ്പും ഓരുജലം പതിവിലുമധികം കൂടുതൽ കയറാൻ ഇടയാക്കിയിട്ടുണ്ട്. വലിയൊരു പ്രദേശത്തെ കൃഷിയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.
ജല അതോറിറ്റിയിൽ നിന്നുള്ള കുടിവെള്ളമാണ് ടാങ്കർ ലോറികളിൽ എത്തിക്കുന്നത്. പ്രധാന റോഡുകളിൽ മാത്രമാണ് ഇത് ലഭ്യമാകുന്നത്. ഇടറോഡുകളിൽ വാഹനം കയറാത്തതിനാൽ അവിടെ ജലവിതരണമില്ല. നാലുദിവസം ഇടവിട്ടാണ് വെള്ളമെത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് ആവശ്യത്തിന് കുടിവെള്ളമെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകണമെന്നാണ് ആവശ്യം. കൂടുതൽ െഡ്രജ്ജറുകൾ കൊണ്ടുവന്ന് മണൽബണ്ട് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജലക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
Published: 24 Nov 2026, 03:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented