കൃഷിനാശം മൂലം ധാരാളംപേർ കൃഷി അവസാനിപ്പിച്ച് സ്ഥലമുപേക്ഷിച്ച് പോകുന്നതായി നാട്ടുകാർ

To advertise here,

പരിയാരം : ജനവാസമേഖലകളായ മോതിരക്കണ്ണിയിലും പീലാർമുഴിയിലും കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രി 8.30-ഓടെ പീലാർമുഴി റോഡിലൂടെ കടന്നുപോയ കാട്ടാനകൾ രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി സമീപത്തെ പറമ്പുകളിലെ കൃഷിക്കും നിർമിതികൾക്കും നാശമുണ്ടാക്കി.

മോതിരക്കണ്ണി അങ്കണവാടിക്കുസമീപം കരിപ്പായി ജോയിയുടെ 10-ഓളം കൊള്ളിക്കടകളും സമീപത്തെ പ്ലാവും ഉയരം കുറഞ്ഞ മതിലും നശിപ്പിച്ചു. കൂഞ്ഞക്കാരൻ പോളിയുടെയും ചെറിയ മതിൽ തകർത്തു. വട്ടോലി ബിജുവിന്റെ തേക്ക്, റബ്ബർ മരങ്ങൾ, വട്ടോലി കൊച്ചുമാതുവിന്റെ ഏതാനും റബ്ബർ മരങ്ങളും ഒരാഴ്ചയ്ക്കിടെ നശിപ്പിച്ചു. മോതിരക്കണ്ണി സ്വദേശി ലില്ലി ആഗസ്തിയുടെ എട്ട് റബ്ബറുകളാണ് തിങ്കളാഴ്ച പുലർച്ചെ നശിപ്പിച്ചത്. രണ്ടു വർഷത്തിനിടെ ഇവരുടെ 200-ഓളം റബ്ബർ മരങ്ങളും സംരക്ഷണവേലിക്കായി സ്ഥാപിച്ച 12 അടി ഉയരമുള്ള നൂറോളം വാർക്കക്കാലുകളും മുള്ളുവേലികളും നശിപ്പിച്ചിട്ടുണ്ട്.

വൈദ്യുതിവേലി ഇല്ലാതായി

പീലാർമുഴി, മോതിരക്കണ്ണി മേഖലയിലെ വൈദ്യുതിവേലി പലയിടത്തും തകർന്നു തരിപ്പണമായി കിടക്കുകയാണ്. കാട്ടാനശല്യം തടയാനായി എട്ടുവർഷംമുൻപ് സ്ഥാപിച്ച വൈദ്യുതിവേലി തീർത്തും പ്രവർത്തനരഹിതമാണ്. വൈദ്യുതിവേലിക്കുമുകളിൽ മരം മറിച്ചിട്ടോ മരച്ചില്ലകൾ ഒടിച്ചിട്ടോ ആണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇത് ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയിരുന്നു. എന്നാൽ, രണ്ടുവർഷമായി പരിപാലനമില്ലെന്നാണ് പരാതി.

കാട്ടാനകളെ തടയാൻ നടപടിയില്ല

പീലാർമുഴിക്ക് സമീപം ചായ്പൻകുഴി ഫോറസ്റ്റ് സ്‌റ്റേഷന് സമീപം 2025 ഡിസംബർ എട്ടിന് തെക്കൂടൻ സുബ്രൻ (75) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രകോപിതരായ നാട്ടുകാർ ചായ്പൻകുഴി ഫോറസ്റ്റ് സ്‌റ്റേഷൻ ആക്രമിച്ചിരുന്നു. എങ്കിലും കാട്ടാനശല്യം തടയാൻ യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് പരാതി. പരിയാരം പഞ്ചായത്തിലെ കുമ്പളാംമുടി മലക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

ആളുകൾ കൃഷിയും വീടും ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. കൊന്നക്കുഴിയിൽ 15-ലേറെ പേർ വീടുപേക്ഷിച്ചുപോയി. നിരവധി കർഷകർ മലയോരമേഖലയിലെ കൃഷി ഉപേക്ഷിച്ചതോടെ കാടുപിടിച്ച പറമ്പുകളിൽ തമ്പടിക്കുന്നതിനാൽ വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കിറങ്ങാൻ കൂടുതൽ എളുപ്പമാകുന്നു.

പ്രഖ്യാപനങ്ങൾ നടപ്പായില്ല

രണ്ടുവർഷംമുൻപ് മോതിരക്കണ്ണി, പീലാർമുഴി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായതോടെ ആക്ഷൻ സമിതിയുണ്ടാക്കി പ്രതിഷേധപരിപാടികൾ നടത്തിയിരുന്നു. യോഗത്തിൽ വൈദ്യുതിവേലി നിർമാണത്തിന് എം.പി.യും എം.എൽ.എ.യും ലക്ഷങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായിട്ടില്ല.

മൃഗങ്ങളുടെ എണ്ണവും ശല്യവും വർധിക്കുന്നതിനുസരിച്ച് ഉദ്യോഗസ്ഥരുടെയും ആർ.ആർ.ടി.യുടെയും അംഗബലം വർധിപ്പിക്കുന്നില്ല. കാട്ടാനകളെ തുരത്താൻ ഉദ്യോഗസ്ഥർക്ക് പടക്കമല്ലാതെ മറ്റ് ഉപകരണങ്ങളുമില്ല. കാട്ടാനകളെ തുരത്താൻ മൂന്നോ നാലോ ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചും ഒച്ചവെച്ചും കാട്ടാനകളെ ഓടിക്കുന്നുണ്ടെങ്കിലും ഉൾക്കാട്ടിലേക്ക് തുരത്താത്തതിനാൽ പരിസരം ശാന്തമാകുന്നതോടെ കാട്ടാനകൾ കൂട്ടത്തോടെ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതാണ് പതിവ്.

ഫോറസ്റ്റ് സ്‌റ്റേഷൻ സ്ഥാപിക്കണം

: മോതിരക്കണ്ണിയിലോ പീലാർമുഴിയിലോ ഫോറസ്റ്റ് സ്‌റ്റേഷൻ ആരംഭിക്കണം, ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടണം, അനുയോജ്യമായ സ്ഥലങ്ങളിൽ കിടങ്ങും മറ്റിടങ്ങളിൽ തൂക്കുവേലിയും സ്ഥാപിക്കണം. പട്രോളിങ് ശക്തമാക്കുകയും നിലവിലെ വൈദ്യുതിവേലി പുനഃസ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുകയുമാണ് ഉടൻ ചെയ്യേണ്ടത്.

ജനവാസമേഖലയിലെ കാട്ടാനശല്യത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസിലേക്ക് ആർ.ജെ.ഡി. പരിയാരം മേഖലാ കമ്മിറ്റി മാർച്ച് നടത്തുമെന്ന് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോൺസൻ മോറേലിയും പരിയാരം പഞ്ചായത്തംഗം ജോസഫ് കർത്തനാടനും അറിയിച്ചു.