ചേർപ്പ് : ഒരു പകൽനീണ്ട പ്രതിഷേധങ്ങൾക്കിടെ ചന്ത നവീകരണത്തിന് തുടക്കമിട്ട് മൂന്നു കടകൾ ചേർപ്പ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഒഴിപ്പിച്ച് സീൽ ചെയ്തു. ചന്തയുടെ കവാടത്തിലെ രണ്ടു കടകളും ചന്തയ്ക്കുള്ളിൽ വാടകക്കുടിശ്ശിക വരുത്തിയ ഒരു കടയുമാണ് ഒഴിപ്പിച്ചത്.
നടപടികൾ എളുപ്പമാക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ ചേർപ്പ് പോലീസ് കരുതൽത്തടങ്കലിലാക്കി. തിങ്കളാഴ്ച രാവിലെ പത്തരയോടെ തുടങ്ങിയ കട ഒഴിപ്പിക്കലും പ്രതിഷേധവും കരുതൽത്തടങ്കലും വൈകീട്ട് അഞ്ചര വരെ തുടർന്നു.
രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾത്തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥന്റെ നേതൃത്വത്തിൽ ഭാരവാഹികളും വ്യാപാരികളും ഒഴിപ്പിക്കൽ തടയാനുള്ള ശ്രമം തുടങ്ങിയിരുന്നു. മുദ്രാവാക്യം വിളികളോടെ ഇവർ കടകൾക്കുമുൻപിൽ പ്രതിഷേധിച്ചു. ഇത് സംഘർഷത്തിനിടയാക്കി. ഇതോടെ പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, ജനറൽ സെക്രട്ടറി പി. അരുൺ, യൂത്ത് വിങ് പ്രസിഡന്റ് കെ.ജി. രതീഷ്, വ്യാപാരി സത്യൻ എന്നിവരെ പോലീസ് കരുതൽത്തടങ്കലിലാക്കി.
കടയിലെ സാധനങ്ങൾ മാറ്റുന്നതിനിടെ നടത്തിപ്പുകാരൻ ചേർപ്പ് തളിക്കുളം റോബിൻസ(44)ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോലീസ് ജീപ്പിൽ ഇയാളെ ചേർപ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജിന്റെ നേതൃത്വത്തിൽ ഭരണസമിതിയും സെക്രട്ടറി എ.വി. മുംതാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും എസ്.ഐ. അമൽ ജോയിയുടെ നേതൃത്വത്തിൽ പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു. കടകളിലെ സാധനങ്ങൾ ചന്തയ്ക്കുള്ളിലെ പഞ്ചായത്ത് മുറികളിലേക്ക് മാറ്റിയാണ് കടകൾ സീൽ ചെയ്തത്.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധിച്ചു
തൃശ്ശൂർ : പുനരധിവാസം നൽകാതെ ചേർപ്പ് പഞ്ചായത്തിന്റെ മാർക്കറ്റ് നവീകരിക്കാനെന്ന പേരിൽ വ്യാപാരികളെ അറസ്റ്റുചെയ്യുകയും കടകൾ നിർബന്ധപൂർവം പിടിച്ചെടുക്കുകയും ചെയ്ത നടപടിയെ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അപലപിച്ചു.
ജനപ്രതിനിധിക്കു ചേരാത്ത വിധമാണ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് പ്രവർത്തിച്ചതെന്നും യോഗം ആരോപിച്ചു. കോടതിയിൽനിന്നുള്ള സ്റ്റേ നിലനിൽക്കെയാണ് നടപടി.
വ്യാപാരികളുമായി ചർച്ചചെയ്ത് പുനരധിവാസ പാക്കേജിന് രൂപം നൽകിയാൽ അതുമായി സഹകരിക്കാൻ വ്യാപാരികൾ തയ്യാറാണ്. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമാരംഭിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് അധ്യക്ഷനായി. ജില്ലാ ജനറൽസെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ട്രഷറർ ജോയ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.
Published: 17 Nov 2026, 02:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented