നാളെ അഞ്ചാംതിരുനാൾ
പാലക്കാട് : അഗ്രഹാരവീഥികൾക്ക് ഭക്തിഭാവം ചൊരിയുന്ന രാവെഴുന്നള്ളത്തുകൾ, മോഹനരാഗങ്ങൾ നിറയുന്ന സംഗീതസദസ്സുകൾ, വേദങ്ങൾ മുഖരിതമാകുന്ന വേദപാരായണങ്ങൾ... തേരുരുളും മുൻപേ, കല്പാത്തി ആഘോഷലഹരിയിലാണ്. വ്യാഴാഴ്ച അഞ്ചാംതിരുനാൾ ആഘോഷിക്കുന്നതോടെ രഥോത്സവ ആവേശം വാനോളമെത്തും.
കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം, പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്ച വൈകീട്ടും ഉത്സവമൂർത്തിയുടെ എഴുന്നള്ളത്തും പ്രദക്ഷിണവും നടന്നു.
ചാത്തപുരത്ത് നടക്കുന്ന കലാസാംസ്കാരിക പരിപാടിയിൽ ചൊവ്വാഴ്ച കോങ്ങാട് സായ്കൃഷ്ണന്റെ സംഗീതക്കച്ചേരി അരങ്ങിലെത്തി. ശേഷം, എസ്. ശ്രീലക്ഷ്മി, കവിത ഈശ്വരൻ എന്നിവരുടെ സംഗീതക്കച്ചേരിയും നടന്നു. രണ്ട് കച്ചേരികൾക്കും ശാന്തി പരശുറാം (വയലിൻ), ശ്രീഹരി ശ്രീവത്സൻ (മൃദംഗം) എന്നിവർ പക്കവാദ്യമൊരുക്കി.
പുണ്യക്കാഴ്ചയായി ആഞ്ജനേയവാഹന അലങ്കാരം
പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെ ആഞ്ജനേയവാഹന അലങ്കാരം വിശ്വാസികൾക്ക് പുണ്യക്കാഴ്ചയായി. വടമാലകളും വെറ്റിലയും കോർത്താണ് ഉത്സവമൂർത്തിയെ അലങ്കരിച്ചത്.
ചാത്തപുരത്ത് ഇന്ന്
ചാത്തപുരം കലാസാംസ്കാരിക ഉത്സവത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് സൗമ്യ പെരിമ്പടാരി നാരായണൻ സംഗീതക്കച്ചേരി നടത്തും.
മനംനിറച്ച് ദേശീയ സംഗീതോത്സവം
ആസ്വാദകരുടെ മനംനിറച്ച് കല്പാത്തി ദേശീയ സംഗീതോത്സവം. രണ്ടാംദിനമായ ചൊവ്വാഴ്ച വൈകീട്ട് ചിറ്റൂർ ഗവ. കോളേജിലെ സംഗീതവിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഗീതക്കച്ചേരി നടന്നു. തുടർന്ന്, റിത്വിക് രാജ അവതരിപ്പിച്ച സംഗീതക്കച്ചേരിയും അരങ്ങിലെത്തി. വൈറ്റൽ രംഗൻ (വയലിൻ), ജെ. വൈദ്യനാഥൻ (മൃദംഗം), എസ്. കാർത്തിക് (ഘടം) എന്നിവർ പക്കമേളമൊരുക്കി.
സംഗീതോത്സവത്തിൽ ഇന്ന്
രാഘവ് കൃഷ്ണ അവതരിപ്പിക്കുന്ന മാൻഡലിൻ കച്ചേരി വൈകീട്ട് 5.00.
അമൃത മുരളിയുടെ സംഗീതക്കച്ചേരി 7.00.
കല്പാത്തിയിൽ ഇന്ന്
വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം: മഹാന്യാസ പുരസ്സരം, ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാര ദീപാരാധന, യാഗശാലപൂജ, അഷ്ടബലി, വേദപാരായണം രാവിലെ 7.00, ഷോഡശ്ശ ഉപചാരപൂജ, വിശേഷാൽ അലങ്കാരം, യാഗശാലപൂജ, വേദപാരായണം, അഷ്ടബലി, ഗ്രാമപ്രദക്ഷിണം വൈകീട്ട് 6.00.
പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം: ഗരുഡവാഹന അലങ്കാരം, വിഘ്നേശ്വരപൂജാ സങ്കല്പം 8.30, കളഭാഭിഷേകം 11.00, എഴുന്നള്ളത്ത് രാത്രി 9.00.
പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം: യാഗശാലാ പൂജകൾ 6.00, വേദപാരായണം, രുദ്രാഭിഷേകം 8.00, കലശാഭിഷേകം 11.00, വേദപാരായണം വൈകീട്ട് 4.00, രുദ്രക്രമാർച്ചന 6.45, സ്വാമി എഴുന്നള്ളത്ത് രാത്രി 8.30.
ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രം: മഹാഗണപതിഹോമം 6.00, യാഗശാല പുണ്യാഹം, യാഗശാലപൂജ, രുദ്രാഭിഷേകം, അഗ്നി ആരാധന, ചതുർവേദ പാരായണം 8.30, ഉത്സവബലി 11.00, യാഗശാല പുണ്യാഹം, യാഗശാലപൂജ വൈകീട്ട് 6.00, അഗ്നി ആരാധന, പുഷ്പാഭിഷേകം, ചതുർവേദപാരായണം 7.00, ഉത്സവബലി രാത്രി 8.00, സ്വാമി ഗ്രാമപ്രദക്ഷിണം 9.00.
ധ്വജങ്ങൾ സമർപ്പിച്ചു
പാലക്കാട് : കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ പ്രധാന മൂന്ന് രഥങ്ങളിലും ചാർത്താനുള്ള ധ്വജങ്ങൾ വിവേകാനന്ദ ദാർശനികസമാജം സമർപ്പിച്ചു.
ചടങ്ങിൽ വിവേകാനന്ദ ദാർശനികസമാജം സ്ഥാപകനും തദ്വനം ആശ്രമാധ്യക്ഷനുമായ ജയകുമാർ രാമകൃഷ്ണൻ, ക്ഷേത്രകാര്യക്കാരായ പാലക്കാട്ടുശ്ശേരി രാജവംശ പ്രതിനിധികളായ സുജിത്ത് വർമ, രാജേന്ദ്രവർമ എന്നിവർക്ക് ധ്വജങ്ങൾ കൈമാറി. വിവേകാനന്ദ ദാർശനികസമാജം പ്രസിഡന്റ് എൻ. നന്ദകുമാർ, വൈസ് പ്രസിഡന്റ് കെ.എൻ. സതീഷ്, ട്രസ്റ്റിമാരായ ബി. പ്രഭു, വി. മണികണ്ഠൻ, സുൻഷുഗോയ് എന്നിവർ പങ്കെടുത്തു.
Published: 11 Nov 2026, 03:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented