കാക്കനാട് : കാക്കനാട്-പള്ളിക്കര റോഡിൽ ടോറസ് ലോറിയുടെ പിൻഭാഗത്തെ ക്ലിപ്പ് വിട്ടതോടെ റോഡിൽ മെറ്റൽപ്പൂരം. തെങ്ങോട് ബൈബിൾ കോളേജ് ജങ്ഷൻ മുതൽ മനയ്ക്കക്കടവ് ജങ്ഷൻവരെ റോഡിൽ മെറ്റൽ പരന്നതോടെ വാഹനയാത്രക്കാർ ദുരിതത്തിലായി. ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.

To advertise here,

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് പള്ളിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിൻഭാഗത്തെ ക്ലിപ്പ് ഇളകിമാറിയതോടെയാണ് വണ്ടിയിലുണ്ടായിരുന്ന മെറ്റൽ റോഡിലേക്ക് വീണത്. റോഡിൽ മെറ്റൽ കൂടുതൽ ദൂരത്തിലേക്ക്‌ പരന്നതോടെ ഇരുചക്രവാഹനങ്ങളടക്കം നിയന്ത്രണംവിട്ട് മറിഞ്ഞു. രണ്ടുമൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും കാര്യമായ പരിക്കേറ്റില്ല. സംഭവത്തിനു പിന്നാലെ നാട്ടുകാർ ടിപ്പർ ലോറി തടഞ്ഞുവെച്ചു.

ഫയർഫോഴ്സും പ്രദേശവാസികളും തൊഴിലാളി യൂണിയൻ പ്രവർത്തകരും യാത്രക്കാരും ഒരുമിച്ച് രംഗത്തിറങ്ങി. റോഡിൽ ചിതറിക്കിടന്ന മെറ്റൽ നീക്കംചെയ്യാൻ കൂട്ടായ പരിശ്രമം വേണ്ടിവന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ റോഡ് ഗതാഗതയോഗ്യമാക്കിയതോടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.