നികത്തുന്നത് നാലേക്കറോളം കൃഷിഭൂമി

To advertise here,

70 ഏക്കറിലെ നെൽക്കൃഷി പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

ചിറ്റൂർ : പട്ടഞ്ചേരി വടക്കേക്കുളത്തിനുസമീപം നാലേക്കറോളം വരുന്ന നെൽവയൽ മണ്ണിട്ടുനികത്തി പ്ലോട്ടുകളാക്കി വിൽക്കാൻ ശ്രമിക്കുന്നതായി പരാതി. കൃഷിഭൂമിയാണെന്ന വിവരം മറച്ചുവെച്ച് പുരയിടമായി ചിത്രീകരിച്ച് വിൽപ്പന നടത്താനാണ് ശ്രമമെന്ന് ആരോപിച്ച് കരിപ്പാലി പാടശേഖരസമിതി താലൂക്ക് തഹസിൽദാർക്ക് പരാതിനൽകി.

ഏകദേശം നാലേക്കറോളം വരുന്ന ഭൂമി ഇതിനകം നികത്തിയതായും ബാക്കി ഭാഗങ്ങളിൽ പണിനടക്കുന്നതായും കർഷകർ ആരോപിക്കുന്നു. ഈ ഭൂമിയിൽ രണ്ടുവർഷം മുൻപുവരെ കൃഷി നടത്തിയിരുന്നു. സർക്കാർ വിള ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്ന കൃഷിഭൂമിയാണിതെന്നും പരാതിയിൽ പറയുന്നു.

കാർഷികാവശ്യങ്ങൾക്കും കുളിക്കാനും പൊതുജനങ്ങൾ ഉപയോഗിക്കുന്ന വടക്കേക്കുളത്തിൽനിന്നുള്ള വെള്ളമാണ് പ്രദേശത്തെ കർഷകർ കൃഷിക്ക് ആശ്രയിക്കുന്നത്. മഴക്കാലത്ത് കുളം നിറഞ്ഞാൽ കുളത്തിന്റെ തെക്കുഭാഗത്തെ ഓവുവഴി വെള്ളം പുറത്തേക്ക് ഒഴുക്കിവിടാറുണ്ട്. തെക്കുഭാഗത്തെ ഭൂമി നികത്തിയതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്നും കുളം നിറഞ്ഞ് പടിഞ്ഞാറുഭാഗത്തെ ബണ്ട് തകരാൻ സാധ്യതയുണ്ടെന്നും കർഷകർ ആശങ്കപ്പെടുന്നു. ഇത് താഴ്ഭാഗത്തെ 70 ഏക്കറോളം വരുന്ന നെൽക്കൃഷിക്ക് വലിയ നാശനഷ്ടമുണ്ടാക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ആൽത്തറ ഓവിൽനിന്നുവരുന്ന ഇറിഗേഷൻ വെള്ളം കൃഷിയാവശ്യത്തിനായി ഒഴുകുന്നതും ഈ നികത്തുന്ന സ്ഥലത്തിലൂടെയാണ്. നികത്തുന്നതോടെ അതും തടസ്സപ്പെടും. കൃഷിക്കാർക്ക് കൃഷിചെയ്യാൻ പറ്റാതെ തരിശിടേണ്ട അവസ്ഥയുണ്ടാകും.

ഭൂമിയുടെ യഥാർഥ സ്ഥിതി പരിശോധിച്ച് അനധികൃത നികത്തൽ തടയണമെന്നും കൃഷിയോഗ്യമായ ഭൂമിയും ജലസംഭരണ സംവിധാനങ്ങളും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി അധികൃതരോട് ആവശ്യപ്പെട്ടു.

അതേസമയം, രേഖപ്രകാരം ഇത് പുരയിടമാണ് എന്നാണ് വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട്. രേഖ പരിശോധിച്ചതിൽ എന്തെങ്കിലും തരത്തിൽ പിശക് പറ്റിയിട്ടുണ്ടെങ്കിൽ വീണ്ടും പരിശോധിച്ച് വേണ്ടനടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ ബി. ഗോപകുമാർ പറഞ്ഞു.