പാലക്കാട് : കേരളത്തിന്റെ പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിന്റെ അടയാളമാണ് കല്പാത്തിയെന്നും സംഗീതോത്സവത്തിന് സർക്കാർ നൽകിവന്നിരുന്ന സാമ്പത്തികസഹായം പുനഃസ്ഥാപിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന കല്പാത്തി ദേശീയ സംഗീതോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംഗീതോത്സവസമയത്ത് രണ്ടുതവണ ടൂറിസം വകുപ്പിൽനിന്ന് ധനസഹായം നൽകിയിരുന്നെങ്കിലും പിന്നീട് അത് നിലച്ചു. മുടങ്ങിയസഹായം ഈവർഷംമുതൽ അനുവദിക്കും. വിഷയവുമായി ബന്ധപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എം.പി.യും രമേഷ് പിഷാരടി എം.എൽ.എ.യും ഉയർത്തിയ ആവശ്യം അംഗീകരിച്ചാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കല്പാത്തിയിലെ സംഗീതോത്സവം കലാകാരന്മാരുടെ ആത്മാർഥമായ അർച്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല്പാത്തിയുടെ പൈതൃകവും സംഗീതപെരുമയും രാജ്യത്തിനാകെ അഭിമാനമാണെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന മന്ത്രി കെ.എ. തുളസി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ രമേഷ് പിഷാരടി എം.എൽ.എ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി. മുഖ്യതിഥിയായി. കളക്ടർ കെ. സുധീർ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പി. സ്മിതേഷ്, നഗരസഭാ കൗൺസിലർ ഷറീഫ് റഹ്മാൻ, സംഘാടകസമിതി ജനറൽ കൺവീനർ പി.എൻ. സുബ്ബരാമൻ, ജോ. ജനറൽ കൺവീനർ കരിമ്പുഴ രാമൻ, ഡി.ടി.പി.സി. സെക്രട്ടറി എസ്.വി. സിൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.
കല്പാത്തി ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേക സജ്ജീകരിച്ച വേദിയായ ഡോ. സി.വി. കൃഷ്ണമൂർത്തി നഗറിലാണ് സംഗീതോത്സവം നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനുശേഷം മൈസൂർ നാഗരാജും മൈസൂർ മഞ്ജുനാഥും അവതരിപ്പിച്ച വയലിൻ ഡ്യുയറ്റ് അരങ്ങിലെത്തി. അനന്ത ആർ. കൃഷ്ണൻ (മൃദംഗം), വാഴപ്പള്ളി ആർ. കൃഷ്ണകുമാർ (ഘടം) എന്നിവർ പക്കമേളമൊരുക്കി.
Published: 10 Nov 2026, 03:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented