വരാപ്പുഴ : കോട്ടുവള്ളി-നോർത്ത് പറവൂർ പൊതുമരാമത്തുറോഡിനെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന തിരുമുപ്പം-ആറാട്ട്കടവ് പാലം റോഡ് നിത്യക്കുരുക്കിൽ.
തികച്ചും ഗ്രാമീണ പാതയായിരുന്ന തിരുമുപ്പം- ആറാട്ട്കടവ് റോഡിന്റെ പലഭാഗത്തും കഷ്ടി ഒരു ബസിന് കടന്നുപോകാൻ മാത്രമുള്ള വീതിയാണുള്ളത്. റോഡിലൂടെയിപ്പോൾ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കോട്ടുവള്ളി-വരാപ്പുഴ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറാട്ടുകടവ് പാലം നിർമിച്ചതോടെയാണ് തിരുമുപ്പം- ആറാട്ടുകടവ് റോഡിൽ വാഹനത്തിരക്കേറിയത്.
പാലം തുറന്നതോടെ ഏഴിക്കര, പറവൂർ, കൈതാരം, കോട്ടുവള്ളി ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള എളുപ്പവഴിയായി. ഇതോടെ ദേശീയപാതയുടെ സമാന്തരപാതയായി കോട്ടുവള്ളി-നോർത്ത് പറവൂർ പൊതുമരാമത്ത് റോഡ് മാറുകയും ചെയ്തു.
ദേശീയപാതയുടെ വികസന ജോലികൾ ആരംഭിച്ചതോടെയാണ് തിരുമുപ്പം-ആറാട്ടുകടവ് പാലം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പതിന്മടങ്ങ് വർധനയുണ്ടായത്. ദേശീയപാതയിലെ നിരന്തര കുരുക്കിൽനിന്നും രക്ഷപ്പെടാനായി ഏറിയപങ്ക് യാത്രക്കാരുമിപ്പോൾ ആശ്രയിക്കുന്നത് ആറാട്ടുകടവുപാലം കടന്ന് കോട്ടുവള്ളി-നോർത്ത് പറവൂർ പൊതുമരാമത്ത് റോഡിനെയാണ്.
ദേശീയപാതയിൽ അപകടങ്ങൾ സംഭവിക്കുമ്പോഴും വൻതോതിലുള്ള കുരുക്ക് അനുഭവപ്പെടുമ്പോഴും വാഹനങ്ങൾ പൂർണമായും തിരിച്ചുവിടുന്നതും തിരുമുപ്പം-ആറാട്ടുകടവ് പാലം വഴിയാണ്. ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകളോളം കുരുക്കിൽ കിടന്നാൽ മാത്രമേ കടന്നുപോകാനാവുകയുള്ളൂ.
വീതി കുറഞ്ഞ റോഡിലൂടെ കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ഒട്ടേറെ വളവുകളും തിരിവുകളുമുള്ള ഇവിടെ വലിയവാഹനങ്ങൾ തിരിച്ചെടുക്കാൻതന്നെ ഏറെ പ്രയാസകരമാണ്. ഇതുമൂലമുണ്ടാകുന്ന കുരുക്കും ഇവിടെ പതിവാണ്.
തിരുമുപ്പം-ആറാട്ടുകടവ് പാലം റോഡിന്റെ വീതി കൂട്ടി വളവുകളും തിരുവുകളും നേരേയാക്കാനായാൽ മാത്രമേ നിലവിലുള്ള ഗതാഗതക്കുരുക്കിനു ശമനമാവുകയുള്ളു.
Published: 11 Nov 2026, 03:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented