ഷൊർണൂർ : നിർത്താതെയുള്ള റെയിൽവേയുടെ സൈറൻ മുഴങ്ങിയാൽ സ്റ്റേഷൻ പരിസരത്തുള്ളവരുടെ മനസ്സിൽ ഭീതിയാണ്. എവിടെയോ തീവണ്ടിയപകടമുണ്ടായെന്ന മുന്നറിയിപ്പാണിത്.

To advertise here,

വ്യാഴാഴ്ച രാവിലെ നിർത്താതെ സൈറൻ മുഴങ്ങി. അല്പസമയത്തിനകം ലോക്കോ ഷെഡ്ഡിനു സമീപം തീവണ്ടിയുടെ ബോ​ഗിയിൽനിന്ന് തീ ഉയരുന്നതും കണ്ടു. അപ്പോഴേക്കും അ​ഗ്നിരക്ഷാസേനയും ആംബുലൻസും പോലീസും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ളവർ അപകടസ്ഥലത്തെത്തി. മറിഞ്ഞുകിടക്കുന്ന തീവണ്ടിയുടെ ബോഗികൾക്കുള്ളിൽനിന്ന് പരിക്കേറ്റവരെ പുറത്തെത്തിച്ചു.

ആംബുലൻസുകൾ ചീറിപ്പാഞ്ഞു. പോലീസും റെയിൽവേ ജീവനക്കാരും എല്ലാ സഹായങ്ങളും ഒരുക്കി. കണ്ടുനിന്നവർക്ക് ഒടുവിലാണ് മനസ്സിലായത്, റെയിൽവേയുടെ മോക്‌ഡ്രില്ലായിരുന്നു അപകടമെന്നത്. തീവണ്ടിയപകടമുണ്ടായാൽ സജ്ജമാകേണ്ട റെയിൽവേയുടെ രക്ഷാപ്രവർത്തക ദൗത്യസംഘത്തിന്റെ കാര്യക്ഷമതാ പരിശോധനയായിരുന്നു വ്യാഴാഴ്ച നടന്നത്.

അടിയന്തരസാഹചര്യങ്ങളുണ്ടായാൽ എങ്ങനെ കാര്യങ്ങൾ ഏകോപിപ്പിക്കണം, അപകടത്തിൽപ്പെടുന്നവരെ എങ്ങനെ രക്ഷപ്പെടുത്തണം, അടിയന്തരസംവിധാനങ്ങളുടെ കാര്യക്ഷമത എങ്ങനെ ഉറപ്പാക്കണം തുടങ്ങിയവ പരിശോധിക്കുന്നതിനായാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

റെയിൽവേ ഡിവിണഷൽ മാനേജർ മധുകർ റാവത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അപകട രക്ഷാദൗത്യസംഘത്തിന്റെ കാര്യക്ഷമതാ പരിശോധന.