പാലക്കാട് : തമിഴ്നാട്ടിലെ ആളിയാർ ഡാമിൽനിന്ന് അന്തർസംസ്ഥാന നദീജലക്കരാർ പ്രകാരം ലഭ്യമാവുന്ന വെള്ളം ഭാരതപ്പുഴയിലേക്കും ചിറ്റൂർ മേഖലയിലെ നെൽക്കൃഷിക്കും വിതരണംചെയ്യുന്ന സംസ്ഥാനാതിർത്തിയിലെ മൂലത്തറ റെഗുലേറ്ററിൽ നവീകരണം. പുഴയിലേക്കു തുറക്കുന്ന 13 ഷട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി, ജലവിതരണം കൃത്യമാക്കാനുള്ള ജോലികളാണ് ചെയ്യുക. ഇതോടൊപ്പം കൃഷിക്ക് ജലവിതരണം നടത്തുന്ന മൂലത്തറ ഇടതുകര പ്രധാനകനാലിലെ സാങ്കേതികസംവിധാനങ്ങളും കേടുപാടുകൾ തീർത്ത് പ്രവർത്തനസജ്ജമാക്കും.
ഡാം സുരക്ഷാപദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളാണ് റെഗുലേറ്റർ നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലമ്പുഴ ജലസേചനവിഭാഗത്തിലെ മെക്കാനിക്കൽ വർക്ക്ഷോപ്പ് ഡിവിഷനാണ് ജോലികളുടെ ചുമതല. ചിറ്റൂർ മേഖലയിലെ 20,000 ഹെക്ടർ നെൽക്കൃഷിക്ക് ജലസേചനത്തിനായി 1972-ൽ നിർമിച്ച മൂലത്തറ റെഗുലേറ്ററിന്റെ ഒരുഭാഗം 2009-ലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. തുടർന്ന് 64 കോടി ചെലവിട്ട് പുതുക്കിപ്പണിത റെഗുലേറ്റർ 2020 ജൂണിലാണ് ഉദ്ഘാടനംചെയ്തത്. ഇടതുകര കനാൽ (എൽ.ബി.സി.), വലതുകര കനാൽ (ആർ.ബി.സി.) എന്നിവ വഴിയാണ് കൃഷിയാവശ്യത്തിനുള്ള വെള്ളം റെഗുലേറ്റർ വഴി തിരിച്ചുവിടുന്നത്.
13 ഷട്ടറുകൾക്കു പുറമേ ഇവ ഉയർത്താനുപയോഗിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിനും അറ്റകുറ്റപ്പണി നടത്തും. ഇതോടൊപ്പം ഇടതുകര പ്രധാന കനാൽവഴി വെള്ളം തുറന്നുവിടുന്നതിന് ഉപയോഗിച്ചുവരുന്ന മൂന്ന് ഷട്ടറുകളുടെയും കാര്യക്ഷമത ഉയർത്താനുള്ള അറ്റകുറ്റപ്പണികളും നടത്തും. സാങ്കേതിക ഉപകരണങ്ങളുടെ അലൈൻമെന്റുകളിൽ പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.
ഷട്ടർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഹൈഡ്രോളിക്, വൈദ്യുത സംവിധാനങ്ങളുടെ ക്ഷമതയും പരിശോധിക്കും. ഇടതുകര കനാൽ േഗറ്റുകളുടെ ചില ഗിയർബോക്സുകൾക്ക് കേടുപാടുകളുള്ളതായി നേരത്തേ നടന്ന പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവ മാറ്റിസ്ഥാപിക്കാനും നടപടി സ്വീകരിക്കും.
സാങ്കേതികവിഭാഗം അറ്റകുറ്റപ്പണികൾക്ക് ഏജൻസിയെ കരാർ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തുന്നതിനുള്ള ദർഘാസ് നടപടി ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്ക് 12.54 ലക്ഷംരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.
Published: 16 Oct 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented