ആലത്തൂർ : 17,050 ഹെക്ടറിലെ ജലസേചനത്തിനുള്ള ഇടതുകനാലിലേക്ക് മലമ്പുഴഡാം ബുധനാഴ്ച തുറക്കുമെങ്കിലും ചേരാമംഗലം ജലസേചനപദ്ധതിയുടെ ആറ്റാല തടയണയിലേക്ക് വെള്ളംവിടില്ല. ഇതിനുള്ള ജലശേഖരം മലമ്പുഴഡാമിൽ ഇല്ലെന്നാണ് കനാൽവിഭാഗം എൻജിനിയർമാർ അറിയിച്ചത്. 226 ദശലക്ഷം ഘനയടി ശേഷിയുള്ള ഡാമിൽ ഇപ്പോഴുള്ളത് 113 ദശലക്ഷം ഘനയടി വെള്ളംമാത്രം. കർഷകർ ആവശ്യപ്പെടുന്ന പ്രകാരം ഒന്നാംവിള നെൽക്കൃഷിക്കായി 20 ദിവസം ഡാം തുറന്നാൽ, 25 ദശലക്ഷം ഘനയടി വെള്ളം ഒഴുക്കണം. ശേഷിക്കുന്ന വെള്ളം അടുത്ത മഴക്കാലംവരെയുള്ള കുടിവെള്ള ആവശ്യത്തിന് കരുതൽശേഖരമാണ്.

To advertise here,

ചേരാമംഗലം ജലസേചനപദ്ധതി ഗായത്രിപ്പുഴയിലെ വെള്ളവും മലമ്പുഴ കനാൽവെള്ളവും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വേനലിൽ ഗായത്രിപ്പുഴയിൽ നീരൊഴുക്ക് നിലച്ചാൽ മലമ്പുഴ കനാലിന്റെ കൊടുവായൂർ ശാഖയിലെ തൂറ്റിപ്പാടത്തുനിന്ന് ഗായത്രിപ്പുഴയിലേക്ക് വെള്ളം ഇറക്കിയാണ് ചേരാമംഗലം ആറ്റാല തടയണ നിറയ്ക്കുക.

 

ആറ്റാലമുതൽ കാവശ്ശേരി വക്കീൽപ്പടിവരെ നീളുന്ന 15.54 കിലോമീറ്റർ പ്രധാനകനാലാണ് ചേരാമംഗലം പദ്ധതിയുടേത്. 1951-ൽ ആരംഭിച്ച പദ്ധതിയെ ആശ്രയിച്ചാണ് മേലാർകോട്, എരിമയൂർ, ആലത്തൂർ, കാവശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിലെ 980 ഹെക്ടർ കൃഷിയിടത്തെ ജലസേചനം. 4.3 കിലോമീറ്റർ വരുന്ന മലക്കുളം-കുമ്പളക്കോട്, മൂന്നുകിലോമീറ്റർ ദൈർഘ്യമുള്ള വക്കീൽപ്പടി-വടക്കേത്തറ, 2.8 കിലോമീറ്ററുള്ള ഇരട്ടക്കുളം-എരകുളം എന്നീ ശാഖാ കനാലുകളും വിവിധ പാടശേഖരങ്ങളിലേക്കുള്ള 18 കാഡാ കനാലുകളും പദ്ധതിയുടെ ഭാഗമാണ്. കാവശ്ശേരി ആനമാറി, കാക്കമ്പാറ, എരകുളം എന്നിവയാണ് വാലറ്റ പ്രദേശങ്ങൾ. ഇവിടെ കൃഷിയുണക്കം പതിവാണ്.

വെള്ളമുള്ളപ്പോഴും പ്രശ്നം

മലമ്പുഴ പദ്ധതിയിൽനിന്ന് ചേരാമംഗലം അണയിലേക്ക് 1974-ലെ വാട്ടർ ആൻഡ് പവർ വകുപ്പിന്റെ ഉത്തരവ് പ്രകാരം 12 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ലഭിക്കേണ്ടത്. ഇതിന്റെ പകുതിപോലും കിട്ടാറില്ല. മലമ്പുഴ പദ്ധതിയുടെ ആയക്കെട്ടിൽ ചേരാമംഗലം ആയക്കെട്ട് ഉൾപ്പെടുത്തിയിട്ടില്ലാത്തതാണ് കൂടുതൽ വെള്ളം കിട്ടാനുള്ള തടസ്സം.

ഗായത്രിപ്പുഴയിലെ ചേരാമംഗലം ആറ്റാല തടയണയിൽനിന്ന് കനാൽവഴി വിതരണംചെയ്യുന്ന 60 ശതമാനം വെള്ളവും പാഴാകുന്നതായി നേരത്തേ കൃഷി, ജലസേചന വിഭാഗങ്ങൾ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്ന 37 സ്ലൂയിസുകൾ നന്നാക്കിയെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. ഇരട്ടക്കുളം-മലക്കുളം പാത പുനരുദ്ധരിച്ചപ്പോൾ കനാലും സ്ലൂയിസും തമ്മിലുണ്ടായ ഉയരവ്യത്യാസം കാരണം കാവശ്ശേരി ഭാഗത്തേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടാറുണ്ട്.