പൊതുപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസ്

To advertise here,

തിരുപ്പൂർ : തിരുപ്പൂരിനുസമീപം കരുങ്കമ്പാളയത്ത് പൊതുപ്രവർത്തകൻ കൂടിയായ നെയ്ത്തുതൊഴിലാളിയെ വണ്ടി ഇടിച്ചുകൊന്ന കുറ്റത്തിന് സാമളാപുരം ടൗൺ പഞ്ചായത്ത് ചെയർമാന് ജീവപര്യന്തം തടവും 10,000 പിഴയും. എസ്. പളനിസാമിയെയാണ് (60) അഡീഷണൽ ജഡ്ജി കനകരാജ് ശിക്ഷിച്ചത്.

സി.പി.എമ്മിലായിരുന്ന പളനിസാമി പിന്നീട് സ്വന്തന്ത്രനായി മത്സരിച്ച് ജയിച്ചശേഷം ഡി.എം.കെ.യുടെ പിന്തുണയോടെ ടൗൺ പഞ്ചായത്ത് അധ്യക്ഷനാവുകയായിരുന്നു. ഇയാൾ പിന്നീട് ഡി.എം.കെ.യിൽ ചേരുകയുംചെയ്തു. കരുങ്കമ്പാളയം സ്വദേശിയായ നെയ്ത്തു തൊഴിലാളിയും പൊതുപ്രവർത്തകനുമായ കെ. പളനിസാമിയാണ് (57) കൊല്ലപ്പെട്ടത്. 2025 സെപ്റ്റംബർ 10-നാണ് സംഭവം. കരുങ്കമ്പാളയത്തുള്ള ഒരു സ്‌കൂളിന് സമീപം കെ. പളനിസാമി ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിൻവശം ഒരു കാർ വന്നിടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു. പരിക്കേറ്റ പളനിസാമിയെ ആശുപത്രിയിലെത്തി​െച്ചങ്കിലും രക്ഷിക്കാനായില്ല. മരണത്തിൽ സംശയമുണ്ടെന്ന് പറഞ്ഞു കുടുംബാംഗങ്ങൾ മംഗലം പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേസിൽ വഴിത്തിരിവുണ്ടായത്.

ടൗൺ പഞ്ചായത്ത് ചെയർമാൻ പളനിസാമി മദ്യലഹരിയിൽ ആഡംബര കാർ ഓടിച്ചുവന്ന് മനഃപൂർവം സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഒരു റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് പൊതുപ്രവർത്തകനായ പളനിസാമി കളക്ടർക്ക് പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് കാർ കൊണ്ടുപോയി ഇടിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. പൊതുപ്രവർത്തകൻ കൊടുത്ത പരാതിക്ക്‌ പിന്നാലെ ജില്ലാ ഭരണകൂടം ഇടപ്പെട്ട് റോഡ് നിർമാണപദ്ധതി നിർത്തിവെച്ചിരുന്നു.

ടൗൺ പഞ്ചായത്ത് ചെയർമാനെ കേസിൽ അറസ്റ്റുചെയ്തശേഷവും പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചശേഷവും ഇയാളെ പദവിയിൽനിന്ന് നീക്കം ചെയ്തിരുന്നില്ല.