പാലക്കാട്: മണൽപ്പരപ്പിലൂടെ നൂലുപോലെ ഒഴുകുന്ന നിളയും കടന്ന്, ഒറ്റപ്പാലം ചളവറ മുണ്ടക്കോട്ടുകുറുശ്ശിയിലെത്തുമ്പോൾ സമയം മൂന്നരയായി. എന്നിട്ടും ഉച്ചവെയിലിന്റെ ചൂടിന്‌ കുറവില്ല. ജില്ലയുടെ മറ്റിടങ്ങളിലെല്ലാം ഒന്നാംവിളകൊയ്ത്ത് അടുക്കാറായെങ്കിലും കുഞ്ഞുക്കുറുശ്ശി ഭാഗത്തെ നെൽപ്പാടങ്ങളിൽ കൃഷി തുടങ്ങുന്നേയുള്ളൂ. ‘‘ഇവിടുത്തെ കർഷകർ ഒറ്റത്തവണയേ നെൽക്കൃഷിയിറക്കാറുള്ളൂ. ഓണക്കാലത്തെ പച്ചക്കറിക്കൃഷി കഴിഞ്ഞാൽ രണ്ടാംവിളയായി നെൽക്കൃഷി തുടങ്ങും. ഇക്കുറി നിലമൊരുക്കി ഞാറ്റടി തയ്യാറാക്കിയെങ്കിലും മഴ പെയ്യാത്തതിനാൽ നടീൽ തുടങ്ങാനായിട്ടില്ല. ഞാറ്റടി ഉണങ്ങാതിരിക്കാൻ ഇപ്പോൾ കുഴൽക്കിണറിൽനിന്ന്‌ വെള്ളമടിക്കേണ്ട സ്ഥിതിയാണ്’’ -15 ഏക്കറിൽ കൃഷിയിറക്കാമെന്നുപ്രതീക്ഷിച്ച് പണിതുടങ്ങിയ മുഹമ്മദ് മുസ്തഫ (62), പാടത്തേക്ക് വെള്ളം പമ്പുചെയ്യുന്നതിനിടെ സങ്കടം പറഞ്ഞു.

To advertise here,

മഴയും കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള കനാൽവെള്ളവും കുഴൽക്കിണറുകളും ആശ്രയിച്ചാണ് ചളവറക്കാരുടെ നെൽക്കൃഷി. മുൻകാലങ്ങളിലെല്ലാം മൂന്നുതവണ നെല്ല് കൊയ്തെടുത്ത പാടങ്ങളിൽ ജലക്ഷാമവും കൃഷിനാശവുമൊക്കെക്കൊണ്ട് കൃഷി വർഷത്തിലൊരിക്കലായി. ഇക്കുറി തുടക്കത്തിൽത്തന്നെ മഴക്കുറവ് നേരിട്ടതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കർഷകർ.

‘‘കഴിഞ്ഞ കുറച്ചുവർഷമായി വേനൽക്കാലത്ത് തണ്ണിമത്തൻകൃഷി ചെയ്യാറാണ് പതിവ്. അതുകഴിഞ്ഞാൽ പച്ചക്കറിക്കൃഷിയിറക്കും. വിളവെടുത്താൽപ്പിന്നെ പാടത്ത് നെൽക്കൃഷിയാരംഭിക്കും. സെപ്റ്റംബർമുതൽ ജനുവരിവരെ നീളുന്ന കൃഷിക്ക് തുടക്കത്തിൽ മഴയാണ് ആശ്രയം. പിന്നീട് കനാൽവെള്ളവും കുഴൽക്കിണർ വെള്ളവുമെല്ലാം ഉപയോഗിച്ച് കൊയ്തെടുക്കാറാണ് പതിവ്. ഇക്കുറി മഴ ചതിച്ചു. മൂന്നരയാഴ്ചമുൻപ് തയ്യാറാക്കിയ ഞാറ്റടി നടാനായില്ല. നാലാഴ്ചയ്‌ക്കുള്ളിലെങ്കിലും നട്ടാലേ നല്ലവിളവ് കിട്ടൂ. മൂപ്പ് കൂടിയാൽ ഗുണവും വിളവും കുറയും. പല ഞാറുകളും കനത്തചൂടിൽ മുരടിപ്പ് നേരിടുന്നുമുണ്ട്’’ - മുഹമ്മദ് മുസ്തഫ പറഞ്ഞു.

മുന്നൂറേക്കറിലേറെ കൃഷിയിറക്കുന്ന ചളവറയിലേക്കുള്ള കനാലുകൾ നന്നാക്കാത്തതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. വാലറ്റപ്രദേശമായ ഇവിടേക്കുള്ള കനാലുകളിലെല്ലാം പാഴ്‌ച്ചെടികൾ വളർന്നുകിടക്കയാണ്. കൃഷിയാരംഭിച്ചിട്ടും മഴയില്ലാതെവന്നാൽ ഇക്കുറി അടിയന്തരമായി കനാൽവെള്ളം വേണ്ടിവരും. കനാൽ വേഗം നന്നാക്കാതിരുന്നാൽ വർഷത്തിലൊരിക്കലുള്ള നെൽക്കൃഷിയും ഇല്ലാതാവുമെന്ന് കർഷകർ പറയുന്നു.