പുതിയ സമയക്രമത്തിൽ പുലർച്ചെ 4.30 മുതൽ വൈകീട്ട് 6.30 വരെ ടിക്കറ്റുകൾ കിട്ടും
പെരിന്തൽമണ്ണ : സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സൂര്യോദയവും അസ്തമയവും കാണാൻ കഴിയുന്ന രീതിയിൽ പുതിയ സമയക്രമം നിലവിൽ വന്നു.
പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കളക്ടർ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പുലർച്ചെ 4.30 മുതൽ വൈകീട്ട് 6.30 വരെ ടിക്കറ്റുകൾ ലഭ്യമാകും.
രാത്രി 7.30-ഓടെ സന്ദർശകർ മലയിൽനിന്ന് പുറത്തിറങ്ങണം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം ഉണ്ടായിരിക്കും. നജീബ് കാന്തപുരം എം.എൽ.എ.യുടെ പ്രത്യേക മുൻകൈയിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ കൊടികുത്തിമല സംസ്ഥാനത്തെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി വളരുമെന്നും കൂടുതൽ വികസന പദ്ധതികൾ ഇവിടെ നടപ്പാകുമെന്നും എം.എൽ.എ. പറഞ്ഞു.
നേരത്തെ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്ന പ്രവേശനം. മൺസൂൺ കഴിഞ്ഞാൽ കൊടികുത്തിമലയിലെ പ്രധാന ടൂറിസ്റ്റ് സീസൺ കോട പുത്തഞ്ഞ് കിടക്കുന്ന നവംബർ-ഡിസംബർ-ജനുവരി സമയമാണ്. പെരിന്തൽമണ്ണയിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കൊടികുത്തിമല നഗരപരിധിയിലെ അപൂർവം ഹിൽ സ്റ്റേഷനുകളിലൊന്നാണ്.
രണ്ടു വർഷം; രണ്ടരലക്ഷം സഞ്ചാരികൾ
രണ്ട് വർഷം കൊണ്ട് രണ്ടരലക്ഷത്തിലേറെ സഞ്ചാരികളെത്തുകയും മൂന്ന് വർഷം കൊണ്ട് ടിക്കറ്റ് വിൽപ്പനയിലൂടെ ഒരു കോടിയിലേറെ വരുമാനം ലഭിക്കുകയും ചെയ്തു എന്നത് കൊടികുത്തിമലയുടെ ജനപ്രീതി വ്യക്തമാക്കുന്നതാണ്. പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട് റോഡിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ അമ്മിനിക്കാട് എത്താം. അമ്മിനിക്കാട് നിന്ന് ഇടത്തോട്ട് വീണ്ടും അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ താഴേക്കോട് പഞ്ചായത്തിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം. പ്രവേശനകവാടത്തിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽനിന്ന് ഒന്നര കിലോമീറ്റർ കാൽനടയായിവേണം മുകളിലെത്താൻ. മുകളിലെ വാച്ച് ടവറിൽനിന്നുള്ള കാഴ്ചയും ഒന്നര കിലോമീറ്റർ നട്ടപ്പാതയിലൂടെയുള്ള യാത്രയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
360 ഡിഗ്രി വാച്ച് ടവർ
ശുദ്ധവായു ശ്വസിച്ചുകൊണ്ട് പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഈ നടത്തം നല്ലൊരു വ്യായാമം കൂടിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഓരോ ചുവടിലും എത്ര കലോറി ഉപയോഗിക്കപ്പെട്ടു എന്ന് കാണിക്കുന്ന ബോർഡും വഴിനീളെ കാണാമെന്നത് കൊടികുത്തിമല യാത്രയുടെ കൗതുകങ്ങളിലൊന്നാണ്. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും മരത്തണലും ആവോളം ഉള്ളതിനാൽ സമയമെടുത്ത് പതുക്കെ മല കയറിയാൽ മതിയാവും. കയറി മുകളിലെത്തിയാൽ മലനിരകളും പുഴയും ജനവാസകേന്ദ്രങ്ങളും കടലുമെല്ലാം കാഴ്ചയിൽ തെളിയുന്ന സുന്ദരനിമിഷമാണ്.
360 ഡിഗ്രി കാഴ്ച നൽകുന്ന വാച്ച് ടവറാണ് മലമുകളിലെ പ്രധാന ആകർഷണം. വനം വകുപ്പും നാട്ടുകാരും ചേർന്നുള്ള വനസംരക്ഷണസമിതിയാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും നിർവഹിക്കുന്നത്.
അവധിദിവസങ്ങളിൽ 500-700 വരെ സഞ്ചാരികളെത്തുന്നുണ്ട്.
പ്ലാസ്റ്റിക് നിരോധനം മികച്ച രീതിയിൽ നടപ്പാക്കപ്പെടുന്ന ഒരു കേന്ദ്രം കൂടിയാണിത്.
Published: 03 Oct 2026, 02:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented