പാലക്കാട് : പൈതൃകപ്പെരുമയുടെ രഥോത്സവത്തിന് കല്പാത്തി അഗ്രഹാരത്തിൽ കൊടിയേറ്റി. കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലും മറ്റു ഗ്രാമക്ഷേത്രങ്ങളായ പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിലും പഴയകല്പാത്തി ലക്ഷ്മിനാരായണ പെരുമാൾക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതിക്ഷേത്രത്തിലുമാണ് കൊടിയേറ്റിയത്.

To advertise here,

12-ന് അഞ്ചാം തിരുനാളാഘോഷം നടക്കും. അന്ന് അർധരാത്രിയോടെ ഗ്രാമദേവതകൾ പുതിയകല്പാത്തി അഗ്രഹാരവീഥിയിൽ മുഖാമുഖമെത്തും. 14-നാണ് ഒന്നാംതേര്. 15-ന് രണ്ടാംതേരാണ്.

മൂന്നാംതേരുനാളായ 16-ന് സന്ധ്യയ്ക്ക് ദേവരഥസംഗമം നടക്കും.

 

വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം

കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ വേദപാരായണ ആരംഭത്തിനുശേഷം, കൊടിമരച്ചുവട്ടിൽ ധ്വജപൂജ നടന്നു. തുടർന്നായിരുന്നു കൊടിയേറ്റം. തന്ത്രി രത്നസഭാപതി ശിവാചാര്യർ മുഖ്യകാർമികനായി.

ക്ഷേത്രം മാനേജിങ് ട്രസ്റ്റി വി.കെ. സുജിത് കുമാർ വർമ നേതൃത്വംനൽകി. വൈകീട്ട് നടതുറന്നശേഷം യാഗശാലപൂജ, അഷ്ടബലി, ഗ്രാമപ്രദക്ഷിണം എന്നിവ നടന്നു. രാത്രി അർധയാമപൂജയുമുണ്ടായി.

മലബാർ ദേവസ്വംബോർഡ് പാലക്കാട് ഏരിയാകമ്മിറ്റി പ്രസിഡന്റ് എം. ദണ്ഡപാണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

മന്തക്കര മഹാഗണപതിക്ഷേത്രം

പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിൽ രാവിലെ യാഗശാലാപൂജകൾ, വേദപാരായണം, രുദ്രാഭിഷേകം എന്നിവ നടന്നു. തുടർന്ന് സ്വാമി പുറപ്പാടിനുശേഷമായിരുന്നു കൊടിയേറ്റം. കാഞ്ചിപുരം ശെന്തിൽ ശിവാചാര്യർ, പഴനി ശെന്തിൽ ശിവാചാര്യർ എന്നിവർ മുഖ്യകാർമികരായി. ക്ഷേത്രപുരോഹിതൻ കെ.വി. വെങ്കിടേശ്വരൻ, സുഹാസ് വാധ്യാർ എന്നിവർ കാർമികത്വം വഹിച്ചു.

ക്ഷേത്രസമിതി പ്രസിഡന്റ് കെ.എസ്. കൃഷ്ണ, വൈസ് പ്രസിഡന്റ് കെ.ജി. ശിവരാമൻ, സെക്രട്ടറി ടി.വി. വിനോദ്, ജോ. സെക്രട്ടറി കെ.ആർ. സുരേഷ്, ഖജാൻജി എ.വി. രമണൻ എന്നിവർ നേതൃത്വം നൽകി.

വൈകീട്ട് വേദപാരായണം, രുദ്രക്രമാർച്ചന, ഗ്രാമപ്രദക്ഷിണം എന്നിവ നടന്നു.

ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം

പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രത്തിൽ വിഘ്നേശ്വരപൂജ, കളഭാഭിഷേകം, വേദപാരായണ ആരംഭം എന്നിവയ്ക്കുശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി രാമമൂർത്തി ഭട്ടാചാര്യർ, നാരായണസ്വാമി ഭട്ടാചാര്യർ, ക്ഷേത്രപൂജാരി ഗിരീഷ് വാധ്യാർ, ശങ്കർ വാധ്യാർ, രാമഗോവിന്ദ ഭട്ടാചാര്യർ (ജൂനിയർ), ക്ഷേത്രപുരോഹിതർ ബാലുവാധ്യാർ, ശിവകുമാർ വാധ്യാർ എന്നിവർ കാർമികത്വം വഹിച്ചു.

മാനേജിങ് ട്രസ്റ്റി സി.എസ്. മഹേഷ്, ട്രസ്റ്റിമാരായ സി.കെ. ശ്രീനിവാസൻ, സി.വി. ശ്രീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

രാത്രി എഴുന്നള്ളത്ത്, അർച്ചാവതാരം അലങ്കാരം എന്നിവയും നടന്നു.

ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രം

ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം, യാഗശാലപുണ്യാഹം, യാഗശാലപൂജ, രുദ്രാഭിഷേകം, അഗ്നി ആരാധന, ധ്വജമൂഷിക ഉപചാരപൂജ, അഗ്നിപ്രതിഷ്ഠ, കലശസ്ഥാപനം, ചതുർവേദ പാരായണം എന്നിവ നടന്നു. തുടർന്ന് നടന്ന കൊടിയേറ്റത്തിന് തന്ത്രി ശ്രീകാന്ത് ഭട്ടാചാര്യർ, ബാലഗണപതി വാധ്യാർ, ക്ഷേത്രപുരോഹിതൻ മനീഷ്, രമേഷ് ദ്രാവിഡ്, ശിവകുമാർ വാധ്യാർ എന്നിവർ കാർമികരായി.

ക്ഷേത്രസമിതി സെക്രട്ടറി സി.വി. മുരളി, ഖജാൻജി എ.ആർ. വാസുദേവൻ, കാര്യക്കാർ കുടുംബാംഗങ്ങൾ എന്നിവർ നേതൃത്വംനൽകി.

രാത്രി അഗ്നി ആരാധന, പുഷ്പാഭിഷേകം, ചതുർവേദപാരായണം, ഗ്രാമപ്രദക്ഷിണം എന്നിവ നടന്നു.

ദേശീയ സംഗീതോത്സവം ഇന്ന് തുടങ്ങും

കല്പാത്തി രഥോത്സവത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്താറുള്ള കല്പാത്തി ദേശീയ സംഗീതോത്സവം തിങ്കളാഴ്ച തുടങ്ങും. കൽപ്പാത്തി ചാത്തപുരം മണി അയ്യർ റോഡിൽ സജ്ജീകരിച്ച ഡോ. സി.വി. കൃഷ്ണമൂർത്തി നഗറാണ് വേദി.

തിങ്കളാഴ്ച വൈകീട്ട് ആറിന് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനംചെയ്യും. ഏഴിന് മൈസൂർ നാഗരാജ്, മൈസൂർ മഞ്ജുനാഥ് എന്നിവരുടെ വയലിൻ വാദനം നടക്കും.