പൊയ്യ : ഫിഷറീസ് വകുപ്പിന്റെ ഏജൻസി ഫോർ ഡിവലപ്‌മെന്റ് ഓഫ് അക്വാ കൾച്ചർ കേരളയുടെ പൊയ്യയിലെ ഫാമിൽ അക്വാ കൾച്ചർ നിലനിർത്തി അക്വാ ടൂറിസംപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. അക്വാ-ഇക്കോ ഡെസ്റ്റിനേഷനാക്കി പൊയ്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും പ്രാദേശികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലായിരിക്കും പദ്ധതി ആവിഷ്കരിക്കുകയെന്നും മന്ത്രി പറഞ്ഞു.

To advertise here,

പൊയ്യയിലെ 106 ഏക്കർ വിസ്തൃതിയിലുള്ള ഫാം ജലാശയവും മത്സ്യകൃഷിയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു. നഷ്ടത്തിലുള്ള ഫാമിനെ ലാഭകരമാക്കുകയാണ് ലക്ഷ്യം. അതിന് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും. ആധുനിക മത്സ്യകൃഷിക്കൊപ്പം അനുബന്ധ ഭക്ഷണവിഭവങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പദ്ധതികൾ കൊണ്ടുവരും.

പൊയ്യ ഫാമിലെ ജലാശയമുൾപ്പെടെയുള്ള 121 ഏക്കർ സ്ഥലവും പ്രയോജനപ്പെടുത്തും. മാതൃകാതലത്തിലുള്ള അക്വാകൾച്ചർ കേന്ദ്രമാക്കി മാറ്റുന്ന നിലയിലേക്കു മാറ്റാനാണ് ശ്രമിക്കുന്നതെന്നും പൊയ്യയിലെ സാധ്യതകൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുമെന്നും മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു. പൊയ്യ ഫാമിലെ എല്ലാ വികസനസാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ എം.എൽ.എ. എന്ന നിലയിലുള്ള സഹായവും നൽകുമെന്നും ലീഡർ കൊണ്ടുവന്ന പദ്ധതിയെന്നനിലയിൽ പ്രത്യേക വികാരമുണ്ടെന്നും മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.

തൊഴിലവസരത്തിലും മത്സ്യവിപണിയിലും പ്രാദേശികമായ പരിഗണന വേണമെന്നും ജനീഷ് നിർദേശിച്ചു. ഇരു മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമുൾപ്പെടുന്ന സംഘം ഫാമിന്റെ ചുറ്റുമുള്ള 3.8 കിലോമീറ്റർ ബണ്ടിലൂടെ സഞ്ചരിച്ചാണ് കൃഷിയിടങ്ങളിലെത്തിയത്. അഡാക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്മിത ആർ. നായർ, ഫിഷറീസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടിഡയറക്ടർ ഇ. മുജീബ് എന്നിവർ മന്ത്രിമാരോട് പൊയ്യ ഫാമിലെ സാധ്യതകളും പ്രശ്നങ്ങളും വിശദീകരിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, പൊയ്യ പഞ്ചായത്തു പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷ്, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ആർ. ധനേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.