കാടുകയറി ദിശാ ബോർഡുകൾ

To advertise here,

കൊപ്പം : ഒറ്റനോട്ടത്തിൽ നല്ല റോഡാണെന്ന് കരുതി യാത്രതുടർന്നാൽ വളരെയധികം സൂക്ഷിക്കണം. മുന്നോട്ടുള്ള യാത്രയിൽ അപകടം പതിയിരിക്കുന്ന വൻ കുഴികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. കൊപ്പം-പേങ്ങാട്ടിരി പാതയുടെ സ്ഥിതിയാണിത്. ശ്രദ്ധയൊന്ന് പാളിയാൽ അപകടം ഉറപ്പ്.

ചെർപ്പുളശ്ശേരിയിൽനിന്ന് മുളയൻകാവ്-കൊപ്പം വഴി വളാഞ്ചേരിയിലേക്കുള്ള പ്രധാന പാതയുടെ മണ്ണേങ്ങോട് മുതൽ കുലുക്കല്ലൂർവരെയും റോഡുതകർച്ച രൂക്ഷമാണ്. മണ്ണേങ്ങോട്, വണ്ടുംതറ, മുളയൻകാവ് ഭാഗങ്ങളിൽ റോഡിന് നടുവിലും വശങ്ങളിലുമായി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പലതവണ അധികൃതർ കുഴികളടച്ചെങ്കിലും ശാശ്വതപരിഹാരമായിട്ടില്ല. ഒരു മഴപെയ്താൽ റോഡിൽ വെള്ളക്കെട്ടാണ്. പലേടത്തും റോഡ് വീണ്ടുകീറി കിടപ്പാണ്. പാറമടകളിലേക്കുള്ള ടോറസ് ലോറികളുടെ അനിയന്ത്രിത സഞ്ചാരവും ഈ ഭാഗങ്ങളിലെ റോഡ് തകർച്ചയ്ക്ക്‌ ആക്കംകൂട്ടിയെന്നാണ് ആക്ഷേപം.

വർങ്ങൾക്കുമുൻപ് നവീകരിച്ച റോഡ് ആധുനികരീതിയിൽ നവീകരിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലതവണ കുഴിയടയ്ക്കൽ പ്രവൃത്തി നടക്കുകയെന്നല്ലാതെ കാര്യമായ ഒന്നും പാതയിൽ നടന്നിട്ടില്ല. വണ്ടുംതറ പള്ളിക്കുസമീപം വർഷങ്ങളായി റോഡ് തകർന്നുകിടക്കയാണ്. കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ച റോഡ് ഓരോമഴയിലും തകരുന്ന സ്ഥിതിയിലാണ്.

ദിശാബോർഡുകൾ കാണാനില്ല

പാതയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ദിശാബോർഡുകൾ കാടുകയറിക്കിടപ്പാണ്. വണ്ടുംതറയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡ് മുഴുവനായും കുറ്റിക്കാടുകളാൽ മൂടപ്പെട്ടു. പാലക്കാട് ഭാഗങ്ങളിൽനിന്ന് ചെർപ്പുളശ്ശേരിവഴി വളാഞ്ചേരിയിലേക്കും കോഴിക്കോട്ടേക്കും പോകുന്നവർ എളുപ്പ മാർഗമായി ഈ റോഡാണ് ഉപയോഗിക്കുന്നത്. ദിശാബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളുമെല്ലാം പാതയിലുണ്ടെങ്കിലും അതൊന്നും ഉപകാരപ്രദമാവാത്ത സ്ഥിതിയാണ്.