കാഞ്ഞിരപ്പുഴ : പഞ്ചായത്തിലെ പൊറ്റശ്ശേരി കല്ലംകുളം കുന്നുംപുറം ക്വാറിയിൽനിന്ന് കല്ലുമായിപോവുകയായിരുന്ന രണ്ട് ടിപ്പർ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഏതാനും മാസങ്ങളായി ക്വാറി പ്രവർത്തിക്കുന്നില്ല.

To advertise here,

മാസങ്ങൾക്ക് മുൻപ് പൊട്ടിച്ചെടുത്ത കല്ലാണ് ബുധനാഴ്ച രാവിലെ വാഹനങ്ങളിൽ കടത്താൻ ശ്രമിച്ചത്. എന്നാൽ വാർഡംഗം ജോബി ജോസഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തുകയും വാഹനങ്ങൾ തടയുകയുമായിരുന്നു. തുടർന്ന് പോലീസെത്തി ആദ്യം നാട്ടുകാരുമായും പിന്നീട് ക്വാറി ഉടമകളുമായും ചർച്ച നടത്തി. ജില്ലാ ജിയോളജി വകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മാത്രമേ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാനാകൂ എന്ന മുൻ നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു.

ജില്ലാ ജിയോളജി വകുപ്പ് പരിശോധിക്കണമെന്നുംആവശ്യപ്പെട്ടു. പാറപൊട്ടിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് ഉറപ്പുനൽകിയതോടെ നിലവിൽകയറ്റിയ രണ്ട് ലോഡുകൾ കടത്തിവിടാൻ തീരുമാനിച്ചു.

ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ് അധികൃതർ എന്നിവർക്ക് പരാതി നൽകുമെന്ന് പി. മോഹനന്റെ നേതൃത്വത്തിൽ നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ 17 വീടുകൾക്ക് വിള്ളലുകൾ കണ്ടെത്തിയിരുന്നു. അതേസമയം, നിയമാനുസൃതമുള്ള എല്ലാ അനുമതിപത്രങ്ങളും ലഭ്യമാക്കിയാണ് ക്വാറി പ്രവർത്തനം നടത്തുന്നതെന്നും കണ്ടെത്തി.

പിന്നീട് നാട്ടുകാരും ക്വാറി ഉടമകളും തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധ നടത്താതെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട് നാട്ടുകാർ സ്വീകരിച്ചതോടെയാണ് അന്നും ചർച്ചകൾ പരാജയപ്പെട്ടത്.