കോയമ്പത്തൂർ : പോത്തനൂർ റെയിൽവേ ജങ്ഷനിൽ റെയിൽകോച്ച് റസ്റ്ററന്റ്‌ വരുന്നു. ഇതിന്റെ ഭാഗമായി കാലാവധികഴിഞ്ഞ ഒരു കമ്പാർട്ടമെന്റ് പോത്തനൂരിലെത്തിച്ച് നവീകരണം തുടങ്ങി.

To advertise here,

സേലം ഡിവിഷനുകീഴിൽ നിലവിൽ കോയമ്പത്തൂർ ജങ്ഷനിലാണ് റെയിൽകോച്ച് റസ്റ്ററന്റുള്ളത്. കാലാവധി കഴിഞ്ഞതും ഉപയോഗിക്കാൻ പറ്റാത്തതുമായ കോച്ചുകൾ റസ്റ്ററന്റുകളായി രൂപമാറ്റം വരുത്തി യാത്രക്കാർക്കായി പ്രയോജനപ്പെടുത്തുകയെന്നതാണ് റെയിൽവേയുടെ നയം. ഇതിലൂടെ യാത്രക്കാർക്ക് പുതുമയും റെയിൽവേക്ക് വരുമാനവർധനയും ലഭിക്കും.

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പോത്തനൂർ ജങ്ഷനിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് റെയിൽകോച്ച് റസ്റ്ററന്റ്‌ സ്ഥാപിക്കുന്നത്. പോത്തനൂരിൽ എത്തിച്ച കോച്ചിന്റെ ഉൾവശത്തെ സീറ്റുകളെല്ലാം മാറ്റി ആകർഷകമായ രീതിയിൽ അലങ്കരിച്ച് ഭക്ഷണംകഴിക്കാനുള്ള ഇരിപ്പിടങ്ങളൊരുക്കുകയാണ്. ആഡംബര ഹോട്ടലിന്റെ മാതൃകയിലാണ് കോച്ചിന്റെ അകത്തളം സജ്ജമാക്കുന്നത്.

സ്‌റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന റസ്റ്ററന്റിൽ എല്ലാതരം വിഭവങ്ങളും ലഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽകോച്ച് റസ്‌റ്ററന്റ് ഉടൻ ഉദ്ഘാടനംചെയ്യും.

റെയിൽ കോച്ച് റസ്റ്ററന്റ്‌ പദ്ധതി സ്വാഗതാർഹമാണെന്നും സ്റ്റേഷനകത്തും നല്ലൊരു ഭക്ഷണശാല ആരംഭിക്കണമെന്നും പോത്തനൂർ ട്രെയിൻ യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.