ഗതാഗതം നിർത്തിവെച്ചിട്ട് 19 ദിവസം

To advertise here,

ഒരുവരിയായി ഗതാഗതം നടത്തുന്നത് പരിഗണനയിൽ

കോയമ്പത്തൂർ : മേട്ടുപ്പാളയം-കൂനൂർ റോഡിൽ ഒക്ടോബർ 23-നുണ്ടായ മണ്ണിടിച്ചിലിന്റെ ആഘാതം പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പ്രതിസന്ധി തുടരുന്നു. റോഡിൽവീണ മണ്ണും പാറയും നീക്കിയെങ്കിലും ബർളിയാറിലെ അപകടാവസ്ഥ പൂർണമായും ഒഴിവായിട്ടില്ല. റോഡിന്റെ പാതിഭാഗംമാത്രമാണ് ഇതുവരെയും പൂർവസ്ഥിതിയിലാക്കിയിരിക്കുന്നത്. ഏതുസമയവും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ റോഡ് പൂർണമായും തുറന്നുകൊടുക്കുന്ന കാര്യത്തിൽ ദേശീയപാത അധികൃതർ തീരുമാനമെടുത്തിട്ടില്ല.

മേട്ടുപ്പാളയം-കൂനൂർ റോഡിൽ ഗതാഗതം നിർത്തിവെച്ചിട്ട് 19 ദിവസമായി. ബർളിയാർ ഭാഗത്ത് പെയ്ത അതിതീവ്രമഴയിൽ കൂറ്റൻപാറകളും മണ്ണും റോഡിലേക്ക് കുത്തിയൊലിച്ച് വീഴുകയായിരുന്നു. ഈ സമയം കടന്നുപോയ സർക്കാർബസ് മണ്ണിനടിയിൽ കുടുങ്ങുകയും ഡ്രൈവർ മരിക്കുകയുമായിരുന്നു. 25 സെന്റീമീറ്റർ മഴയാണ് അന്നേദിവസം ബർളിയാർ മേഖലയിൽ പെയ്തത്.

തുടർന്ന് മേട്ടുപ്പാളയം-കൂനൂർ റോഡ് അടച്ചിട്ടു. ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്നുമുതൽ റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പണികൾ തുടങ്ങിയിരുന്നു. കേന്ദ്രമന്ത്രാലയത്തിൽനിന്നുള്ള വിദഗ്ധസംഘം നേരിൽ പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകിയിരുന്നു.

മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലെ സംരക്ഷണഭിത്തി പുനഃസ്ഥാപിച്ചിരുന്നു. പക്ഷേ, റോഡിന്റെ അടിത്തറ ഇളകിപ്പോയതിനാൽ താത്കാലിക അറ്റകുറ്റപ്പണി നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നാണ് പറയുന്നത്. ഇളകിനിൽക്കുന്ന മണ്ണ് പൂർണമായും മാറ്റാനും സാധിക്കുന്നില്ല. മണ്ണിടിച്ചിൽ പ്രതിരോധിക്കാനുള്ള സംവിധാനത്തിനൊപ്പം അടിത്തറ ബലപ്പെടുത്തി പുതിയ റോഡ് നിർമിക്കണമെന്നാണ് പറയുന്നത്. ഇതിന് കൂടുതൽ സമയം വേണ്ടിവരും.

ഇപ്പോഴത്തെ സാഹചര്യത്തിൽ റോഡിൽ ഒരുവരിമാത്രമായി ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യവും ദേശീയപാത അധികൃതർ ആലോചിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി റോഡിന്റെ ഒരുപാതിയിലെ തടസ്സങ്ങളെല്ലാം നീക്കിയിട്ടുണ്ട്. പക്ഷേ, തുടർച്ചയായി വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ റോഡ് വീണ്ടും ദുർബലമാവാൻ തുടങ്ങും. വരുംദിവസങ്ങളിൽ മഴപെയ്താൽ പ്രശ്‌നം കൂടുതൽ സങ്കീർണമാവും. ഒരാഴ്ചയ്ക്കകം റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നാണ് നീലഗിരി കളക്ടർ അറിയിച്ചിരുന്നത്.