അങ്കമാലി : അങ്കമാലി സൗത്ത് ചമ്പന്നൂർ വ്യവസായ മേഖലയിലെ ഇൻകൽ റോഡ് പ്രദേശവാസികൾക്ക് തുറന്നുനൽകണമെന്ന ആവശ്യം ശക്തം. ചമ്പന്നൂർ നിവാസികളുടെ സ്ഥലം ഏറ്റെടുത്താണ് അങ്കമാലി സൗത്തിൽ വ്യവസായ മേഖല സജ്ജമാക്കിയത്. അതിൽ ടെൽക്കിൽ നിന്നും സ്ഥലം നൽകിയാണ് ഇൻകൽ വ്യവസായ പാർക്ക് നിർമിച്ചത്. വ്യവസായ പാർക്കിനോട് ചേർന്ന് നിർമിച്ചിട്ടുള്ള റോഡ് പടിഞ്ഞാറുവശത്ത് ഗേറ്റ് വെച്ച് അടച്ചതിനാൽ ചമ്പന്നൂർ പ്രദേശവാസികൾക്ക് അതിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ റോഡ് തുറന്നുകിട്ടിയാൽ പ്രദേശവാസികൾക്ക് നാഷണൽ ഹൈവേയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും.

To advertise here,

നിലവിൽ ചമ്പന്നൂർ റെയിൽവേ ഗേറ്റ് റോഡാണ് ജനങ്ങൾ ആശ്രയിക്കുന്നത്. പലപ്പോഴും ഷണ്ടിങ് മൂലം ഗേറ്റ് അടച്ചിടുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമാണ്. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. റെയിൽവേ മേൽപ്പാലത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിവേദനം നൽകി ജനം മടുത്തു. അങ്കമാലി സൗത്ത് മാർട്ടിൻ കപ്പേള ഭാഗത്തുകൂടിയുള്ള റോഡാണെങ്കിൽ വളരെയധികം അപകടസാധ്യതയുള്ള റോഡുമാണ്. ഇൻകൽ റോഡ് ജനങ്ങൾക്ക് തുറന്നുകിട്ടിയാൽ യാത്ര എളുപ്പമാകുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും അങ്കമാലി-മാഞ്ഞാലി റോഡിലെ തിരക്കുകൾ കുറയുന്നതിനും ഉപകരിക്കും. ഇൻകൽ റോഡ് ആദ്യം തുറന്നു നൽകിയിരുന്നതാണ്. എന്നാൽ പിന്നീട് അധികൃതർ അത് അടച്ചുപൂട്ടുകയായിരുന്നു. നാഷണൽ ഹൈവേയിൽ നിന്നും ആരംഭിച്ച് അങ്കമാലി-മാഞ്ഞാലി പി.ഡബ്ല്യു.ഡി. റോഡിൽ ചമ്പന്നൂർ ഭാഗത്ത് അവസാനിക്കുന്ന റോഡാണിത്.

അങ്കമാലി നഗരസഭ 28, 29, 30 വാർഡുകളിലും നെടുമ്പാശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിലുമുള്ള 2,500-ഓളം കുടുംബങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ഏറ്റവും എളുപ്പമായ മാർഗമാണിത്.

ഇൻകൽ റോഡ് തുറന്നുകിട്ടിയാൽ ചമ്പന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ നാഷണൽ ഹൈവേയിൽ പ്രവേശിച്ച് അങ്കമാലിയിലേക്കും ടെൽക് ഭാഗത്ത് യു ടേൺ തിരിഞ്ഞ് ആലുവയിലേക്കും പോകാനാകും.

ഇതുമൂലം ടെൽക്, ഹോംസയൻസ് കോളേജ് പരിസരത്തെ അപകടങ്ങൾ പരമാവധി ഒഴിവാകും.

അങ്കമാലി-പറവൂർ റോഡിലെ ഗതാഗത തിരക്കും കുറയ്ക്കാനാകും. ഇപ്പോൾ ചമ്പന്നൂർ, മേക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാർട്ടിൻ കപ്പേള ജങ്ഷനിൽ നിന്ന് നേരിട്ട് ആലുവ ഭാഗത്തേക്ക് തിരിയുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വ്യവസായ മേഖലയിലെ കമ്പനികൾ, എഫ്.സി.ഐ., കെ.എസ്.ഇ.ബി. സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ മാർട്ടിൻ കപ്പേള ജങ്ഷനിൽ തിരിയുന്നത് ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.

പ്രമേയം പാസാക്കി

റെയിൽവേ മേൽപ്പാലം പണി ആരംഭിക്കാത്തതിനാലും ടെൽക്ക് ഭാഗം അപകട മേഖലയായതിനാലും ഇൻകൽ റോഡ് പകൽസമയത്തെങ്കിലും നാലുചക്രം വരെയുള്ള വാഹനങ്ങൾക്കായി ഗതാഗതത്തിന് തുറന്നുകിട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വ്യവസായ വകുപ്പിനോടും ഇൻകൽ അധികാരികളോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ട് അങ്കമാലി നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി. വാർഡ് കൗൺസിലർ അഡ്വ. സാജി ജോസഫ് പ്രമേയം അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ റീത്താ പോൾ അധ്യക്ഷയായി.