സനാ: യെമെനിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൈനികമുന്നേറ്റം ശക്തമാക്കിയതോടെ, തന്ത്രപ്രധാനമായ ബാബ് എൽ മാണ്ടെബ് കടലിടുക്കിനുസമീപത്തുനിന്ന് സൗദി അറേബ്യയുടെ പിന്തുണയുള്ള യെമെൻ സർക്കാർസേന പിന്മാറി.

To advertise here,

തെക്കൻ യെമെനിലെ പ്രധാന സൈനിക-ഭരണ കേന്ദ്രമായ ഏഡൻ സംരക്ഷിക്കുന്നതിനാണ് സേനയെ പുനർവിന്യസിക്കുന്നതെന്ന് സൈന്യം അറിയിച്ചു. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് എൽ മാണ്ടെബ് തീരമേഖല ഹൂതികളിൽനിന്ന് തിരിച്ചുപിടിക്കാൻ ആറാഴ്ചയായി നടത്തിവരുന്ന പ്രത്യാക്രമണനടപടികൾക്ക്് ഇതോടെ തിരിച്ചടിയേറ്റു. സൗദിയുടെ പിന്തുണയോടെയായിരുന്നു ഹൂതികൾക്കെതിരേ ‘ഓപ്പറേഷൻ യെമെൻ ഡോൺ’ എന്ന പേരിലുള്ള നടപടി. ആഗോള സമുദ്രവ്യാപാരത്തിൽ നിർണായകമായ ഇടനാഴിയാണ് ബാബ് എൽ മാണ്ടെബ്.

സെപ്റ്റംബറിൽ നടത്തിയ അതിവേഗ മുന്നേറ്റത്തിലൂടെയാണ് ഹൂതികൾ ചെങ്കടൽതീരമേഖലയുടെ നിയന്ത്രണം പിടിച്ചത്. സഖ്യസേന ദുബാബ് ഉൾപ്പെടെയുള്ള പ്രധാനമേഖലകൾ തിരിച്ചുപിടിച്ചെങ്കിലും ഹൂതികളെ പൂർണമായി തുരത്താനായില്ല. നിലവിൽ ഏഡന് 150 കിലോമീറ്റർ പടിഞ്ഞാറുള്ള അൽ സുഖ്യയിലേക്കാണ് സർക്കാർ സേന പിന്മാറിയിരിക്കുന്നത്. ഹൂതികൾ ഏഡനിലേക്ക് കൂടുതൽ മുന്നേറുമെന്ന ആശങ്ക ശക്തമായിരിക്കേയാണ് നീക്കം. ഏഡനിൽനിന്ന് 80 കിലോമീറ്റർ അകലെ ലഹ്ജ് പ്രവിശ്യയിലെ തുർ അൽ ബഹാഹയ്ക്ക് സമീപംവരെ ഹൂതികൾ മുന്നേറിയിട്ടുണ്ട്. അതിനിടെ, ഹൂതികൾ 600 തടവുകാരെ മോചിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു.

ഒറ്റപ്പെട്ട് തായിസ്

യെമെനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസിൽ പോരാട്ടം രൂക്ഷം. ഹൂതി ഉപരോധത്തിൽ കുടുങ്ങിയ നഗരത്തിലേക്ക് ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കാനാകുന്നില്ല. പുതിയ സംഘർഷത്തിൽ യെമെനിലാകെ കുടിയൊഴിപ്പിക്കപ്പെട്ട മൂന്നുലക്ഷം പേരിൽ പാതിയോളം തായിസിലാണ്. ഒക്ടോബർ ആദ്യം ഹൂതികൾ നഗരത്തിലേക്കുള്ള പ്രധാന പാതകൾ വിച്ഛേദിച്ചു.

സനായിൽ ആക്രമണം; മൂന്നുമരണം

യെമെനിലെ സൗദി ആക്രമണങ്ങളിൽ കുട്ടിയുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ. തലസ്ഥാനമായ സനായിലെ അൽ സരാറിൽ വീടിനുനേരേയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടത്. ഏഴുപേർക്ക് പരിക്കേറ്റു. ഒമ്രാൻ പ്രവിശ്യയിൽ സ്വകാര്യ ഇന്ധനവിതരണ കേന്ദ്രത്തിനുനേരേയുണ്ടായ വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു.

റിയാദ് വിമാനത്താവളത്തിനുനേരേ ആക്രമണം

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ധനകാര്യ കേന്ദ്രത്തിനുംനേരേ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. ആക്രമണം ലക്ഷ്യംകണ്ടെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. സൗദി പ്രതികരിച്ചിട്ടില്ല. യെമെനിലെ ലഹ്ജ് പ്രവിശ്യയിൽ സൗദി സൈനികർ തമ്പടിച്ചിരുന്ന ഖഅവ സൈനിക ക്യാമ്പിനും സമീപപ്രദേശങ്ങൾക്കുംനേരേ ആറ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായും അവകാശപ്പെട്ടു.

ആക്രമണത്തിൽ ഒട്ടേറെ സൈനികർ കൊല്ലപ്പെടുകയും സേനാവാഹനങ്ങൾ തകരുകയും ചെയ്തെന്നാണ് അവകാശവാദം. 24 മണിക്കൂറിനിടെ സൗദി യുദ്ധവിമാനങ്ങൾ യെമെനിലെ സഅദ, തായിസ്, ലഹ്ജ്, അൽ ജൗഫ്, മാരിബ് പ്രവിശ്യകളിൽ 75 വ്യോമ, മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹൂതികൾ ആരോപിച്ചു. ഹോർമുസ് കടലിടുക്കിൽ നാവിക മൈനുകളിൽത്തട്ടി മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ അറിയിച്ചു.