വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മകള്‍ യുഎസിലുണ്ടെന്നും ഇവരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് തീവ്ര-വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകയും ട്രംപിന്റെ അനുയായിയുമായ ലോറ ലൂമര്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് അറിയിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പങ്കുവെച്ച സാമൂഹികമാധ്യമ പോസ്റ്റിലാണ് ലോറ ലൂമര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 

To advertise here,

ഷി ജിന്‍പിങ്ങിന്റെ മകളെ നാടുകടത്താം, അവള്‍ മാസച്യൂസെറ്റ്‌സില്‍ താമസിക്കുന്നു. തുടര്‍ന്ന് ഹാര്‍വാഡിലേക്ക് പോയി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഗാര്‍ഡുകള്‍ അവള്‍ക്ക് യുഎസ്സിന്റെ മണ്ണില്‍ സ്വകാര്യ സുരക്ഷ നല്‍കുന്നതായി തന്നോട് ചില സ്രോതസ്സുകള്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ലോറ ലൂമറുടെ വാക്കുകള്‍. 

ഷീ ജിന്‍പിങ്ങിന്റെ മകള്‍ ഷി മിങ്‌സെ യുഎസില്‍ ഇപ്പോഴും താമസിക്കുന്നുണ്ടെന്നാണ് ലോറ ലൂമറിന്റെ അവകാശവാദം. അതേസമയം, ഷി മിങ്‌സെ നിലവില്‍ യുഎസിലുണ്ടെന്നതിന് പൊതുയിടത്തില്‍ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2015-ലെ യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടനുസരിച്ച് ഷി മിങ്‌സെ ഹാര്‍വാഡിലെ പഠനം പൂര്‍ത്തീകരിച്ചശേഷം ചൈനയിലേക്ക് മടങ്ങിയെന്നാണ് പറയുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഏകമകളാണ് ഷി മിങ്‌സെ. 1992-ലാണ് ഷി മിങ്‌സെയുടെ ജനനം. അതേസമയം, മാതാപിതാക്കളോടൊപ്പം അപൂര്‍വമായി മാത്രമേ ഷി മിങ്‌സെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. 2008-ല്‍ സിച്ചുവാന്‍ ഭൂകമ്പത്തിന് പിന്നാല ഷി മിങ്‌സെ സന്നദ്ധപ്രവര്‍ത്തനിറങ്ങിയിരുന്നു. 

യുഎസ് മാധ്യമമാണ് 'ദി ന്യൂയോര്‍ക്കറി'ന്റെ 2015-ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഹാര്‍വാഡില്‍ സൈക്കോളജി-ഇംഗ്ലീഷ് കോഴ്‌സാണ് ഷി മിങ്‌സെ പഠിച്ചിരുന്നത്. എന്നാല്‍, യഥാർഥ വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റൊരു പേരിലാണ് ഷി മിങ്‌സെ ഇക്കാലയളവില്‍ യുഎസില്‍ കഴിഞ്ഞിരുന്നതെന്നും ചില ഫാക്കല്‍റ്റികളും അടുത്ത ചില സുഹൃത്തുക്കളും ഉള്‍പ്പെടെ വെറും പത്തില്‍താഴെ പേര്‍ക്ക് മാത്രമാണ് ഷി മിങ്‌സെയുടെ യഥാര്‍ഥ വ്യക്തിത്വം അറിയുമായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.