വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ റെയ്ഡുകളെ ശക്തമായി ന്യായീകരിച്ചിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ ബന്ധുവിനെ അനധികൃത കുടിയേറ്റത്തിന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ( ഐസിഇ)  അറസ്റ്റ് ചെയ്തു. കരോലിൻ ലീവിറ്റിന്റെ സഹോദരൻ മൈക്കിൾ ലീവിറ്റിന്റെ മുൻ പങ്കാളിയായ ബ്രൂണ കരോലിൻ ഫെരേരയാണ് പിടിയിലാണ്. മൈക്കിൾ ലീവിറ്റിന് ബ്രൂണ കരോലിനിൽ 11 വയസുള്ള മകനുണ്ട്. 

To advertise here,

ബ്രൂണ കരോലിനിന്റെ വിസ  കാലാവധി1999 ജൂണിൽ കഴിഞ്ഞതാണ്. വിസ കാലാവധി കഴിഞ്ഞിട്ടും  യുഎസിൽ തുടർന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  നിലവിൽ ലൂസിയാനയിലെ ഐസിഇ കേന്ദ്രത്തിൽ തടവിലാണ്.  ഈ മാസം ആദ്യം മസാച്യുസെറ്റ്സിലെ റെവറിൽ വെച്ചാണ് ബ്രൂണയെ കസ്റ്റഡിയിലെടുത്തത്. ബ്രൂണ ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ അനധികൃത കുടിയേറ്റക്കാരി ആണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് പറഞ്ഞു. ബ്രസീൽ സ്വദേശിയായ ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിൽ പ്രവേശിച്ചത്. ഇവരെ ബ്രസീലിലേക്ക് നാടുകടത്താമെന്നാണ് വിവരം.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യറായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹോദരൻ മൈക്കിൾ ലീവിറ്റും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മകന്റെ സുരക്ഷയും ക്ഷേമവും സ്വകാര്യതയുമാണ് തന്റെ എപ്പോഴത്തെയും ഒരേയൊരു ആശങ്കയെന്ന് അദ്ദഹത്തെ ഉദ്ധരിച്ച് ഡബ്ല്യൂബിയുആർ പ്രസ്താവനയിൽ വ്യക്തമാക്കി. കുട്ടി ജനിച്ചതു മുതൽ ന്യൂ ഹാംഷെയറിൽ അച്ഛനോടൊപ്പമാണ് താമസിക്കുന്നതെന്നും അവൻ ഒരിക്കലും അമ്മയോടൊപ്പം താമസിച്ചിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ബ്രൂണ, ഡെഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (ഡിഎസിഎ) പ്രോഗ്രാമിന് കീഴിൽ നിയമപരമായി അമേരിക്കയിൽ എത്തിയതാണെന്നും ഗ്രീൻ കാർഡ് ലഭിക്കാനുള്ള നടപടിയിലായിരുന്നുവെന്നും അഭിഭാഷകൻ ടോഡ് പോമർലോ വാദിച്ചു. ഡിഎസിഎ പ്രകാരം കുട്ടികളായിരിക്കെ അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട കുടിയേറ്റക്കാർക്ക് നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിക്കും.

നാടുകടത്തൽ നടപടികൾക്കെതിരെ പോരാടാൻ സഹായിക്കുന്നതിനായി 30,000 ഡോളർ സമാഹരിക്കാൻ ബ്രൂണയുടെ സഹോദരി ഗ്രേസിയേല ഡോസ് സാന്റോസ് റോഡ്രിഗസ് ഗോ ഫണ്ട് മി ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 14,000 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്.