
വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യു.എസ്. ഫണ്ട് നല്‍കിയിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റെന്ന് അമേരിക്കയിലെ മുന്‍നിര ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ഇന്ത്യയ്ക്ക് 2.1 കോടി ഡോളര്‍ (160 കോടി ഇന്ത്യന്‍ രൂപ) നല്‍കിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കിന് കീഴിലുള്ള 'ഡോജും' പറഞ്ഞത്.
എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് കഴിഞ്ഞദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്.എ.ഐ.ഡിയില്‍ നിന്നുള്ള 2.1 കോടി ഡോളര്‍ 2022-ല്‍ അനുവദിച്ചത് ബംഗ്ലാദേശിനാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ശരിവെക്കുന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും. 'എങ്ങനെയാണ് ഡോജിന്റെ തെറ്റായൊരു അവകാശവാദം ഇന്ത്യയില്‍ രാഷ്ട്രീയക്കൊടുങ്കാറ്റ് ആളിക്കത്തിച്ചത്?' എന്ന തലക്കെട്ടിലാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
2008-ന് ശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഒരു ഫണ്ടും ഇന്ത്യയ്ക്ക് യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. യു.എസ്.എ.ഐഡിയുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഡോജ് പറഞ്ഞത് കേട്ട് തങ്ങള്‍ ഞെട്ടിയെന്നാണ് ഇതില്‍ ഒരാള്‍ പറഞ്ഞത്. ഡോജ് മറ്റ് പദ്ധതികളുടെ തുകയാണ് ഇന്ത്യയ്ക്കായി ചിലവഴിച്ചുവെന്ന് പറയുന്നതെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് യു.എസ്.എ.ഐഡിയില്‍ നിന്ന് ഫണ്ട് ലഭിച്ചുവെന്ന ആരോപണം ബി.ജെ.പി. കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റേയും വാഷിങ്ടണ്‍ പോസ്റ്റിന്റേയും റിപ്പോര്‍ട്ടുകള്‍ വന്നതോടെ ബി.ജെ.പിക്കെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ നുണപ്രചാരണം പൊളിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
Content Highlights: Washington Post says India didn't get US funds, Congress's 'eat crow' jab at BJP
Published: 22 Feb 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented