തന്റെ മകൻ ഇഷാന്റെ വാഷിങ്‌ടൺ പോസ്റ്റിലെ ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ച് ശശി തരൂർ വേദനയോടെ സംസാരിക്കുമ്പോൾ, അത് ഏതൊരു പിതാവിനെയുംപോലെ സ്വാഭാവികമായ ഒരു പ്രതികരണമായിരുന്നു. അഞ്ചുലക്ഷത്തോളം വരിക്കാരും ആഗോളപ്രശസ്തിയുമുള്ള ഇഷാന്റെ ‘വേൾഡ് വ്യൂ’ (World View) എന്ന ന്യൂസ്‌ലെറ്റർ, തരൂർ ‘വിചിത്രം’ എന്ന് വിശേഷിപ്പിച്ച ഒരു കോർപ്പറേറ്റ് തീരുമാനത്തിലൂടെ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി. എന്നാൽ, ആ വ്യക്തിപരമായ ആഘാതത്തിനപ്പുറം വലിയൊരു ദുരന്തം അമേരിക്കയെ പിടിച്ചുലയ്ക്കുന്നുണ്ട്. അത് അമേരിക്കക്കാരുടെ മാത്രം പ്രശ്നമല്ലാതാകുന്നത് നമുക്കൊക്കെ എന്തെല്ലാമോ നഷ്ടപ്പെടാൻ പോകുന്നു എന്നതുകൊണ്ടാണ്. വാഷിങ്‌ടൺ പോസ്റ്റ് 300-ലധികം മാധ്യമപ്രവർത്തകരെ പിരിച്ചുവിട്ടത് പതിനായിരക്കണക്കിന് അമേരിക്കക്കാർക്ക് തൊഴിൽനഷ്ടപ്പെടുന്ന വലിയൊരു നാടകത്തിലെ ഒരു രംഗം മാത്രമാണ്. മറ്റനേകം ആളുകൾ തങ്ങൾക്കും ഇതേ വിധി വരുമോ എന്ന ഭയത്തോടെയാണ് ഓരോ ദിവസവും ജോലിക്കുപോകുന്നത്.

To advertise here,

ഘടനാപരമായ തകർച്ച

ജനുവരിയിൽമാത്രം അമേരിക്കയിൽ 1,08,000-ത്തിലധികം ആളുകളെ പിരിച്ചുവിട്ടു. 2009-നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തൊഴിൽനിയമനം റെക്കോഡുകൾ തീർത്തതിനുശേഷമുള്ള ഏറ്റവും താഴ്ന്നനിലയിലായി. 2025-ൽ 1.2 ദശലക്ഷത്തിലധികം ജോലികൾ ഇല്ലാതായി. 2026-ന്റെ തുടക്കത്തിലെ സൂചനകൾ ഈ വേഗം വർധിക്കുന്നതായാണ് കാണിക്കുന്നത്. ആമസോൺ 16,000 തസ്തികകൾ വെട്ടിക്കുറച്ചു, യു.പി.എസ്. നേരത്തേയുള്ള കുറവുകൾക്കുപുറമേ 30,000 ജോലികൾകൂടി കുറയ്ക്കാൻ പദ്ധതിയിടുന്നു. മെറ്റാ, മാസ്റ്റർകാർഡ് എന്നിവർ ആയിരങ്ങളെ പുറത്താക്കി. നൈക്കിമുതൽ ഒറാക്കിൾവരെ യും വാൾമാർട്ട് മുതൽ പിന്റെറസ്റ്റ്‌വരെയുമുള്ള കമ്പനികൾ ഇതേപാത പിന്തുടരുകയാണ്. സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, ആരോഗ്യം, മാധ്യമം, ബാങ്കിങ്‌, ഗവൺമെന്റ് മേഖലകളിൽപ്പോലും കഴിഞ്ഞവർഷം ഏകദേശം 3,00,000 പൊതുമേഖലാ ജോലികൾ ഇല്ലാതായി. ഇതൊരു സാധാരണ ക്രമീകരണമല്ല, ഘടനാപരമായ തകർച്ചതന്നെയാണ്.

ട്രംപൻ നയങ്ങൾ

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നകാര്യത്തിൽ പല വിശദീകരണങ്ങളുണ്ട്. ട്രംപ് കാലഘട്ടത്തിലെ നയങ്ങൾതന്നെയാണ് പലരും എടുത്തുകാണിക്കുന്നത്. താരിഫുകൾ, വ്യാപാരത്തിലെ അനിശ്ചിതത്വം, പെട്ടെന്നുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കൽ എന്നിവ ചെലവ് വർധിപ്പിക്കുകയും ബിസിനസ് ആസൂത്രണത്തെ താളംതെറ്റിക്കുകയും ചെയ്തു. വ്യാപാരനടപടികളുമായി ബന്ധപ്പെട്ടുയർന്ന പ്രവർത്തനച്ചെലവുകളെ പല കമ്പനികളും പരസ്യമായി കുറ്റപ്പെടുത്തുന്നു. എന്നാൽ, ഈ നയങ്ങൾ നിലവിൽവരുന്നതിന് മുൻപുതന്നെ പിരിച്ചുവിടലുകൾ തുടങ്ങിയിരുന്നു.

അമേരിക്കൻ മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘടനാപരമായ പ്രശ്നങ്ങളുയർത്തുന്നു. വർധിച്ചുവരുന്ന പൊതുകടം, സാമ്പത്തിക കുമിളകൾ, നിശ്ചലമായ വേതനം, ഉത്‌പാദനത്തെക്കാൾ ഊഹക്കച്ചവടത്തെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്നിവ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അനിശ്ചിതമായ ഭാവിയിൽ ലാഭം നിലനിർത്താൻ കമ്പനികൾ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത്‌ സ്വാഭാവികം.

എ.ഐ. സുനാമി

നിർമിതബുദ്ധിയുടെ വരവ് തീർച്ചയായും ഗൗരവമുള്ള ഒന്നുതന്നെയാണ്. ഏറ്റവും പുതിയ വിശദീകരണം ഇതാണ്. ഐ.എം.എഫ്. മുന്നറിയിപ്പുനൽകുന്നത് തൊഴിൽവിപണിയിൽ എ.ഐ. ഒരു ‘സുനാമി’പോലെയാണ് പതിക്കുന്നതെന്നാണ്. ഓരോ മാസവും 20,000 എ.ഐ. അനുബന്ധ പിരിച്ചുവിടലുകൾ ഗോൾഡ്മാൻ സാച്ച്സ് പ്രതീക്ഷിക്കുന്നു. ലോജിസ്റ്റിക്സ് മേഖലയിൽമാത്രം കഴിഞ്ഞവർഷം 95,000 ജോലികൾ നഷ്ടപ്പെട്ടു. കാര്യക്ഷമതയുടെയും ഓട്ടോമേഷന്റെയും പേരിൽ അൽഗോരിതങ്ങൾക്ക് ക്ലർക്കുമാരെയും ഡിസൈനർമാരെയും മാധ്യമപ്രവർത്തകരെപ്പോലും മാറ്റിസ്ഥാപിക്കാൻ കഴിയുമെന്ന് എക്സിക്യുട്ടീവുകൾ അവകാശപ്പെടുന്നു.

ഈ മൂന്നു ഘടകങ്ങളും കൂടിച്ചേർന്ന സംഗമസ്ഥാനത്താണ് പ്രശ്നം കുടികൊള്ളുന്നത്. ട്രംപിന്റെ നയങ്ങൾ തീപ്പൊരിനൽകി. മുതലാളിത്തത്തിന്റെ വൈരുധ്യങ്ങൾ ഇന്ധനമായി. എ.ഐ. ഒരു സൗകര്യപ്രദമായ ഉപകരണമായിമാറി. മാനുഷികശേഷി വർധിപ്പിക്കാനല്ല, മറിച്ച് ശമ്പളപ്പട്ടിക കുറയ്ക്കാനാണ് കമ്പനികൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം എ.ഐ. മേഖലയിലെ നിക്ഷേപം 1.6 ട്രില്യൺ ഡോളർ കടന്നപ്പോൾ, യു.എസ്. ശതകോടീശ്വരന്മാരുടെ സമ്പത്ത് 1.5 ട്രില്യൺ ഡോളർ വർധിച്ചു. നേട്ടങ്ങൾ മുകളിലേക്കും ആശങ്കകൾ താഴേക്കും ഒഴുകുന്നു.

ഇന്ത്യക്ക് മുന്നറിയിപ്പ്

വാഷിങ്‌ടണുമായി വ്യാപാരക്കരാറുകളിൽ ഒപ്പിടാൻ തിടുക്കംകൂട്ടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ അവസരങ്ങളുടെ സ്ഥിരതയുള്ള ഒരു യന്ത്രമല്ല. സ്വന്തം മധ്യവർഗത്തെ സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയുന്നില്ലെങ്കിൽ, വിദേശപങ്കാളികൾക്ക് എന്ത് ഉറപ്പാണുള്ളത്? ടാറ്റ കൺസൾട്ടൻസിയും ആക്‌സെഞ്ചറും പോലുള്ള ഭീമന്മാർ എ.ഐ.യുടെപേരിൽ പതിനായിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുമ്പോൾ ഇന്ത്യയുടെ ഐ.ടി. മേഖലയും ഇതിന്റെ പ്രകമ്പനം അറിയുന്നുണ്ട്.

മനുഷ്യസുരക്ഷയും ക്ഷേമവും തകർന്നടിയും

വാഷിങ്‌ടൺ പോസ്റ്റ് അതിന്റെ വിദേശബ്യൂറോകൾ ഒഴിഞ്ഞുകൊടുക്കുമ്പോൾ, സമൂഹത്തിന് നഷ്ടപ്പെടുന്നത് ശമ്പളം മാത്രമല്ല. അധികാരത്തെ നിരീക്ഷിക്കുന്ന കണ്ണുകളെക്കൂടിയാണ്. ആശുപത്രികളിലെയും സ്കൂളുകളിലെയും പിരിച്ചുവിടലുകൾ പൊതുജീവിതത്തെ തകർക്കുന്നു. ജി.ഡി.പി. ഉയർന്നേക്കാം. പക്ഷേ, മനുഷ്യസുരക്ഷയും ക്ഷേമവും തകർന്നടിയും.

സാങ്കേതികവിദ്യയോ ട്രംപോ മാത്രമല്ല നമ്മുടെ വിധി നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പുകൾ നമുക്കുമുന്നിലുണ്ട്. തൊഴിലിനെ ഇല്ലാതാക്കുന്നതിനുപകരം സംരക്ഷിക്കുന്നരീതിയിൽ വ്യാപാരം വികസിപ്പിക്കാം. അതിന് വിപണികളെ നിയന്ത്രിക്കാനും ജനങ്ങളിൽ നിക്ഷേപം നടത്താനും തയ്യാറുള്ള ഇച്ഛാശക്തിയുള്ള സർക്കാരുകൾ ആവശ്യമാണ്.

ശശി തരൂർ തന്റെ മകനെക്കുറിച്ച് പ്രകടിപ്പിച്ച വേദന ഒരു വലിയ പ്രതിസന്ധിയിലേക്കുള്ള ജാലകമാണ്. ഒരു പ്രമുഖ പേരിന്‌/ബ്രാൻഡിന് പിന്നിൽ ദശലക്ഷക്കണക്കിന് അദൃശ്യകുടുംബങ്ങളുണ്ട്. അമേരിക്ക എന്തിനാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത് എന്നതു മാത്രമല്ല, ചോദ്യം ലാഭം കൂട്ടാൻവേണ്ടി മനുഷ്യരെ റദ്ദുചെയ്യാവുന്ന താത്‌കാലിക ഫയലുകളായിക്കാണുന്ന ഈ മാതൃക ലോകം അനുകരിക്കണമോ എന്നതാണ്.

(ലേഖകൻ മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തര പഠനവിദഗ്ധനുമാണ്)