വാഷിങ്ടൺ: സമ്പത്തിന്റെ നെറുകയിലിരിക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതം കൈവിടാത്ത അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റ് അറുപതാണ്ടിനുശേഷം ബെർക്ഷയർ ഹാത്തവേയുടെ സിഇഒ (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ) സ്ഥാനമൊഴിയുന്നു. ഇക്കൊല്ലം അവസാനത്തോടെ ഇതുണ്ടാകും. 2021-ൽ ബഫറ്റ് പിൻഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയർമാനും കനേഡിയൻ വ്യവസായിയുമായ ഗ്രെഗ് ഏബലാകും (62) പുതിയ സിഇഒ.
ലോകത്തെ അഞ്ചാംനമ്പർ കോടീശ്വരനാണ് തൊണ്ണൂറ്റിനാലുകാരനായ ബഫറ്റ്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.
പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ടെക്സ്റ്റൈൽ കമ്പനിയായിരുന്ന ബെർക്ഷയറിനെ 60 വർഷംകൊണ്ട് 1.16 ലക്ഷംകോടിയിലേറെ ഡോളർ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ്. 200 സംരംഭങ്ങൾ ഇന്ന് ബെർക്ഷയറിന്റെ കുടക്കീഴിലുണ്ട്.
1965-ൽ സുഹൃത്ത് ചാർലി മുംഗറിനൊപ്പമാണ് ബഫറ്റ് ബെർക്ഷയർ ഏറ്റെടുത്തത്. 1970-ൽ സിഇഒ സ്ഥാനത്തെത്തി. 2023 നവംബറിൽ മുംഗർ അന്തരിച്ചു.
ഓമഹയിലെ ദീർഘദർശി
- *ബഫറ്റും മുംഗറും ജനിച്ചുവളർന്ന യുഎസ് നഗരമായ ഓമഹയാണ് ബെർക്ഷയറിന്റെ ആസ്ഥാനം. ബിസിനസ് വിജയവും ജ്ഞാനവും ലളിതമായ ജീവിതശൈലിയും ബഫറ്റിന് ‘ഓറക്കിൾ ഓഫ് ഓമഹ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു.
- സാധാരണക്കാരുടെ വേഷത്തിൽ നടന്ന് സഹായത്തിന് അർഹരായവരെ കണ്ടെത്തി വേണ്ടത് ചെയ്യുക ബഫറ്റിന്റെ രീതിയായിരുന്നു.
- ഓമഹയിൽ 1958-ൽ 31,500 ഡോളറിന് വാങ്ങിയ ഇടത്തരം വീട്ടിലാണ് താമസം
- 2006 മുതൽ സമ്പത്തിന്റെ പകുതി ജീവകാരുണ്യപ്രവർത്തനത്തിന് നൽകുന്നു
Content Highlights: Warren Buffett to Step Down as Berkshire Hathaway CEO After 60 Years
Published: 05 May 2025, 07:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented