മൂന്നാം ലോകമഹായുദ്ധം എന്ന ആശങ്കയുടെ മുനമ്പിലാണ് കുറേക്കാലമായി ലോകം. അത് യുക്രെയിനിലോ ഗാസയിലോ ആയിരിക്കും തുടങ്ങുന്നത് എന്ന് പോലും ആശങ്ക ഉയര്‍ന്നു. പിന്നീട് ഇസ്രായേല്‍ ആക്രമണം ലെബനനിലേക്ക് വ്യാപിപ്പിച്ചപ്പോള്‍ അവിടെ ആവുമെന്ന്, അല്ലെങ്കില്‍ ഇറാനിലാവുമെന്ന് കരുതിയവരുമുണ്ട്. പക്ഷേ, എല്ലാവര്‍ക്കും തെറ്റി എന്നു തോന്നുന്നു. സിറിയയില്‍ അപ്രതീക്ഷിതമായി പുനരാരംഭിച്ച യുദ്ധം ഇപ്പോള്‍ തന്നെ ഒരു മിനി ലോകയുദ്ധമാണ്, അത് പൂര്‍ണതോതിലെ ലോകയുദ്ധമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിറിയയില്‍ വീണ്ടും യുദ്ധക്കൊതിയന്മാര്‍ ഉറക്കമെണീറ്റത് ഒരാഴ്ച മുമ്പാണ്. വിമതസേനകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ അവര്‍ സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോ പിടിച്ചെടുത്തു. പിന്നെ തുടര്‍ച്ചയായ മുന്നേറ്റം. നിരവധി ചെറുപട്ടണങ്ങള്‍ പിടിച്ചെടുത്ത അവര്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കുള്ള പടയോട്ടത്തിലാണ്. അവിടെ നിന്നും 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹമാ നഗരത്തെ അവര്‍ മിക്കവാറും വളഞ്ഞിരിക്കുകയാണ്. ആലെപ്പോ വീണപ്പോള്‍ മുതല്‍ റഷ്യന്‍-സിറിയന്‍ പോര്‍വിമാനങ്ങള്‍ വിമതകേന്ദ്രങ്ങളില്‍ ബോംബു വര്‍ഷിക്കാന്‍ തുടങ്ങിയെങ്കിലും വിമതപോരാളികള്‍ തളരാതെ കുതിക്കുകയാണ്. ഇതിനിടെ ഇസ്രായേലും കളത്തിലിറങ്ങി, ഹിസ്ബുള്ളയുടെ ഒരു പ്രധാന നേതാവിനെ സിറിയയില്‍ വെച്ച് വധിച്ചു. വിമതസേനകളെ സഹായിക്കാന്‍ യുക്രെയിന്റെ പരിശീലകര്‍ രംഗത്തിറങ്ങി എന്ന് രണ്ടു ദിവസം മുമ്പ് റഷ്യ ആരോപിച്ചിരുന്നു.
അതായത്, യുക്രൈനെതിരായ യുദ്ധത്തില്‍ വലിയ മേല്‍ക്കൈ നേടിയ റഷ്യയെ കൂടുതല്‍ തളര്‍ത്തി അവരുടെ പട്ടാളത്തിന്റെ ദൗര്‍ബല്യം മുതലെടുക്കാന്‍ ഇസ്രായേലും മറ്റു പാശ്ചാത്യ ശക്തികളും അമേരിക്കയും തീരുമാനിച്ചതാണെന്ന് ന്യായമായും സംശയിക്കാം. വിമത സൈന്യങ്ങളുടെ കയ്യില്‍ ഇത്രയധികം കവചിത വാഹനങ്ങളും ടാങ്കുകളും മിസൈലുകളും പടക്കോപ്പുകളും സജ്ജീകരണങ്ങളും ഒക്കെ ഇത്ര പെട്ടെന്ന് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നു മാത്രം ആലോചിച്ചാല്‍ മതി. റഷ്യയും ഇറാനും ക്ഷീണിച്ചവശരായ നേരത്ത് അവരെ ഒതുക്കാനുള്ള ശ്രമമാണ് അമേരിക്കയും ഇസ്രായേലും നടത്തുന്നത്. ഇനിയുമെന്തെല്ലാം കളികള്‍ ലോകം കാണാനിരിക്കുന്നു!
പടക്കളത്തിലെ മല്ലന്‍മാരും വെടിനിര്‍ത്തലും
സിറിയയില്‍ നേരിട്ടും അല്ലാതെയും പടപൊരുതുന്നത് എത്ര രാജ്യങ്ങളാണ് എന്നു നോക്കുക. സിറിയയുടെ ഭൂരിഭാഗവും അധീനതയിലുള്ള പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് നയിക്കുന്ന ഔദ്യോഗിക ഭരണകൂടമാണ് ഒരു ഭാഗത്ത്. അദ്ദേഹത്തെ സഹായിക്കാന്‍ ഇറാനുണ്ട്, ഇറാന്റെ പ്രോക്‌സികളായ ഹിസ്ബുള്ളയും ഇറാക്കിലെ മിലിഷ്യകളുമുണ്ട് (ആവുമായിരുന്നെങ്കില്‍ പലസ്തീനിലെ ഹമാസും ആയുധമെടുത്ത് ഒപ്പം കൂടിയേനെ) ഇതിനെല്ലാം പുറമേ റഷ്യയുണ്ട്. സിറിയയില്‍ റഷ്യയ്ക്ക് നിരവധി സൈനികത്താവളങ്ങളുണ്ട്, 70,000 വരുന്ന സൈനികരുണ്ട്. ഇതില്‍ പതിനായിരത്തിലധികം പേര്‍ റഷ്യന്‍ സ്‌പെഷല്‍ ഫോഴ്‌സ് (സ്‌പെസ്‌നാറ്റ്‌സ്) എന്ന അതിവിദഗ്ധ പോരാളികളാണ്.
മറുഭാഗത്ത് വിമത സേനകളാണ്. അമേരിക്കയുടെയും തുര്‍ക്കിയുടെയും ചില ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള സായുധസംഘങ്ങള്‍. ഇവരില്‍ പ്രധാനി ഹയാത്ത് തഹ്രീരി അല്‍ ഷാം (എഛ്.ടി.എസ്) എന്ന സംഘമാണ്. മുമ്പ് അല്‍ ഖ്വയ്ദയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അല്‍ നുസ്ര സഖ്യം പരിണമിച്ചതാണ് ഈ സൈന്യം. എഛ്.ടി.എസ് പിന്നീട് അല്‍ ഖ്വയ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. അമേരിക്ക പിന്തുണയ്ക്കുന്നത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) എന്ന കുര്‍ദിഷ് പോരാളികളുടെ ഗ്രൂപ്പിനെയാണ്, ഭീകരവാദികളായ ഐസിസിനെ ചെറുക്കാനെന്ന പേരില്‍. വടക്കന്‍ സിറിയയില്‍ സ്വന്തം താവളവുമുണ്ട് അമേരിക്കയ്ക്ക്. തുര്‍ക്കി പിന്തുണയ്ക്കുന്നത് ഫ്രീ സിറിയന്‍ ആര്‍മി എന്ന എഫ്.എസ്.എയെയും. തുര്‍ക്കിപ്പട്ടാളം ഐസിസിനെതിരെ മാത്രമല്ല, സിറിയയിലെ കുര്‍ദ് വംശജര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ടുണീഷ്യ, ഈജിപ്ത് സര്‍ക്കാരുകളെ കടപുഴക്കിയ 2011 -ലെ അറബ് വസന്തത്തില്‍ അസദ് നയിക്കുന്ന സിറിയന്‍ സര്‍ക്കാരും നിലംപതിക്കുമെന്ന് തോന്നിച്ചതാണ്. അതിനുള്ള പാശ്ചാത്യനീക്കങ്ങള്‍ തകൃതിയായി നടന്നെങ്കിലും ഫലിച്ചില്ല. ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ 2015 വരെ അസദ് പിടിച്ചു നിന്നു. ഏതുനിമിഷവും സര്‍ക്കാര്‍ വീഴും എന്നു തോന്നിയ സമയത്താണ് റഷ്യ ഇടപെട്ടത്. അതോടെ കളി മാറി. വിമതര്‍ ഇപ്പോള്‍ ആലെപ്പോ പിടിച്ചതു പോലെ 2015-ല്‍ സിറിയന്‍ സര്‍ക്കാരിന്റെ അതിജീവനപ്പോരാട്ടത്തില്‍ നിര്‍ണായകമായത് അവര്‍ക്ക് ഇതേ നഗരം തിരിച്ചുപിടിച്ചതാണ്. റഷ്യന്‍ ആയുധങ്ങളും പോര്‍വിമാനങ്ങളും വിമതരെ തുരത്തിയോടിച്ചു. പതുക്കെ സിറിയന്‍ സര്‍ക്കാര്‍ ശക്തി വീണ്ടെടുത്തു. 2019-ല്‍ ഇരുകൂട്ടരും തമ്മില്‍ സന്ധി സ്ഥാപിച്ചു. താന്താങ്ങളുടെ മേഖലകളില്‍ നിയന്ത്രണവുമായി സര്‍ക്കാരും വിമതരും. രാജ്യത്തിന്റെ വടക്കു ഭാഗത്ത് ഇഡ്‌ലിബ് കേന്ദ്രീകരിച്ചാണ് വിമതര്‍. എല്ലാം ശാന്തമായി തുടരുന്ന സമയത്താണ് തണുത്തുറഞ്ഞ തടാകത്തിന് തീപിടിക്കും പോലെ അന്തരീക്ഷത്ത് വെടിയൊച്ചയും നിലവിളിയും തീയും പുകയും വന്നു നിറഞ്ഞത്. ഒരാഴ്ചകം വീടുവിട്ട് ഓടേണ്ടി വന്നത് ഒന്നര ലക്ഷത്തോളം പേരാണ്!
മധ്യപൂര്‍വേഷ്യയില്‍ പാശ്ചാത്യരാജ്യങ്ങളും റഷ്യയുമൊക്കെ നേരിട്ട് ഇടപെടുന്നത് ജനാധിപത്യം സംരക്ഷിക്കാനും ഭീകരവാദികളെ തകര്‍ക്കാനുമാണ് എന്നൊക്കെ പറയുമെങ്കിലും പ്രധാന കാരണങ്ങള്‍ രണ്ടാണ്. 1. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചുളുവില്‍ സ്വന്തമാക്കുക. 2. ഭൗമരാഷ്ട്രീയക്കളിയില്‍ മുന്‍തൂക്കം നേടുക. 2018-ലെ കണക്കു പ്രകാരം സിറിയയ്ക്ക് 250 കോടി ബാരല്‍ എണ്ണയുടെ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും വിമത നിയന്ത്രിത മേഖലകളിലാണ്. (ഇപ്പോള്‍ എണ്ണയ്ക്ക് ഇറാനെ ആശ്രയിക്കേണ്ടഅവസ്ഥയിലാണ് സിറിയ.) ഐസിസിന്റെ മുഖ്യവരുമാനം എണ്ണ വില്‍പ്പനയായിരുന്നു. അവരുടെ പതനത്തിനു ശേഷം എണ്ണപ്പാടങ്ങള്‍ കുര്‍ദ് സേനയായ എസ്.ഡി.എഫിന്റെ കയ്യിലായി. ഒരു അമേരിക്കന്‍ കമ്പനി ഈ കുര്‍ദ് സേനയുമായി എണ്ണവില്‍പ്പനയ്ക്ക് കരാറുണ്ടാക്കി.
അമേരിക്ക X റഷ്യ ഇറാന്‍X ഇസ്രായേല്‍
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ സിറിയയിലെ യുദ്ധത്തിന്റെ പേരില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ശക്തമായി ഏറ്റുമുട്ടി. ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ ഡെപ്യൂട്ടി അംബാസിഡര്‍ റോബര്‍ട്ട് വുഡ് അസദിന്റെ സൈന്യവും റഷ്യന്‍ പട്ടാളവും സ്‌കൂളുകളും ഹോസ്പിറ്റലുകളും ഒക്കെ ആക്രമിക്കുകയും സാധാരണ പൗരന്മാരെ കൊല്ലുകയും ചെയ്യുന്നതായി ആരോപിച്ചു. മറുപടിയായി റഷ്യയുടെ അംബാസിഡര്‍ വാസിലി നെബെന്‍സിയ, വിമതസേനകള്‍ നടത്തുന്നത് തീവ്രവാദി ആക്രമണം ആണെന്നും അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെ ആത്മാര്‍ത്ഥമായി പൊരുതാന്‍ അമേരിക്ക ഒരിക്കലും തയ്യാറാകില്ല എന്നും പറഞ്ഞു. 'ഒരുതരത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ഇപ്പോള്‍ മുതല്‍ നമ്മള്‍ ഇരുവരും എതിര്‍ വിഭാഗങ്ങളിലാണ് എന്നതില്‍' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളെ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല' എന്ന് തിരിച്ചടിച്ച വുഡ് ലോകമെമ്പാടും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളെ താങ്ങിനിര്‍ത്തുന്ന പണിയാണ് റഷ്യ ചെയ്യുന്നത് എന്നാരോപിച്ചു.
സിറിയയിലെ അനിശ്ചിതാവസ്ഥ മുതലാക്കുന്ന ഇസ്രായേല്‍ പട്ടാളം കഴിഞ്ഞദിവസം സിറിയയിലെ ഹിസ്ബുള്ളാ സ്ഥാനപതി സല്‍മാന്‍ നെമര്‍ ജമായെ വ്യോമാക്രമണത്തില്‍ വധിച്ചിരുന്നു. ലെബനോനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഇരുകൂട്ടരും- ഇസ്രായേലും ഹിസ്ബുള്ളയും-അത് ലംഘിക്കുന്നുണ്ട്. സിറിയയില്‍ മുമ്പും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്, ഹിസ്ബുള്ളയുടെ ആയുധപ്പുരകളെ തകര്‍ക്കാനെന്ന പേരില്‍. തങ്ങളുടെ പ്രോക്‌സികളായ ഹമാസും ഹിസ്ബുള്ളയും ഒരു പരിധി വരെ യെമനിലെ ഹൂഥി വിമതരും നിലംപരിശായതോടെ ഇറാന്‍ ഏതാണ്ട് കൈകള്‍ ഛേദിക്കപ്പെട്ടനിലയിലാണ്. ഇസ്രായേല്‍ നിര്‍ദ്ദയം അതു മുതലാക്കുന്ന തിരക്കിലും.
സിറിയയില്‍ യുദ്ധം പുറപ്പെട്ടതിന് പിന്നില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള ഗൂഢാലോചന ആണെന്നാണ് ഇറാനിലെ സൈനിക കമാന്‍ഡര്‍ ആയിരുന്ന മേജര്‍ ജനറല്‍ റിസായില്‍ പറയുന്നത്. വിമത തീവ്രവാദികളെ ഇസ്രായേല്‍ പ്രകോപിപ്പിക്കുകയായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ ഒരുമിച്ച് ഇസ്രായേലിനെതിരെ ആക്രമണത്തിന് ഒരുമിക്കാന്‍ സമയമായെന്നും അത് ചെയ്തില്ലെങ്കില്‍ വൈകാതെ ഇറാഖും പലസ്തീനിലെ വെസ്റ്റ്ബാങ്കും ജോര്‍ദാനും ഒക്കെ അവര്‍ ലക്ഷ്യം വച്ചേക്കുമെന്നും റിസായില്‍ പറയുന്നു.
റഷ്യയെ സംബന്ധിച്ചിടത്തോളം സിറിയയിലെ ഇടപെടല്‍ വളരെ പ്രധാനപ്പെട്ടതാണ്. വര്‍ണ്ണവിപ്ലവത്തെ തുടര്‍ന്ന് റഷ്യാ അനുകൂലിയായിരുന്ന യുക്രെയിന്‍ പ്രസിഡന്റ് വിക്തോര്‍ യാനുക്കോവിച്ച് 2014-ല്‍ അട്ടിമറിക്കപ്പെട്ടതാണ് അതിന് പ്രധാന കാരണം. ക്രൈമിയയെ റഷ്യയോട് ചേര്‍ക്കാനും ഡോണ്‍ബാസില്‍ ഇടപെടാനും പ്രേരിപ്പിച്ചത് ഈ വര്‍ണവിപ്ലവങ്ങള്‍ സ്വന്തം രാജ്യത്തേക്കും പടരുമോയെന്ന ആശങ്ക റഷ്യന്‍ പ്രസിഡന്റ് പുതിന് ഉണ്ടായതിനാലാണെന്ന് കരുതുന്നവരുണ്ട്. ക്രൈമിയ പിടിച്ചെടുത്ത ശേഷം ഉണ്ടായ ഉപരോധവും സിറിയയിലേക്ക് പട്ടാളത്തെ അയക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചിട്ടുണ്ടാവണം, പാശ്ചാത്യ രാജ്യങ്ങളെ ചര്‍ച്ചക്ക് പ്രേരിപ്പിക്കാന്‍ മറ്റൊരു യുദ്ധമുഖം തുറക്കുന്നത് നല്ലതാണെന്ന ചിന്തയില്‍.
സിറിയയിലെ റഷ്യയുടെ മിന്നുന്ന പ്രകടനം സിറിയയ്ക്ക് പുറത്തും അവര്‍ക്ക് ഗുണം ചെയ്തു. തുര്‍ക്കിയുമായി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനായി. മധ്യപൂര്‍വേഷ്യയിലെ മറ്റ് അറബി രാജ്യങ്ങളുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തി. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്,സുഡാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം മോസ്‌കോ സന്ദര്‍ശിച്ചു. സാമ്പത്തികമായും റഷ്യയ്ക്ക് നേട്ടമായിരുന്നു. നിരവധി കരാറുകള്‍ റഷ്യക്കും റഷ്യന്‍ കമ്പനികള്‍ക്കും നേടിയെടുക്കാനായി.
ഏറ്റവും വലിയ നേട്ടം സൈനികതലത്തിലായിരുന്നു. റഷ്യയുടെ 600 പുതിയ ആയുധങ്ങള്‍ മിലിട്ടറി ആക്ഷനില്‍ പരീക്ഷിച്ചു നോക്കാന്‍ കഴിഞ്ഞുവെന്നാണ് 2017ലെ കണക്ക്. റഷ്യയിലെ കൂലിപ്പട്ടാള ബിസിനസിനെ ശക്തിപ്പെടുത്തിയതും ഈ യുദ്ധം തന്നെ. പ്രത്യേകിച്ച് പ്രിഗോഷിന്റെ വാഗ്നര്‍ ഗ്രൂപ്പിനെ. അദ്ദേഹത്തിന്റെ കൂലിപ്പടയാളികള്‍ ആഫ്രിക്കയിലെ പലയിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒരു രാജ്യം എന്ന നിലയില്‍ റഷ്യക്ക് സാമ്പത്തിക മെച്ചത്തേക്കാള്‍ കാര്യമായ രാഷ്ട്രീയമെച്ചം ഉണ്ടായി എന്നു ചുരുക്കം.
പിന്‍തൊഴി: പുതിന്‍ ഓറിയെഷ്‌നിക് ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്തപ്പോള്‍ യുക്രെയിനും യൂറോപ്പിനും മനസ്സിലായത് അമേരിക്കയും ഇസ്രായേലും മനസ്സിലാക്കുമ്പോള്‍ വൈകുമെന്നാണ് തോന്നുന്നത്. പോണപോക്കില്‍ തന്റെ പിന്‍ഗാമി ഡൊണാള്‍ഡ് ട്രംപിന് പണി കൊടുക്കാനുള്ള വ്യഗ്രതയില്‍ ജോ ബൈഡന്‍ ഒരു രാജ്യത്തെക്കൂടി യുദ്ധക്കെടുതികളിലേക്ക് വലിച്ചിട്ടിരിക്കുകയാണ് താന്‍ എന്നു മനസ്സിലായിക്കാണില്ല!
Content Highlights: war in syria, world war
Published: 05 Dec 2024, 08:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented