ന്യൂഡൽഹി: പാകിസ്താനിലെ ഇസ്ലാമാബാദിൽ അൽ ബദർ കമാൻഡർ ഹംസ ബുർഹാന്റെ ശവസംസ്‌കാര ചടങ്ങിൽ കൊടുംതീവ്രവാദികൾ പങ്കെടുത്തതായി റിപ്പോർട്ട്. പാകിസ്താൻ ആഗോള ഭീകരതയുടെ കയറ്റുമതി കേന്ദ്രമാണെന്ന ഇന്ത്യയുടെ ആരോപണത്തെ എതിർത്തിരുന്ന പാക് സർക്കാരിന്റെ വാദങ്ങളെ തകർക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

To advertise here,

ലോകം തിരയുന്ന കൊടും ഭീകരരുടെ വലിയൊരു സംഗമത്തിനാണ് പാകിസ്താൻ കഴിഞ്ഞ ദിവസം വേദിയായത്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നടന്ന ഹംസ ബുർഹാന്റെ ശവസംസ്‌കാര ചടങ്ങിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഇന്ത്യയിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിന് ശേഷം പാകിസ്താനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബുർഹാനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ചടങ്ങിൽ, അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ ഉൾപ്പെടെയുള്ള കൊടുംഭീകരരുടെ സാന്നിധ്യം ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. 

അൽ ബദർ തലവൻ ഭക്ത് സമീൻ ഖാനും ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദികൾക്ക് പാകിസ്താൻ ഭരണകൂടം നൽകുന്ന സുരക്ഷയും സംരക്ഷണവും തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികൾക്ക് അയൽരാജ്യം സുരക്ഷിത താവളമൊരുക്കുന്നു എന്ന ആരോപണത്തിന് ഈ ദൃശ്യങ്ങൾ വലിയ തെളിവായി മാറിയിരിക്കുകയാണ്.

ഡോക്ടർ എന്ന രഹസ്യപ്പേരിൽ അറിയപ്പെട്ടിരുന്ന അർജുമാൻത്‌ ഗുൽസാർ ദാർ എന്ന ഹംസ ബുർഹാൻ നിരോധിത ഭീകര സംഘടനയായ അൽ ബദറിന്റെ ഉന്നത കമാൻഡറായിരുന്നു. ജമ്മു കശ്മീരിൽ ഭീകര ശൃംഖലയ്ക്ക് നേതൃത്വം നൽകിയതിന് ഇന്ത്യ ഇയാളെ തിരഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം പാക് അധീന കശ്മീരിൽ (PoK) അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്.

ഇസ്ലാമാബാദിൽ നടന്ന ബുർഹാന്റെ ശവസംസ്‌കാര ചടങ്ങിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നു. സായുധരായ ഭീകരരുടെ വലിയ തോതിലുള്ള വിന്യാസം സ്ഥലത്തുണ്ടായിരുന്നു.

ഇതിൽ ഭക്ത് സമീൻ ഖാന് ചുറ്റുമുള്ള കനത്ത സുരക്ഷാ സന്നാഹം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എകെ-47 അടക്കമുള്ള ആധുനിക ആയുധങ്ങളേന്തിയ ഭീകരർ ഇയാൾക്ക് ചുറ്റും സുരക്ഷാവലയം തീർത്തിരുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലും അടുത്ത കാലത്തായി നടന്ന ഭീകരരുടെ കൊലപാതകങ്ങളെത്തുടർന്ന് ഇയാളുടെ സുരക്ഷ വർധിപ്പിച്ചതായാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത് ഭീകര സംഘടനകൾക്കിടയിൽ ഭീതി പടർത്തിയിട്ടുണ്ട്. പാകിസ്താൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് ഭരണകൂടം നൽകുന്ന പിന്തുണയുടെ പേരിൽ പാകിസ്താൻ പലപ്പോഴും അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഏകദേശം ഒരു മാസം മുമ്പ്, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായിയും 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ തൊയ്ബ (LeT) ഭീകരനുമായ ഹാഫിസ് തൽഹ സയീദുമായി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങിൽ പാകിസ്താനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തതും വലിയ വിവാദമായിരുന്നു.

ആരായിരുന്നു ഹംസ ബുർഹാൻ?

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ബുർഹാൻ, പാകിസ്താനിൽ എത്തുകയും അവിടെ അൽ ബദർ ഭീകര സംഘടനയിൽ ചേരുകയും ചെയ്തു. 2019-ൽ 40 സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ പേര് ആദ്യമായി പുറത്തുവന്നത്.

2022-ൽ ഇന്ത്യ ഇയാളെ  ഭീകരനായി പ്രഖ്യാപിച്ചു. കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിലും ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും, പാകിസ്താനിൽ നിന്നുള്ള ഭീകരവാദ ഫണ്ടിങ് കൈകാര്യം ചെയ്യുന്നതിലും ബുർഹാൻ നിർണ്ണായക പങ്കുവഹിച്ചതായി സുരക്ഷാ ഏജൻസികൾ പറയുന്നു. അൽ ബദറിനായി ശൃംഖല സ്ഥാപിക്കുന്നതിലും പുതിയ റിക്രൂട്ടുകളെ ഏകോപിപ്പിക്കുന്നതിലും ഇയാൾ മുഖ്യപങ്കുവഹിച്ചിരുന്നു.

പാക് അധീന കശ്മീരിലെ (PoK) മുസാഫറാബാദിൽ കുറച്ചുകാലമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പ്രാദേശിക പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ കോളേജ് പരിസരത്തുനിന്ന് പുറത്തേക്ക് വരുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

തലയിൽ മൂന്ന് വെടിയുണ്ടകളേറ്റ ബുർഹാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിച്ചതായി പാകിസ്താൻ പോലീസ് അറിയിച്ചു. സംഭവത്തിൽ സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ഇയാളിൽനിന്ന് ആയുധം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.