വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ എത്തിച്ചേർന്നു. യു.എസ്.എസ്. ട്രിപ്പോളി തങ്ങളുടെ പ്രവർത്തന പരിധിയിൽ എത്തിച്ചേർന്നതായി യു.എസ്. സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സേനാംഗങ്ങളുമായിട്ടാണ് കപ്പൽ പശ്ചിമേഷ്യയിലെത്തിയത്. ജപ്പാനിലായിരുന്ന ഈ കപ്പൽ രണ്ടാഴ്ച മുമ്പാണ് പ്രത്യേക നിർദേശത്തെ തുടർന്ന് ഇറാൻ ദൗത്യത്തിന്റെ ഭാഗമാകാനായി പശ്ചിമേഷ്യയിലേക്ക് തിരിച്ചത്.

To advertise here,

ഒരു ഭാഗത്ത് പെന്റഗൺ ഇറാനിൽ കരയാക്രമണത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കരയിലും കടലിലും സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനായി രൂപകൽപന ചെയ്ത യുഎസ്എസ് ട്രിപ്പോളി മേഖലയിലേക്ക് എത്തിച്ചേർന്നത് എന്നതും ശ്രദ്ധേയമാണ്. 3500 ഓളം സേനാംഗങ്ങൾക്ക് പുറമേ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെയുള്ള യുദ്ധോപകരണങ്ങളും കപ്പലിൽ എത്തിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇറാനിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് പെന്റഗൺ തയ്യാറെടുക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കരസേനയെ വിന്യസിക്കാനുള്ള പദ്ധതികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകുമോ എന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

അതേസമയം യുഎസ് ഉദ്യോഗസ്ഥരിൽനിന്നുള്ള വിവരമനുസരിച്ച്, നിലവിലെ പദ്ധതികൾ സൂചിപ്പിക്കുന്നത് കരയുദ്ധമെന്നത് പൂർണ്ണമായ അധിനിവേശമായിരിക്കില്ല, മറിച്ച് പ്രത്യേക ദൗത്യസംഘവും കരസേനയും സംയുക്തമായുള്ള ഒരു ആക്രമണമായിരിക്കുമെന്നാണ്.

നിലവിൽ കരസേനയുടെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കക്ക് സാധിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപിന് 'സാധ്യമായ എല്ലാ സാഹചര്യങ്ങൾക്കും തയ്യാറെടുക്കേണ്ടതുണ്ടെന്നും, 'അടിയന്തര ഘട്ടങ്ങളിൽ പ്രസിഡന്റിന് പരമാവധി സാധ്യതകളും സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള പരമാവധി അവസരവും നൽകാൻ' അമേരിക്കൻ സേന സജ്ജമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾ നടക്കുന്നുണ്ടെന്ന ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചതോടെ പെന്റഗൺ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ ആക്രമണത്തിൽ ചുരുങ്ങിയത് 10 യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾകൂടി ഈ തർക്കത്തിലേക്ക് പ്രവേശിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.