
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഗെറാൾഡ് ആർ ഫോർഡ് ഇപ്പോൾ സങ്കീർണ്ണമായ ഒരു ആഭ്യന്തര പ്രതിസന്ധി നേരിടുകയാണ്. ഇറാനുമായുള്ള യുദ്ധഭീഷണിക്കിടയിൽ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന ഈ കപ്പലിലെ 4,500-ലധികം നാവികർ തകരാറിലായ ശുചിമുറികളും മലിനജല സംവിധാനവും കാരണം ദുരിതമനുഭവിക്കുകയാണ്. 13.3 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഈ അത്യാധുനിക ആണവക്കപ്പൽ അമേരിക്കയുടെ ആക്രമണങ്ങളുടെ കരുത്താണെങ്കിലും, അതിനുള്ളിലെ ജീവിതം നിലവിൽ പാടേ താളംതെറ്റിയ അവസ്ഥയിലാണ്.
കപ്പലിലെ 650 ശുചിമുറികളിൽ ഭൂരിഭാഗവും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രവർത്തനരഹിതമാണ്. കപ്പൽ തുടർച്ചയായി യാത്രയിലായതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. വാക്വം അധിഷ്ഠിത മലിനജല സംവിധാനത്തിലെ എഞ്ചിനീയറിംഗ് തകരാർ കാരണം ഒരു വാൽവ് പരാജയപ്പെട്ടാൽ പോലും ഒരു ഡിപ്പാർട്ട്മെന്റിലെ മുഴുവൻ ശുചിമുറികളും തടസ്സപ്പെടുന്നു. പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ഓരോ തവണയും 400,000 ഡോളർ ചെലവഴിച്ച് ആസിഡ് ഫ്ലഷ് നടത്തേണ്ടി വരുന്നത് അമേരിക്കൻ നാവികസേനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ശുചിമുറികൾക്കായി സൈനികർക്ക് ദിവസവും 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നത് അവിടെ വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.
കഴിഞ്ഞ എട്ടു മാസമായി കടലിൽ തുടരുന്ന കപ്പലിന്റെ സേവന കാലാവധി നീട്ടിയതാണ് അറ്റകുറ്റപ്പണികൾ തടസ്സപ്പെടാൻ ഇടയാക്കിയത്. വെനിസ്വേലൻ ആക്രമണത്തിൽ നിർണ്ണായക പങ്ക് വഹിച്ച ശേഷം ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കപ്പലിന്റെ വിന്യാസം എട്ടു മാസത്തേക്ക് കൂടി നീട്ടിയത്. സാധാരണ ആറുമാസത്തെ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കുന്നത് പ്ലംബിംഗ് ജോലികൾ ഏറ്റെടുക്കുന്ന ഹൾ ടെക്നീഷ്യൻമാരെയും കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്,. അവർ ദിവസം 19 മണിക്കൂർ വരെയാണ് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പണിയെടുക്കുന്നത്.
കുടുംബങ്ങളിൽ നിന്ന് മാസങ്ങളോളം വിട്ടുനിൽക്കുന്നത് സൈനികരുടെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും ഇരുപതുകളിൽ പ്രായമുള്ള യുവ സൈനികർക്ക് ദീർഘകാലത്തെ വിന്യാസം മൂലം കടുത്ത ക്ഷീണം അനുഭവപ്പെടുന്നു. കുട്ടികളുടെ ജനനം, വിവാഹം, സംസ്കാരം തുടങ്ങിയ കുടുംബത്തിലെ പ്രധാന ചടങ്ങുകൾ നഷ്ടപ്പെടുന്നത് അവരെ മാനസികമായി തളർത്തുന്നുണ്ട്. നിലവിലെ ദൗത്യത്തിന് ശേഷം സൈനിക സേവനം തന്നെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലരും ആലോചിക്കുന്നതായാണ് വിവരം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ നിലപാട് കടുപ്പിക്കുന്നതോടെ, കപ്പലിനുള്ളിലെ ഈ പ്രതിസന്ധി പരിഹരിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായി തുടരുകയാണ്.
Content Highlights: world`s most expensive warship, USS Gerald R Ford, faces a severe sewage system failure impacting thousands of sailors.
Published: 24 Feb 2026, 08:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented