വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് നാവികസേനയുടെ നട്ടെല്ലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പൽ. ഈ മാസം ആദ്യം കപ്പലിലെ ഒരു നാവികൻ കടലിൽ വീഴുകയുണ്ടായി. എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകിയതായും തുടർചികിത്സയ്ക്കായി കപ്പലിൽ നിന്ന് മാറ്റിയതായും ഒരു യുഎസ് നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

To advertise here,

എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാസം സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ആത്മഹത്യാ ശ്രമങ്ങളായിരുന്നു എന്നാണ് ആരോപണം. ഒമ്പത് മാസത്തോളമായി കടലിൽ തുടരുന്ന യുഎസ്എസ് എബ്രാഹം ലിങ്കണിലെ നാവികരുടെ മാനസികാരോഗ്യം സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും ഇടയിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. 

കപ്പലിലെ ശോചനീയാവസ്ഥയും സൈനികരുടെ ജീവിത സാഹചര്യങ്ങളും സംബന്ധിച്ച ആശങ്കകൾ യുഎസ് സെനറ്റിലടക്കം ചർച്ചയായതിന് പിന്നാലെ മറ്റൊരു യുഎസ് വിമാന വാഹനി കപ്പൽ യുഎസ് പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുകയാണ്. യുഎസ്എസ് ജോർജ്ജ് വാഷിങ്ടൺ മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിലാണിപ്പോൾ.

അതേസമയം യുഎസ്എസ് എബ്രഹാം ലിങ്കണെ പശ്ചിമേഷ്യയിൽനിന്ന് മാറ്റുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും യുഎസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രചരിക്കുന്നത്ര ആശങ്കകളില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കം ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്. സമാനമായ സാഹചര്യം നേരിട്ട യുഎസ്എസ് ജെറാൾഡ് ഫോർഡിന്റെ വഴിയെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണിലെ നാവികരും കടന്നുപോകുന്നത്.

സാൻ ഡിയാഗോയിലുള്ള ഹോം പോർട്ടിൽ നിന്ന് 2025 നവംബർ 21-നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ പുറപ്പെട്ടത്. ഇപ്പോൾ 260-ലധികം ദിവസങ്ങളായി ഈ കപ്പൽ കടലിൽ തുടരുകയാണ്. ഇതിൽ 250-ഓളം ദിവസങ്ങളും ഒരു തുറമുഖത്ത് പോലും നങ്കൂരമിടാതെയാണ് നാവികർ കടലിൽ കഴിഞ്ഞത്. 2025 ഡിസംബർ മധ്യത്തിൽ ഗുവാമിലാണ് കപ്പൽ അവസാനമായി നങ്കൂരമിട്ടത്.

വിയറ്റ്‌നാം യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിന്യാസത്തിന്റെ റെക്കോർഡ് നേടിയ ജെറാൾഡ് ഫോർഡിനെ യുഎസ്എസ് എബ്രഹാം ലിങ്കൺ മറികടന്നേക്കുമെന്നാണ് സൂചന. ജെറാൾഡ് ഫോർഡ് 326 ദിവസത്തോളമാണ് തുടർച്ചയായി വിന്യാസത്തിലുണ്ടായിരുന്നത്.

സാധാരണയായി ഏഴ് മാസമാണ് ഒരു യുഎസ് വിമാനവാഹിനി കപ്പലിന്റെ വിന്യാസത്തിന്റെ കാലാവധിയെങ്കിലും, സമീപകാലത്തായി ഇത് ലംഘിക്കപ്പെടുന്നത് പതിവാണ്. ഈ പ്രവണത കപ്പലുകളിലെ നാവികരിൽ മാനസിക സമ്മർദ്ദം ചെലുത്തുമെന്നും നാവികസേന വിട്ടുപോകാൻ പോലും ഇത് പ്രേരിപ്പിച്ചേക്കാമെന്നും വിദഗ്ധരും മുൻ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

യുഎസ്എസ് എബ്രഹാം ലിങ്കണിൽ സേവനമനുഷ്ഠിക്കുന്നവരുടെ മനോവീര്യം വളരെ മോശം  നിലയിലാണെന്ന് യുഎസ് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകർക്കിടയിൽ ആത്മഹത്യാ ചിന്തകൾ ആവർത്തിച്ചു കേൾക്കുന്നുണ്ടെന്നും നാവികർ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കപ്പലിൽ മാനസികാരോഗ്യ പിന്തുണ നൽകാൻ സംവിധാനങ്ങളുണ്ടെന്ന് യുഎസ് നാവികസേനാ അധികൃതർ നൽകുന്ന വിശദീകരണം.

പ്രവർത്തിക്കാത്ത അലക്കു യന്ത്രങ്ങൾ, പൂപ്പൽ പിടിച്ച ഷവറുകൾ, കേടായ ടോയ്ലറ്റുകൾ, ചൂടുവെള്ളത്തിന്റെ കുറവ്, ശുദ്ധജല പ്രശ്‌നങ്ങൾ എന്നിവ കപ്പലിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് ജീവനക്കാരും കുടുംബാംഗങ്ങളും പരാതിപ്പെടുന്നത്.

കൂടാതെ അടിസ്ഥാന ശുചിത്വ വസ്തുക്കളുടെ ക്ഷാമമടക്കം കപ്പലിൽ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടുംബങ്ങൾ അയയ്ക്കുന്ന സാധനങ്ങൾ ലഭിക്കുന്നതിന് മാസങ്ങളാണ് എടുക്കുന്നതെന്നും നാവികർ പരാതിപ്പെടുന്നു. തുറമുഖങ്ങളിൽ അടുക്കാൻ കഴിയാത്തവിധം യുദ്ധത്തിൽ തുടരുന്നതാണ് കപ്പലിലെ സാഹചര്യം വഷളാക്കുന്നത്.

തുറമുഖ സന്ദർശനങ്ങൾ നടത്തുന്നവേളയിലാണ് പലപ്പോഴും സാധനങ്ങൾ സംഭരിക്കുന്നതും നാവികർ വിശ്രമിക്കുകയും ചെയ്യുന്നത്. കപ്പലിൽ ഇടയ്ക്കിടെ ഭക്ഷണക്ഷാമം അനുഭവപ്പെട്ടിട്ടുണ്ടെന്നും ശുദ്ധജല പ്രശ്‌നങ്ങളുണ്ടെന്നും നാവികരുടെ കുടുംബം സിഎൻഎന്നിനോട് ആരോപിച്ചു. ലിങ്കണിൽനിന്ന് രണ്ട് നാവികർ കഴിഞ്ഞ മാസം കടലിൽ ചാടിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.