ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ഏകദേശം 2,268 കിലോ ഗ്രാം (5,000 പൗണ്ട്) ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള 'ഡീപ് പെനട്രേറ്റർ' ബോംബുകളാണ് ഇറാൻ്റെ തീരപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ ലക്ഷ്യം വെച്ച് പ്രയോഗിച്ചത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ  ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

To advertise here,

അമേരിക്കയും ഇസ്രയേലും തങ്ങളുടെ രാജ്യത്തിന് മേൽ നടത്തുന്ന യുദ്ധത്തിന് തിരിച്ചടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്. ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലെ ഉപരോധം ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസ്സപ്പെടാനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് അമേരിക്ക എത്തിയത്.

ബങ്കർ ബസ്റ്ററുകൾ എന്ന് വിളിക്കപ്പെടുന്ന ഈ അത്യാധുനിക ബോംബുകൾക്ക് ഒന്നിന് ഏകദേശം 2,88,000(ഏകദേശം 26,078,400 രൂപ) ഡോളറാണ് വില കണക്കാക്കുന്നത്. കഠിനമായ പാറക്കെട്ടുകൾക്കും കോൺക്രീറ്റ് പാളികൾക്കും അടിയിൽ ഒളിപ്പിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങളെ തകർക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ തകർക്കാൻ അമേരിക്ക ഉപയോഗിച്ച 30,000 പൗണ്ട് ബോംബുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് പ്രഹരശേഷി കുറവാണെങ്കിലും മിസൈൽ കേന്ദ്രങ്ങൾ നശിപ്പിക്കാൻ ഇവ പര്യാപ്തമാണെന്ന് സൈന്യം വിലയിരുത്തുന്നു.

അതേസമയം ഹോർമുസിലെ സൈനിക നീക്കത്തിൽ സഹകരിക്കാനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആഹ്വാനം നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ തള്ളിക്കളഞ്ഞിരുന്നു. തങ്ങൾ നാറ്റോയെ ഇത്രയധികം സഹായിച്ചിട്ടും ഒരു മൈൻ സ്വീപ്പർ പോലും അയക്കാൻ സഖ്യകക്ഷികൾ തയ്യാറാകാത്തതിൽ ട്രംപ് കടുത്ത അമർഷം രേഖപ്പെടുത്തി. ഇറാൻ്റെ ആണവ പദ്ധതിയോടുള്ള നിലപാടുകളിലും അമേരിക്കയും സഖ്യകക്ഷികളും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.

സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെങ്കിലും യുദ്ധത്തിന്റെ ഉത്തരവാദിത്തം താൻ ഒറ്റയ്ക്ക് ഏറ്റെടുക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് തനിക്കുള്ള ഒരു തോന്നലിൻ്റെ അടിസ്ഥാനത്തിലാണ് ഈ യുദ്ധപാത തിരഞ്ഞെടുത്തതെന്നും തന്റെ മനസ്സ് പറയുന്നത് അനുസരിച്ച് മാത്രമേ ഇത് അവസാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.