വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ പിന്തുണയുള്ള സായുധ സഖ്യമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ (പിഎംഎഫ്) 10 അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

To advertise here,

കിഴക്കൻ ഇറാഖിലെ ഇറാൻ അനുകൂലികളുടെ കേന്ദ്രങ്ങളും ആയുധപ്പുരകളും ലക്ഷ്യമിട്ടാണ് യുഎസ്-സൗദി സഖ്യം ആക്രമണം നടത്തിയത്. അമേരിക്കൻ സേനയ്ക്കും സൗദിയിലെ എണ്ണ ഉദ്പാദന കേന്ദ്രങ്ങൾക്കുംനേരെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

റിയാദിലെയും രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെയും പെട്രോളിയം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാഖിൽനിന്ന് തൊടുത്തുവിട്ട ഡ്രോണുകളെ തടഞ്ഞതായും സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചാണ് ആക്രമണത്തിൽ പങ്കുചേർന്നതെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമേരിക്കൻ സേനയ്ക്കും സൗദി ഊർജ കേന്ദ്രങ്ങൾക്കുംനേരെ മുപ്പതിലധികം ഡ്രോൺ ആക്രമണ ശ്രമങ്ങൾ നടന്നതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ ആക്രമണങ്ങൾ നയിക്കുന്നത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ നിർത്തിവെച്ച് നയതന്ത്ര ചർച്ചകൾ പുനഃസ്ഥാപിച്ചിരിക്കുന്ന വേളയിലാണ് ഈ ആക്രമണങ്ങൾ നടന്നത്. ഇറാൻ അനുകൂല ഗ്രൂപ്പുകൾ ആക്രമണം തുടർന്നാൽ അമേരിക്ക ശക്തമായി തിരിച്ചടിക്കുമെന്ന് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.