വാഷിങ്ടണ്‍: റഷ്യയിലെ രണ്ട് വമ്പന്‍ എണ്ണക്കമ്പനികള്‍ക്കു മേല്‍ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് സത്യസന്ധതയും തുറന്നസമീപനവും കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. യുഎസ് ട്രഷറി മേധാവിയാണ് ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചിട്ടുള്ളത്. ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ട്രംപ്-പുതിന്‍ കൂടിക്കാഴ്ച റദ്ദാക്കിയതിന് തൊട്ടുപിറ്റേന്നാണ് ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള യുഎസ് നീക്കമെന്നതും ശ്രദ്ധേയമാണ്.

To advertise here,

യുക്തിരഹിതമായ ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് പുതിന്‍ വിസമ്മതിക്കുന്ന പശ്ചാത്തലത്തില്‍ യുക്രൈന്‍ യുദ്ധത്തിന് റഷ്യക്ക് പണം ലഭ്യമാക്കുന്ന റഷ്യയിലെ ഏറ്റവുംവലിയ രണ്ട് എണ്ണക്കമ്പനികള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും നേര്‍ക്കാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ബെസെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയതില്‍വെച്ച് ഏറ്റവും വലിയ ഉപരോധങ്ങളിലൊന്നാണ് ഇപ്പോഴത്തേതെന്ന് യുഎസ് നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ്, അന്താരാഷ്ട്ര മാധ്യമമായ ഫോക്‌സ് ബിസിനസിന് നല്‍കിയ പ്രതികരണത്തില്‍ ബെസെന്റ് പറഞ്ഞു. യുഎസ് പ്രതീക്ഷിച്ചിരുന്നതുപോലെ സത്യസന്ധതയോടെയും തുറന്നസമീപനത്തോടെയുമല്ല വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുതിന്‍ പങ്കാളിയായത്. ഓഗസ്റ്റ് മാസത്തില്‍ ട്രംപും പുതിനും അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍, സംഗതികള്‍ മുന്നോട്ടുപോകുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ട്രംപ് പിന്മാറിയിരുന്നു. വിഷയത്തില്‍ രഹസ്യചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചയില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയില്‍ പ്രസിഡന്റ് ട്രംപ് നിരാശനാണ് എന്നാണ് താന്‍ കരുതുന്നതെന്നും ബെസെന്റ് കൂട്ടിച്ചേര്‍ത്തു.