വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാർട്ടിക്കുള്ളിൽ അധികാരപ്പോര് ശക്തമാകുന്നതായി റിപ്പോർട്ട്. ട്രംപിന്റെ രാഷ്ട്രീയ ആധിപത്യത്തിന് വെല്ലുവിളിയുയർത്തി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെനറ്റർ ടെഡ് ക്രൂസ് തുടങ്ങിയ നേതാക്കൾ രംഗത്തെത്തിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭാവി നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുകയാണ്.

To advertise here,

ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെ വാഷിങ്ടണിലെ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുകയാണ്. ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, അയോവ, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ റിപ്പബ്ലിക്കൻ സ്വാധീനമേഖലകളിലും ഡെമോക്രാറ്റുകൾ മുന്നേറ്റമുണ്ടാക്കി. ഇതോടെ 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ നേതാക്കൾ തങ്ങളുടെ സ്വാധീനമുറപ്പിക്കാൻ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

ട്രംപിന്റെ പിൻഗാമിയായി ഇതുവരെ വിലയിരുത്തപ്പെട്ടിരുന്ന ജെ.ഡി. വാൻസിന്റെ രാഷ്ട്രീയ ഭാവി ഇപ്പോൾ തുലാസിലാണ്. തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി പ്രചാരണം നടത്തിയ വാൻസിന് ഭരണകൂടത്തിന്റെ ജനപ്രീതി ഇടിഞ്ഞതിൽ കാര്യമായ പങ്കുണ്ടെന്നാണ് മറ്റുനേതാക്കളുടെ വാദം. അതേസമയം, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെഡ് ക്രൂസ് എന്നിവരും ട്രംപിന് ശേഷമുള്ള റിപ്പബ്ലിക്കൻ നേതൃത്വത്തിനായുള്ള മത്സരത്തിൽ സാധ്യതയുള്ളവരായി പരിഗണിക്കപ്പെടുന്നുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെ രൂക്ഷമായി വിമർശിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിയെ 'ബ്ലൂ സുനാമി' എന്നാണ് ക്രൂസ് വിശേഷിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി, ജീവിതച്ചെലവിലെ വർധന, ഇറാനുമായുള്ള യുദ്ധം, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ എന്നിവയിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. പാർട്ടിയെ പിന്തുണച്ചിരുന്ന യുവാക്കൾ, കർഷകർ, ഗ്രാമീണ മേഖലകളിലെ ജനങ്ങൾ, ഹിസ്പാനിക് സമൂഹം, തൊഴിലാളിവർഗം തുടങ്ങിയ വിഭാഗങ്ങളിൽനിന്ന് പാർട്ടി അകലുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.