വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് വ്യക്തമാക്കി. തന്റെ ഇടപെടലില്‍ ഏഴ് യുദ്ധങ്ങളാണ് ഒഴിവായത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഏഴ് നൊബേല്‍ സമ്മാനങ്ങള്‍ക്ക് താന്‍ അര്‍ഹനാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. 

To advertise here,

"ഇന്ത്യയുടെയും പാകിസ്താന്റെയും കാര്യമെടുക്കൂ. നിങ്ങള്‍ക്കറിയാം ഞാന്‍ അത് എങ്ങനെ അവസാനിപ്പിച്ചുവെന്ന്. വ്യാപാരബന്ധം ഉപയോഗിച്ചാണ് ഞാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത്. അവര്‍ക്ക് വ്യാപാരം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ താത്പര്യമുണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും നേതാക്കളോട് എനിക്ക് ബഹുമാനമുണ്ട്. സമാനരീതിയില്‍ തായ്‌ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാൺഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷവും അവസാനിപ്പിച്ചു. അതില്‍ 60 ശതമാനവും അവസാനിപ്പിക്കാന്‍ സാധിച്ചത് അതാത് രാജ്യങ്ങള്‍ക്ക് അമേരിക്കയുമായുള്ള വ്യാപാരബന്ധം മൂലമാണ്.", ട്രംപ് അവകാശപ്പെട്ടു.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ തനിക്ക് നൊബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. അവരോട് തന്റെ ഇടപെടലില്‍ അവസാനിച്ച മറ്റ് ഏഴ് യുദ്ധങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളതെന്നും ട്രംപ് വ്യക്തമാക്കി. "റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്, ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അതും അവസാനപ്പിക്കും", ട്രംപ് അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ത്തന്നെ,  മറ്റുരാജ്യങ്ങളുടെ ബഹുമാനം ഏറ്റുവാങ്ങുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അമേരിക്ക കാഴ്ചവെയ്ക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.