ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ്റെ മരണം കൊലപാതകമാണെന്ന വാദവുമായി പ്രമുഖ ഫോറൻസിക് വിദഗ്ധൻ പ്രൊഫസർ മൈക്കിൾ ഫ്രീമാൻ. ബിബിസി ന്യൂസ്‌നൈറ്റിന് നൽകിയ അഭിമുഖത്തിലാണ് മൈക്കിൾ ഫ്രീമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്പ്‌സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിലവിൽ കരുതപ്പെടുന്നത്.

To advertise here,

പെൺകുട്ടികളെ ലൈംഗിക വ്യാപരാരത്തിനും കടത്തിനും ഇരയാക്കിയ കേസിൽ വിചാരണ നേരിടവേ ന്യൂയോർക്കിലെ മെട്രോപോളിറ്റൻ കറക്ഷനൽ സെന്റർ ജയിലിൽ കഴിയവേയാണ് വ്യവസായി ജെഫ്രി എപ്‌സ്റ്റീനെ മരിച്ചനിലയിൽ കണ്ടെത്തിയത്. എപ്‌സ്റ്റീൻ ജീവനൊടുക്കിയതാണെന്നാണ് ജയിൽ അധികൃതർ അന്ന് സ്ഥിരീകരിച്ചത്. എന്നാൽ, ഫോറൻസിക് രേകകൾ വിശകലനം ചെയ്തതിലൂടെ കൊലപാതക സാധ്യത തള്ളാനാകില്ലെന്നാണ് മൈക്കിൾ ഫ്രീമാൻ വാദിക്കുന്നത്.

2019 ഓഗസ്റ്റ് 10-നാണ് എപ്‌സ്റ്റീനെ ജയിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചിത്രങ്ങളും എപ്‌സ്റ്റീൻ ജീവനൊടുക്കിയതാണെന്ന വാദത്തെ സാധൂകരിക്കുന്നതായിരുന്നു. എന്നാൽ, ഫയലുകളും ചിത്രങ്ങളും വിശദമായി പരിശോധിച്ചപ്പോൾ, എപ്‌സ്റ്റീനെ കഴുത്തുഞെരിച്ച് കൊല്ലപ്പെടുത്തിയതാകാമെന്ന് മൈക്കിൾ ഫ്രീമാൻ വാദിക്കുന്നു. പിന്നിൽനിന്നുള്ള ആക്രമണത്തിലൂടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, അതേ കയർ ഉപയോഗിച്ച് മൃതദേഹം ജയിലിലെ കട്ടിലിൽ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എപ്‌സ്റ്റീന്റെ സഹോദരനായ മാർക്ക് എപ്‌സ്റ്റീൻ കൈമാറിയ മെഡിക്കൽ എക്‌സാമിനറുടെ ഔദ്യോഗിക ഫയലുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് ഫ്രീമാൻ പറഞ്ഞു. കഴുത്തിൽ കയർ മുറുകിയ പാടുകൾക്ക് മുകളിലായി നഖത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും കഴുത്തുഞെരിക്കപ്പെടുമ്പോൾ കയർ മാറ്റാൻ ഇര നടത്തിയ പ്രതിരോധ ശ്രമത്തിന്റെ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, എപ്‌സ്റ്റീന്റെ ഇടത് തോളിലുണ്ടായ ആന്തരിക രക്തസ്രാവവും മുഖത്തേറ്റ ക്ഷതങ്ങളും അദ്ദേഹം ആക്രമിക്കപ്പെട്ടു എന്നതിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിലെ പരിക്കുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യവും തമ്മിൽ ഒത്തുപോകുന്നില്ലെന്നും അതിനാൽ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ മാത്രമേ എത്തിച്ചേരാനാകൂ എന്നും ഫ്രീമാൻ പറഞ്ഞു.

എന്നാൽ, 2019-ൽ പോസ്റ്റ്‌മോർട്ടം നടത്തിയ ന്യൂയോർക്ക് സിറ്റി ചീഫ് മെഡിക്കൽ എക്‌സാമിനർ ഡോ. ബാർബറ സാംപ്‌സണിൻ്റെ റിപ്പോർട്ട് അനുസരിച്ച്, എപ്‌സ്റ്റീന്റേത് ആത്മഹത്യയാണ്. കൊലപാതകം നടക്കുമ്പോൾ ഉണ്ടാകാറുള്ള പരിക്കുകളൊന്നും മൃതദേഹത്തിൽ ഇല്ലെന്നായിരുന്നു ഔദ്യോഗിക മെഡിക്കൽ എക്സാമിനറുടെ വാദം.

എന്നാൽ, ഈ വാദങ്ങളിൽ സംശയമുണ്ടെന്ന് ഫ്രീമാൻ പറയുന്നു. തന്റെ നിഗമനങ്ങൾ ശാസ്ത്രീയമായ തെളിവുകളെ മാത്രം ആസ്പദമാക്കിയുള്ളതാണെന്നും ഗൂഢാലോചനാ സിദ്ധാന്തമല്ലെന്നും ഫ്രീമാൻ വ്യക്തമാക്കി. എപ്‌സ്റ്റീനെ കൊലപ്പെടുത്തിയത് ആരാണെന്ന കാര്യത്തിൽ തനിക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.