വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ഇവർക്കുനേരെ ആക്രമണം നടത്താനാണ് പദ്ധതി. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാധാരണ സ്‌ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്ടീവ് ഘടകങ്ങൾ കൂടി ചേർത്ത് നിർമിക്കുന്ന ബോംബുകളെയാണ് ഡേർട്ടി ബോംബ് എന്ന് വിളിക്കുന്നത്.

To advertise here,

ആക്രമിക്കേണ്ട വ്യക്തികൾ, ആക്രമണം നടത്തേണ്ട സ്ഥലം എന്നിവയടക്കമായിരുന്നു ഇറാന്റെ പദ്ധതി. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരാഴ്ചയായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ, അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ തയ്യാറാക്കിത്തുടങ്ങി.

അതേസമയം, ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന സൂചനകളുണ്ടെങ്കിലും അത് ഉടൻ നടപ്പാകുമെന്നതായി സ്ഥിരീകരണമില്ലെന്നും യുഎസ് വൃത്തങ്ങൾ പറയുന്നു. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് പറഞ്ഞു.

സാധ്യതയുള്ള എല്ലാത്തരം ഭീഷണികളെയും നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ, നിലവിൽ അമേരിക്കയ്ക്കു നേരെ വിശ്വസനീയമായ തരത്തിലുള്ള ഭീഷണികളൊന്നുമില്ലെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.