ടെഹ്റാൻ: 'യുദ്ധമോ സമാധാനമോ അല്ലാത്ത' അവസ്ഥയിൽ തുടരില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. യുദ്ധം ശക്തമാക്കുമെന്ന ഭീഷണിയും ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന പ്രസ്താവനകളും മാറിമാറി പ്രയോഗിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾക്കിടയിലാണ് ഇറാന്റെ പ്രതികരണം.

To advertise here,

യു.എസ് ചർച്ചകളുടെ പാതയാണോ അതോ യുദ്ധത്തിന്റെ പാതയാണോ തിരഞ്ഞെടുക്കുന്നത് എന്നത് തങ്ങൾക്ക് വിഷയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ മുന്നോട്ടുവെച്ച ഏഴ് ന്യായമായ നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ കരാറിലെത്താനുള്ള വാതിലുകൾ തുറന്നിരിക്കുമെന്നും പാർലമെന്റ് സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയതായി ഇറാന്റെ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. അമേരിക്ക വീണ്ടുമൊരു തെറ്റ് വരുത്തിയാൽ യുദ്ധഭൂമിയുടെ ഭൂമിശാസ്ത്രം നിർണയിക്കുന്നത് ഇറാന്റെ ശക്തമായ സായുധസേനയായിരിക്കുമെന്ന് ഗാലിബാഫ് മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് മധ്യപൂർവേഷ്യയിൽ യുദ്ധം ആരംഭിച്ചത്. ആ ആക്രമണത്തിൽ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും മുതിർന്ന സൈനിക കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തുകയും ആഗോള എണ്ണവിതരണത്തിൽ നിർണായകമായ ഹോർമോസ് കടലിടുക്ക് അടച്ചിടുകയും ചെയ്തു.

തുടർന്ന് ജൂൺ 17-ന് ട്രംപും ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന കരാറിൽ ഒപ്പുവെച്ചിരുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവെക്കാനും 60 ദിവസത്തിനകം അന്തിമ കരാറിലെത്താനും ഇതിൽ വ്യവസ്ഥ ചെയ്തിരുന്നുവെങ്കിലും ജൂലായ് എട്ടിന് കരാർ റദ്ദായതായി ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് തൊട്ടടുത്ത ആഴ്ച ഇറാനും കരാർ റദ്ദാക്കി.