വാഷിങ്ടൺ/ ടെഹ്‌റാൻ: ഇടക്കാല വെടിനിർത്തൽക്കരാറിനെ പ്രതിസന്ധിയിലാക്കി യുഎസും ഇറാനും ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടെ തുടർ ചർച്ചകൾ അനിശ്ചിതത്വത്തിലായി. ഇറാൻ ഒരു യോഗത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും നാളെ ദോഹയിൽ ഇത് നടക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എന്നാൽ ഈ ആഴ്ച യുഎസുമായി ദോഹയിൽ ടെക്‌നിക്കൽ വർക്കിങ് ഗ്രൂപ്പുകളുടെ ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഘരിബബാദി പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ടുയർന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് ഇറാൻ ചർച്ചൾക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാളെ ചർച്ച നടത്തുമെന്നുമുള്ള ട്രംപിന്റെ അവകാശവാദം വന്നിരിക്കുന്നത്. ഇതിന് ശേഷം ഇറാന്റെ ഭാഗത്ത് നിന്ന് പ്രതികരണം ലഭ്യമായിട്ടില്ല.
അതേസമയം നിലവിലെ സംഭവ വികാസങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സാങ്കേതിക ചർച്ച ദോഹയിൽ നടക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചരക്കുകപ്പൽ ആക്രമിച്ചതിനുള്ള മറുപടിയെന്നു പറഞ്ഞ് ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, ഡ്രോൺ സംഭരണകേന്ദ്രം, കടൽമൈനുകൾ സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ശനിയാഴ്ച യു.എസ്. ആക്രമിച്ചിരുന്നു. തെക്കൻ ഇറാനിലെ സിറികിൽ സ്‌ഫോടനമുണ്ടായി. പിന്നാലെ യു.എസിന് സൈനിക നടപടിയിലൂടെ ബാക്കി ദൗത്യം പൂർത്തിയാക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പുനൽകി. അതുകഴിഞ്ഞാൻ ഇറാൻ എന്ന രാജ്യം കാണില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ട്രംപിന്റെ ഭീഷണിയുണ്ടായി ഒരുമണിക്കൂറിനകം കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും വ്യോമാക്രമണം നടത്തി. ശേഷം ആക്രമണങ്ങളിൽ നിന്ന് തത്കാലം വിട്ടുനിൽക്കുകയാണെന്ന് ഇരുരാജ്യങ്ങളും അറിയിക്കുകയുണ്ടായി. പിന്നാലെയാണിപ്പോൾ ദോഹയിൽ ചർച്ച നടക്കുമെന്ന വിവരവും പുറത്ത് വരുന്നത്. യുഎസ് പ്രതിനിധി സംഘത്തിൽ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ മാസമാദ്യം ഒപ്പുവെച്ച ധാരണാപത്രം നിലവിലിരിക്കെ, ചൊവ്വാഴ്ചത്തെ ചർച്ചകൾ ആദ്യം സ്വിറ്റ്‌സർലൻഡിൽ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്ന് ദോഹയിലേക്ക് മാറ്റുകയായിരുന്നെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
Content Highlights: US and Iran exchange military strikes amid 2026 diplomatic uncertainty., Donald Trump claims Doha talks are scheduled, while Iran denies formal plans., US confirms delegation including Steve Witkoff and Jared Kushner for potential talks., Ongoing military escalation in Kuwait and Bahrain despite ceasefire attempts.
Published: 29 Jun 2026, 06:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented