ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഈ ആഴ്ച അവസാനത്തോടെ പാകിസ്താനിൽ കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. ചർച്ചകളുടെ കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും തടസ്സപ്പെട്ടുപോയ ചർച്ചകൾകളുടെ തുടർച്ച ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

To advertise here,

ഇസ്ലാബാദിലായിരിക്കും ഇതിനായി വേദിയൊരുങ്ങുക. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഈ കൂടിക്കാഴ്ച. ഇരുപക്ഷവും ചർച്ചാമേശയിലേക്ക് മടങ്ങിവരുന്നത് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും, അമേരിക്ക-ഇറാൻ ബന്ധത്തിലെ മഞ്ഞുരുകലിന് ഈ സന്ദർശനം വഴിയൊരുക്കിയേക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ലോകം. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങൾ ചർച്ചകൾക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് ഇറാനിൽനിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനുമുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചകൾ കാര്യമായ ഒരു പുരോഗതിയും ഇല്ലാതെയാണ് അവസാനിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചതിന് നാല് ദിവസത്തിന് ശേഷം പാകിസ്താന്റെ തലസ്ഥാനത്ത് നടന്ന ഈ കൂടിക്കാഴ്ച, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കൻ-ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും നിർണായകമായ നയതന്ത്ര നീക്കമാണിത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി പ്രതിനിധികളെ വീണ്ടും അയക്കാൻ ഇരു രാജ്യങ്ങളോടും നിർദ്ദേശിച്ചിട്ടുള്ളതായി പാക് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 'ഞങ്ങൾ ഇറാനിലെ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. രണ്ടാമതൊരു വട്ടം ചർച്ചയ്ക്ക് തയ്യാറാണ് എന്ന തരത്തിലുള്ള പ്രതികരണമാണ് അവരിൽനിന്ന് ലഭിച്ചത്', ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, പാകിസ്താൻ പ്രധാനമന്ത്രിയോ സൈനിക മേധാവിയോ വിദേശകാര്യ മന്ത്രാലയമോ ഈ വിവരത്തോട് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസും ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ തവണത്തെ ചർച്ചകൾക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫുമാണ് നേതൃത്വം നൽകിയത്. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുക, ഇറാന്റെ ആണവ പരിപാടി, ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അവർ പ്രധാനമായും ചർച്ചചെയ്തത്.

'വളരെ ലളിതമായ ഒരു നിർദ്ദേശവുമായാണ് ഞങ്ങൾ ഇവിടെനിന്ന് മടങ്ങുന്നത്, ഇത് ഞങ്ങളുടെ അവസാനത്തെയും മികച്ചതുമായ വാഗ്ദാനമാണ്' എന്നാണ് ചർച്ചകൾക്ക് ശേഷം ജെ.ഡി. വാൻസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇറാൻ ഇത് സ്വീകരിക്കുമോ എന്ന കാര്യം കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.