മസ്കറ്റ്: ആണവനിർവ്യാപനക്കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസും ഇറാനും വെള്ളിയാഴ്ച ഒമാനിൽ ചർച്ചനടത്തി. നേരിട്ടല്ലാതെ, മധ്യസ്ഥരായ ഒമാൻ്റെ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി മുഖേനയായിരുന്നു ചർച്ച. ഇത് നല്ല തുടക്കമായിരുന്നെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. 2025-ലെ ഇറാൻ-യു.എസ്. ചർച്ചകൾക്കു വേദിയായ മസ്കറ്റിലെ കൊട്ടാരത്തിലായിരുന്നു ഇത്തവണത്തെ ചർച്ചയും.
ഭാവിയിൽ ആശയവിനിമയം തുടരാനുള്ള വഴിയൊരുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് അരാഗ്‌ചി പറഞ്ഞു. അവിശ്വാസമാണ് സംഭാഷണത്തിൽ പ്രധാന വെല്ലുവിളിയായതെന്നും ഇത് അഭിമുഖീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ ജാരെദ് കഷ്നറും പശ്ചിമേഷ്യൻ കാര്യങ്ങൾക്കുള്ള ദൂതൻ സ്റ്റീവ് വിറ്റ്കോഫുമാണ് യു.എ സ്. പ്രതിനിധിസംഘത്തെ നയിച്ചത്. ഇവരെ കൂടാതെ അസാധാരണനടപടിയായി പശ്ചിമേഷ്യയിലെ യു.എസിൻ്റെ സൈനിക കമാൻഡായ 'സെന്റ്കോമി'ൻ്റെ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറും പങ്കെടുത്തു. മുൻകാലചർച്ചകളിൽ സേനാമേധാവികൾ പങ്കെടുത്തിരുന്നില്ല. ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ യു.എസ്. സൈനിക നടപടിക്കിറങ്ങുമെന്നത് സൂചിപ്പിക്കാനുള്ള സമ്മർദതന്ത്രത്തിന്റെ ഭാഗമായാണ് കൂപ്പറെ പങ്കെടുപ്പിച്ചതെന്നാണ് വിലയിരുത്തൽ.
ചർച്ചയ്ക്ക് സന്നദ്ധമായില്ലെങ്കിലും ആണവക്കരാറിലെത്തിയില്ലെങ്കിലും ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് നിരന്തരം ഭീഷണിമുഴക്കിയിരുന്നു. യുദ്ധഭീതി വർധിപ്പിച്ച് യു.എസിന്റെ കൂറ്റൻ കപ്പൽപ്പട ഇറാൻതീരത്ത് നങ്കൂരമിടുകയും ചെയ്തു. ജനകീയപ്രക്ഷോഭത്തെ ഇറാൻഭരണകൂടം അടിച്ചമർത്തിയതിന്റെ പേരിലും ഇറാനിൽ സൈനികനടപടിക്കിറങ്ങുമെന്ന് യു.എസ്. ഭീഷണിപ്പെടുത്തിയിരുന്നു. 2025 ജൂണിൽ ഇസ്രയേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തിൽ ഇറാനെ ആക്രമിച്ചുകൊണ്ട് യു.എസ്. പങ്കാളിയായതോടെയാണ് ആണവചർച്ച അനിശ്ചിതത്വത്തിലായത്.
ഇറാന്റെ ആണവായുധ അഭിലാഷങ്ങൾക്ക് തടയിടുക ലക്ഷ്യമിട്ട് 2015-ലാണ് ആണവനിർവ്യാപനക്കരാറുണ്ടാക്കിയത്. 2018-ൽ ട്രംപിൻ്റെ ഒന്നാം സർക്കാരിൻ്റെ കാലത്ത് യു.എസ്. അതിൽനിന്ന് ഏകപക്ഷീയമായി പിന്മാറി. നിലവിൽ 60 ശതമാനം പരിശുദ്ധിയിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരണം നടത്തണം
Content Highlights: US and Iran held indirect nuclear talks in Oman, mediated by the Sultanate. Iran`s Foreign Minister described it as a positive beginning, aiming to continue dialogue.
Published: 07 Feb 2026, 03:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented