വാഷിങ്ടൺ: ഇറാനുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യു.എസ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാറക് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം. ഹോർമുസിൽ കടൽമൈനുകൾ വിന്യസിക്കാൻ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി.) റോക്കറ്റുകൾ തയ്യാറാക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് ആക്രമണമെന്ന് യു.എസ്. പ്രതികരിച്ചു. ജൂലായ് അവസാനത്തിനുശേഷം ഇറാനുള്ളിൽ യു.എസ്. നടത്തുന്ന ആദ്യത്തെ പ്രധാന സൈനികാക്രമണമാണിത്.

To advertise here,

ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ ലോഞ്ചറുകൾ തകർത്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവത്തിൽ യു.എസിന് കടുത്ത തിരിച്ചടി നൽകുമെന്ന് ഐ.ആർ.ജി.സി. മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐ.ആർ.ജി.സി.യുമായി ബന്ധപ്പെട്ട തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിന് യു.എസ്. സൈനികമായും സാമ്പത്തികമായും വലിയ വിലനൽകേണ്ടിവരുമെന്നാണ് ഐ.ആർ.ജി.സി.യുടെ പ്രതികരണം.

ഹോർമുസിനെ സുരക്ഷിതമാക്കാനാണ് ഈ നടപടിയെന്നും, കടലിടുക്കിന്റെ സുരക്ഷയുറപ്പാക്കാൻ മേഖലയിൽ സൂക്ഷ്മനിരീക്ഷണം നടത്തുകയാണെന്നും യു.എസ്. അറിയിച്ചു. നേരത്തേ ഹോർമുസിലെ കടൽമൈനുകൾ യു.എസ്. നിർവീര്യമാക്കിയിരുന്നു. പുതിയ മൈനുകൾ സ്ഥാപിക്കാനുള്ള ശ്രമത്തെ നിലവിൽ പരാജയപ്പെടുത്തിയെന്നാണ് യു.എസ്. അറിയിക്കുന്നത്. ഇത്തരം നീക്കങ്ങളോട് സീറോ ടോളറൻസ് നയമായിരിക്കും സ്വീകരിക്കുകയെന്ന് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി.

ഏഴു മാസത്തോളമായി തുടരുന്ന യു.എസ്.-ഇറാൻ സംഘർഷത്തിൽ ഉപരോധങ്ങളിലൂടെ ഇറാനെ സാമ്പത്തികമായി തളർത്താനാണ് യു.എസ്. ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരേ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നെങ്കിലും, ആവശ്യമെങ്കിൽ സൈനികശക്തിതന്നെ തുടർന്നും ഉപയോഗിക്കുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വ്യക്തമാക്കിയിട്ടുണ്ട്. കപ്പലുകൾക്ക് സൈനിക സംരക്ഷണം നൽകി എണ്ണ നീക്കം നടത്തുന്നുണ്ടെന്ന് യു.എസ്. അവകാശപ്പെടുമ്പോഴും, പാത അടച്ചിട്ടിരിക്കുകയാണെന്നാണ് ഇറാൻ അറിയിക്കുന്നത്.