
വാഷിങ്ടൺ: ആക്രമണത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ സമയം ചോദിച്ചതിനുശേഷം തീർത്തും അപ്രതീക്ഷിതമായി രണ്ട് ദിവസം കൊണ്ട് ഇറാനിലെ ആണവ കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിനു പിന്നിലെ കാരണം എന്താവാം. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. വൻ അപകടത്തിലേക്ക് നയിക്കാനിടയുള്ള ആണവആക്രമണത്തിലേക്ക് ഇറാൻ നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ തിരിച്ചടിയെന്നാണ് ഉയരുന്ന ഒരു പ്രധാന വാദം. ഇതിനെ സാധൂകരിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങളും ഇപ്പോൾ പുറത്തുവിന്നിട്ടുണ്ട്.
യുഎസ് കമ്പനിയായ മാക്സർ ടെക്നോളജീസ് കൈമാറിയ ഉപഗ്രഹ ചിത്രങ്ങളിലാണ് ഇറാൻ ആണവയുദ്ധത്തിലേക്ക് നീങ്ങിയതിന്റെ സൂചനകളുള്ളത്. ടെഹ്‌റാന്റെ തെക്ക് പടിഞ്ഞാറ് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഫോർദോയിലെ ഇറാനിയൻ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് അമേരിക്ക ആക്രമിച്ചതിൽ പ്രധാനപ്പെട്ടത്. ജൂൺ 19, 20 തീയതികളിൽ ഫോർദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൽ അസാധാരണ നീക്കങ്ങൾ നടന്നെന്നാണ് ചിത്രങ്ങളെ അടിസ്ഥാനമാക്കി യുഎസ് സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ജൂൺ 19-ന്, 16 ലോറികൾ ഉൾപ്പെടുന്ന ഒരു സംഘം ഫോർദോയിലെ ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള റോഡരികിൽ നിലയുറപ്പിച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. ജൂൺ 20-ലെ തുടർന്നുള്ള ചിത്രങ്ങളിൽ പ്രധാന കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപം കൂടുതൽ ലോറികളും നിരവധി ബുൾഡോസറുകളും ദൃശ്യമാണ്. ജൂൺ 13-ന് ഇസ്രയേൽ ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതു മുതൽ, ഫോർദോ കേന്ദ്രത്തിന്റെ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ വിദഗ്ദ്ധർ എടുക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജൂൺ 19, 20 ദിവസങ്ങളിലെ ചിത്രങ്ങളിൽ മാത്രമാണ് അസാധാരണ നീക്കങ്ങൾ പ്രകടമായത്. ഈ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎസ് ഇറാനെ ആക്രമിക്കുന്നതിലേക്ക് അതിവേഗം നീങ്ങിയതെന്നാണ് സൂചനകൾ.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം പൂർത്തിയാക്കിയെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റിൽ അവകാശപ്പെട്ടത്. ഇറാൻ്റെ ആണവ സമ്പുഷ്ടീകരണശേഷി നശിപ്പിച്ച് ലോകത്തിലെ ഒന്നാം നമ്പർ ഭീകരവാദത്തിന് ധനസഹായം നൽകുന്ന രാജ്യം ഉയർത്തുന്ന ആണവ ഭീഷണിക്ക് അന്ത്യം വരുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇറാനെതിരായ അമേരിക്കൻ ആക്രമണം അതിശയകരമായ സൈനിക വിജയമായിരുന്നു. ഇറാൻ്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണമായും തുടച്ചുമാറ്റപ്പെട്ടു-ട്രംപ് പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങളെ തകർക്കാൻ മാസീവ് ഓർഡനൻസ് പെനട്രേറ്റർ എന്ന ബങ്കർ ബസ്റ്റർ ബോംബുകളാണ് യു.എസ് ഉപയോഗിച്ചത്. ആണവായുധമല്ലാത്ത ഏറ്റവും മാരകമായ ബോംബുകളിലൊന്നാണ് എം.ഒ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ബങ്കർ ബസ്റ്റർ ബോംബുകൾ. ഭൂമിക്കടിയിൽ ആഴത്തിൽ കോൺക്രീറ്റുകളാലും പാറകളാലും സുരക്ഷിതമാക്കിയിട്ടുള്ള കേന്ദ്രങ്ങളെ നശിപ്പിക്കുന്നതിനുപയോഗിക്കുന്ന ബോംബാണ് എം.ഒ.പി. ഇറാനിലെ ഏറ്റവും കരുത്തുറ്റ ആണവ കേന്ദ്രമാണ് ഫൊർദൊയിലേത്. ഫൊർദോയിൽ 12 എം.ഒ.പി ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രം പൂർണമായി തകർക്കുക എന്നത് തന്നെയായിരുന്നു യു.എസ് ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം.
Content Highlights: atellite imagery reveals unusual activity at Iran`s Fordow nuclear facility before US airstrikes.
Published: 22 Jun 2025, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented