കാരക്കാസ്: തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തെ യുദ്ധഭീതിയിലാഴ്ത്തി വെനസ്വേലയെ കടന്നാക്രമിച്ച് അമേരിക്ക. രാജ്യത്ത് കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും യുഎസ് സൈന്യം പിടിച്ചുകൊണ്ടുപോവുക എന്ന അസാധാരണ നീക്കമാണ് യു.എസ് നടത്തിയത്.  വെനസ്വേലയിൽ ‘വലിയതോതിൽ’ ആക്രമണം നടത്തി ഇരുവരെയും പിടികൂടി നാടുകടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. വെനസ്വേലയിൽനിന്നുള്ള ലഹരിസംഘങ്ങൾ യുഎസിലേക്ക് മയക്കുമരുന്ന് കയറ്റിയയക്കുന്നതിന് മഡുറോ ഒത്താശചെയ്യുന്നെന്നാരോപിച്ചാണ് നടപടി. മഡുറോയുടെ ഭരണത്തിനുകീഴിൽ ഒരുപതിറ്റാണ്ടിലേറെയായി അസ്ഥിരമായ വെനസ്വേലയുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യം കൂടുതൽ വഷളാക്കുന്നതാണ് അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് സർക്കാരിന്റെ അപ്രതീക്ഷിതപതനം.

To advertise here,

ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തലസ്ഥാനമായ കാരക്കാസുൾപ്പെടെ വെനസ്വേലയിലെ ഏഴിടങ്ങളിൽ യുഎസ് പോർവിമാനങ്ങൾ ബോംബിട്ടത്. കാരക്കാസിലെ ജെനറലിസ്‌മോ ഫ്രാൻസിസ്‌കോ ഡെ മിരാൻഡ എയർബേസ്, മിരാൻഡ സംസ്ഥാനത്തെ ല ഗൈ്വറ തുറമുഖം, ഹിഗ്വെറോട് വിമാനത്താവളം, കാരക്കാസില പ്രധാന സൈനികത്താവളമായ ഫ്യുർട്ടെ ടിയുണ, ല കർലോട വ്യോമത്താവളം എന്നിവയുടെ പരിസരങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. പിന്നാലെയായിരുന്നു വെനസ്വേലൻ നേതാവിനെ പുറത്താക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേല ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത്യന്തം ഗുരുതരമായ സൈനികാധിനിവേശമാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. ശാന്തരായിരിക്കാനും രാജ്യത്തെ നേതൃത്വത്തിലും സൈന്യത്തിലും വിശ്വസിക്കാനും വെനസ്വേലൻ ജനതയോട് ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ ആഹ്വാനംചെയ്തു. മഡുറോ എവിടെയാണെന്നതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. അദ്ദേഹം ജീവനോടെയുണ്ടെന്നതിന് തെളിവുനൽകാൻ യുഎസിനോട് ആവശ്യപ്പെട്ടു. മഡുറോയുടെ തിരോധാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ, അമേരിക്കൻ ആക്രമണങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ യുഎൻ രക്ഷാസമിതി അടിയന്തരയോഗം വിളിക്കണമെന്നും വെനസ്വേല ആവശ്യപ്പെട്ടു.

മഡുറോയെ തടവിലാക്കിയത് ഡെൽറ്റ ഫോഴ്‌സ്

2013 മുതൽ അധികാരത്തിലുള്ള മഡുറോയെ യുഎസ് സൈന്യത്തിലെ ഡെൽറ്റ ഫോഴ്‌സിന്റെ പ്രത്യേകവിഭാഗമാണ് തടവിലാക്കിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സൈനികനടപടിക്ക് ട്രംപ് ദിവസങ്ങൾക്കുമുൻപ് അനുമതിനൽകിയിരുന്നെന്നാണ് വിവരം. ഏതാനും മാസങ്ങളായി വെനസ്വേലൻ തീരത്തിനടുത്തായി അമേരിക്ക സൈനികസാന്നിധ്യവും വർധിപ്പിച്ചിരുന്നു. ന്യൂയോർക്കിൽ മഡുറോയുടെപേരിൽ മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയുമായ ബന്ധപ്പെട്ട് കുറ്റം ചുമത്തിയതായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു. അമേരിക്കൻ മണ്ണിൽ, അമേരിക്കൻ കോടതികളിൽ തങ്ങളുടെ നീതിന്യായസംവിധാനത്തിന്റെ മുഴുവൻ കാഠിന്യവും അവർ നേരിടുമെന്നും കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ആരോപണം

  • യുഎസിലേക്കുള്ള മയക്കുമരുന്ന് വ്യാപാരത്തിൽ മഡുറോയുൾപ്പെടെയുള്ള വെനസ്വേലൻ അധികാരികൾ പങ്കാളികളാണ്
  • മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരസംഘടനകളെയും ക്രിമിനൽ ഗ്രൂപ്പുകളെയും സഹായിക്കാൻ (നാർക്കോ ടെററിസം) ഉപയോഗിക്കുന്നു
  • placeholder
    Photo: AP

കുറ്റം ചുമത്തലും അറസ്റ്റുവാറന്റും

നാർക്കോ ടെററിസവുമായി ബന്ധപ്പെട്ട് 2020-ൽ മഡുറോയ്ക്കെതിരേ യുഎസ് കുറ്റംചുമത്തി. ഒട്ടേറെത്തവണ അറസ്റ്റുവാറന്റും പുറപ്പെടുവിച്ചു. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ചുകോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. വെനസ്വേലൻ സമുദ്രാതിർത്തിയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും ഉപരോധിച്ചു

വെനസ്വേലൻ എണ്ണയിൽ കണ്ണുനട്ട്

ലോകത്തെ ഏറ്റവും വലിയ എണ്ണസംഭരണികൾ വെനസ്വേലയിലാണ്. ഇതിൽ അമേരിക്കയ്ക്കും ബഹുരാഷ്ട്രകുത്തകകൾക്കും നോട്ടമുണ്ട്. സാമ്പത്തികനിയന്ത്രണങ്ങൾ, നികുതികൾ, ഉപരോധങ്ങൾ എന്നിവ ഏർപ്പെടുത്തി വെനസ്വേലൻ സർക്കാരിനെ നിഷ്പ്രഭമാക്കുന്നതിന് യുഎസ് നിരന്തരം ശ്രമിച്ചു. എണ്ണശേഖരം സ്വന്തമാക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് മഡുറോയും ആരോപിച്ചു.

1999 മുതൽ അമേരിക്കയെ എതിർത്തു

1999 മുതൽ 2013 വരെ അധികാരത്തിലിരുന്ന സോഷ്യലിസ്റ്റ് നേതാവ് ഹ്യൂഗോ ഷാവേസ് അമേരിക്കൻ നയങ്ങളെ നിരന്തരം എതിർത്തയാളാണ്. എണ്ണവിപണിയിലെ അമേരിക്കൻ സ്വാധീനം അദ്ദേഹം ചെറുക്കാൻശ്രമിച്ചു. അന്താരാഷ്ട്ര തലത്തിൽ അമേരിക്കൻ സാമ്രാജ്യവാദത്തിനെതിരേ തുറന്ന നിലപാട് സ്വീകരിച്ചു. ഇതേത്തുടർന്ന് യുഎസും വെനസ്വേലയും എന്നും സംഘർഷത്തിലായിരുന്നു. 2013-ൽ ഷാവേസിന്റെ മരണത്തെത്തുടർന്ന് അധികാരമേറ്റെടുത്ത മഡുറോയും ഇതേ നിലപാട് തുടർന്നു.

“യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെനസ്വേലയ്ക്കെതിരേയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരേയും വൻതോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. യുഎസ് നിയമനിർവഹണ ഏജൻസികളുമായി സഹകരിച്ചായിരുന്നു ദൗത്യം.”

-‍ഡൊണാൾഡ് ട്രംപ്