വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ഏര്‍പ്പെടുത്തിയതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ തിരിച്ചടി. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട്(ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് യുഎസിലെ അപ്പീല്‍ കോടതി വിധിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഫെഡറല്‍ സര്‍ക്യൂട്ടാണ് ഈ വിധി പ്രസ്താവിച്ചത്. തീരുവ ചുമത്തിയതിലൂടെ ട്രംപ് തന്റെ തന്റെ അധികാരം മറികടന്നതായും ഈ തീരുവകള്‍ വ്യാപാര ചര്‍ച്ചകള്‍ക്കായും വിദേശരാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാനും ഉപയോഗിച്ചെന്നും കോടതി കണ്ടെത്തി.
ദേശീയ അടിയന്തരാവസ്ഥയില്‍ പ്രസിഡന്റിന് വിശാലമായ അധികാരങ്ങളുണ്ടെങ്കിലും ആ അധികാരങ്ങളില്‍ തീരുവകള്‍ ചുമത്തുന്നത് ഉള്‍പ്പെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം, വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ട്രംപിന് സമയം നല്കിയതിനാല് നിലവിലെ തീരുവകള്‍ തുടരാന്‍ കോടതി അനുവാദം നല്കി.
അതേസമയം, അപ്പീല്‍കോടതിയുടെ വിധിയെ ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. കോടതിയുടെ വിധി തെറ്റാണെന്നും എല്ലാ തീരുവകളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവകള്‍ ഒഴിവാക്കണമെന്ന് അപ്പീല്‍ കോടതി തെറ്റായി പറഞ്ഞിട്ടുണ്ട്, പക്ഷേ, അവസാനം അമേരിക്ക വിജയിക്കുമെന്ന് അവര്‍ക്കറിയാമെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തീരുവകള്‍ ഒഴിവാക്കിയാല്‍ അത് അമേരിക്കയ്ക്ക് ഒരു ദുരന്തമായി തീരുമെന്നും അമേരിക്കയെ സാമ്പത്തികമായി തളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് വിവിധരാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തെ ബാധിക്കുന്നതാണ് യുഎസിലെ അപ്പീല്‍ കോടതി വിധി. അതേസമയം, സ്റ്റീല്‍, അലുമിനിയം തുടങ്ങിയവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവകള്‍ക്ക് ഈ കോടതി വിധി ബാധകമല്ല. ഇക്കഴിഞ്ഞ മേയില്‍ യുഎസിലെ വ്യാപാര കോടതിയും ട്രംപിന്റെ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരേ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും അവിടെനിന്നും തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇനി നിയമയുദ്ധം സുപ്രീംകോടതിയിലേക്ക് നീളുകയാണ്.
അതേസമയം, ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട്(ഐഇഇപിഎ) ഉപയോഗിച്ച് ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞെങ്കിലും ഇതുകാരണം ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐഇഇപിഎ പ്രകാരം ഏപ്രിലില്‍ ആദ്യഘട്ട പകരച്ചുങ്കം ഏര്‍പ്പെടുത്തിയശേഷം ഇത് കോടതിയില്‍ പരിശോധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മറ്റൊരു നിയമചട്ടക്കൂടിന് കീഴിലാണ് ഇന്ത്യയ്ക്ക് മേലുള്ള തീരുവകള്‍ ചുമത്തിയത്. അതിനാല്‍, ഐഇഇപിഎ പ്രകാരം ചുമത്തിയ പകരച്ചുങ്കം കോടതി റദ്ദാക്കിയാലും ബദല്നിയമങ്ങളിലൂടെ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവകള്‍ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Content Highlights: US appeals court finds Trump`s tariffs imposed under IEEPA unlawful,exceeding presidential authority
Published: 30 Aug 2025, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented