ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ഇറാനിൽ വ്യോമാക്രമണം നടത്തി. നയതന്ത്രചർച്ചകൾക്ക് അവസരമൊരുക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ബോംബാക്രമണം താൽക്കാലികമായി നിർത്തിവെച്ചതിനുശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്.

To advertise here,

പശ്ചിമേഷ്യയിൽ യു.എസ് സൈന്യത്തിനുനേരെ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ ശ്രമത്തിനുള്ള ശക്തമായ മറുപടിയാണ് ഈ വ്യോമാക്രമണങ്ങൾ എന്ന് യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി. രാത്രി എട്ട് മണിക്കാണ് ആക്രമണം ആരംഭിച്ചതെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം ഉണ്ടായത്. ഞങ്ങൾ ശക്തമായി തിരിച്ചടിക്കുമെന്നും അവർക്ക് കനത്ത പ്രഹരമായിരിക്കും ലഭിക്കുകയെന്നും ട്രംപ് പറഞ്ഞിരുന്നു. ‘ഇത് ഞങ്ങളുടെ ഊഴമാണെ’ന്ന് വ്യക്തമാക്കിയ ട്രംപ് ആക്രമണം നടത്തിയ വിവരം ഇറാൻ സമ്മതിച്ചത് വലിയ അബദ്ധമാണെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, ബുധനാഴ്ച രാവിലെ ജോർദാനിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്(സെന്റ്കോം) അറിയിച്ച് മണിക്കൂറുകൾക്കകമായിരുന്നു ഇത്. ജോർദാനിലെ സെന്റ്കോം ആസ്ഥാനവും മുവാഫഖ് സാൽതി വ്യോമതാവളവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് (ഐ.ആർ.ജി.സി.) പ്രസ്താവനയിൽ അറിയിച്ചു.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച പരസ്പരം രൂക്ഷ ആക്രമണം നടത്തിയതിനുശേഷം ഇരുകൂട്ടരും മൂന്നുദിവസം മുൻപാണ് സംഘർഷം അവസാനിപ്പിച്ചത്.