വാഷിംഗ്ടൺ: ഇറാനുമായി ഒരു സൈനിക സംഘർഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനിടെ കൂടുതൽ ബങ്കർ ബസ്റ്റർ ബോംബുകൾ സംഭരിക്കാൻ യുഎസ് വ്യോമസേന. ബോയിങ് കമ്പനിയുമായി ഇക്കാര്യത്തിൽ യുഎസ് വ്യോമസേന കരാർ ഒപ്പിടുകയും ചെയ്തുകഴിഞ്ഞു. 2025 ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ ഉപയോഗിച്ച ബോംബുകളാണ് യുഎസ് സൈന്യം വീണ്ടും വാങ്ങി സംഭരിക്കാനൊരുങ്ങുന്നത്. ഇത് സൈനിക സംഘർഷം ആസന്നമായെന്ന ഭീതിക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രഹരശേഷിയും സവിശേഷതകളും ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായ മാസീവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) അഥവാ ജി.ബി.യു -57 എന്ന ഭീമൻ ബോംബാണ് യുഎസ് വ്യോമസേന വീണ്ടും വാങ്ങുന്നത്. ഇറാന്റെ ഫോർഡോ ആണവ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റിന് നേരെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ച് മുമ്പ് അമേരിക്ക ഇത്തരം ബോംബുകൾ വർഷിച്ചിരുന്നു.
ഏകദേശം 13000 കിസലോഗ്രാമിലധികം ഭാരമുള്ള ഗൈഡഡ് ബോംബാണ് എംഒപി. ഭൂമിക്കടിയിലുള്ള ശത്രു താവളങ്ങൾ തകർക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇവയുടെ കട്ടിയേറിയ സ്റ്റീൽ ആവരണം കാരണം, പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പാറക്കെട്ടുകൾക്കിടയിലൂടെ 200 അടി ആഴത്തിൽ വരെ തുളച്ചു കയറാൻ സാധിക്കും. ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ലബോറട്ടറികളും ബങ്കറുകളും തകർക്കാൻ മറ്റ് ആയുധങ്ങളെക്കാൾ കൃത്യതയും ശേഷിയും ഇവയ്ക്കുണ്ട്.
ഇതൊരു പരമ്പരാഗത ആയുധമാണെങ്കിലും, ഇതിന്റെ സ്ഫോടകവസ്തുക്കളുടെ അളവും (Payload) പ്രഹരശേഷിയും വളരെ വലുതാണ്. തുളച്ചുകയറിയ ശേഷം മാത്രമേ ഇത് സ്ഫോടനം നടത്തുകയുള്ളൂ. സാധാരണയായി യുഎസ് വ്യോമസേനയുടെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളിൽ (B-2 Spirit stealth bombers) നിന്നാണ് ഈ ബോംബുകൾ വർഷിക്കുന്നത്.
ഈ അത്യാധുനിക ആയുധം നിർമ്മിക്കുന്ന ഏക കമ്പനി ബോയിംഗ് ആയതിനാലാണ് മറ്റ് ടെൻഡറുകൾ വിളിക്കാതെ അവർക്ക് തന്നെ കരാർ നൽകിയതെന്ന് വ്യോമസേന വ്യക്തമാക്കി. കരാർ വൈകുന്നത് സേനയുടെ യുദ്ധസജ്ജതയെ ബാധിക്കുമെന്നതിനാലാണ് ഈ നീക്കം. 100 ദശലക്ഷം ഡോളറിലധികം (ഏകദേശം 830 കോടിയിലധികം രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രകാരം, 2028 ജനുവരി മുതൽ ബോംബുകൾ കൈമാറി തുടങ്ങും. അമേരിക്കയുടെ ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡിന്റെ കരുത്ത് വർദ്ധിപ്പിക്കാനും തന്ത്രപ്രധാനമായ യുദ്ധപദ്ധതികൾക്ക് പിന്തുണ നൽകാനും ഈ പുതിയ ശേഖരം അത്യാവശ്യമാണെന്നാണ് യുഎസ് വ്യോമസേന പറയുന്നത്.
സാധാരണ ഗതിയിൽ പരമാവധി 20 ജിബിയു-57 ബോംബുകളാണ് യു.എസ് കരുതലായി സൂക്ഷിച്ചുവയ്ക്കുന്നത് എന്നാണ് പറയാറ്. 2025 ജൂണിൽ ഇറാനിലെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 14 ബോംബുകളാണ് ഉപയോഗിച്ചത്. ആയുധ ശേഖരത്തിലുള്ള കുറവ് പരിഹരിക്കാനാണ് തിടുക്കപ്പെട്ട് കരാർ വരുന്നത്. എന്നാൽ ഇറാനുമായി വീണ്ടും സംഘർഷം ഉണ്ടായേക്കാമെന്ന സാഹചര്യം നിലനിൽക്കെ പുതിയ നീക്കം ഏറെ ശ്രദ്ധേയമാണ്. കൈയിൽ ബാക്കിയുള്ള ബോംബുകൾ ഇറാനെതിരെ യുഎസ് പ്രയോഗിക്കുമോയെന്നാണ് ആശങ്ക ഉയർത്തുന്നത്.
Content Highlights: US Air Force is restocking Massive Ordnance Penetrator (MOP) bombs, known for their deep-penetration capabilities. This move amid rising Iran tensions raises concerns.
Published: 15 Feb 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented